by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന് പിടി ഉഷ എംപി. നേരത്തെയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എംപി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂള്‍ ഭൂമിയില്‍ പഞ്ചായത്തിന്റെ അനുമതിയോട അനധികൃത നിര്‍മാണം നടക്കുകയാണെന്നും ഉഷ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മതില്‍ കെട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. അന്ന് മതില്‍ നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നു. അത് നടന്നില്ല. എന്നാല്‍ ഇന്ന് ആരും അതിന് തയ്യാറായി മുന്നോട്ടുവന്നിട്ടില്ല. സ്കൂളിന്റെ കൈയില്‍ അതിനാവശ്യമായ പണവും ഇല്ലെന്ന് ഉഷ പറഞ്ഞു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. വൈകീട്ടായാല്‍ ഈ പ്രദേശം മയക്കുമരുന്ന് ലോബികള്‍ കയ്യേറും.

പ്രദേശത്ത് ഏതെങ്കിലും വീട്ടില്‍ കല്യാണം നടന്നാല്‍ ആ മാലിന്യം മുഴുവന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളുമെന്നും ഉഷ പറഞ്ഞു. എംപിയായതിന് ശേഷം അതിക്രമം കൂടുതലാണ്. കുറച്ചുമുന്‍പ് ആ റോഡിനടുത്ത് ഒരു ചുവന്ന കൊടി നാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടാണ് അത് മാറ്റിയത്. ഇപ്പോള്‍ ആരാണെന്ന് അറിയില്ല. വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. 25 കുട്ടികളില്‍ 11 പേര്‍ നോര്‍ത്ത് ഇന്ത്യക്കാരാണ്. 12ാം തീയതി സെലക്ഷന്‍ വരാന്‍ പോകുകയുമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആളുകള്‍ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികള്‍ സ്വകരിക്കണം. തനിക്ക് ഒരുപാര്‍ട്ടിയുമായി ബന്ധമില്ലെന്നും പിടി ഉഷ പറഞ്ഞു.

by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വര്‍ക്കല നിയോജകമണ്ഡലത്തില്‍ വിവിധ പ്രവൃത്തികള്‍ക്കായി 2023-24 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 55.31 കോടി രൂപ അനുവദിച്ചതായി അഡ്വ.വി.ജോയി എം.എല്‍.എ അറിയിച്ചു. വര്‍ക്കല നഗരസഭയിലെ വര്‍ക്കല – പുന്നമൂട് – കുരയ്ക്കണ്ണി റോഡിന് 1കോടി രൂപയും ഇടവ ഗ്രാമപഞ്ചായത്തിലെ ഓടയം പള്ളി റോഡിന് 75ലക്ഷം രൂപയും മാന്തറ ക്ഷേത്രം റോഡ് ഓട നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയും ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മുത്താന എല്‍.പി.എസ് റോഡിന് 50ലക്ഷം രൂപയും പാളയംകുന്ന് അരശുവിള കുന്നുംപുറം റോഡിന് 50ലക്ഷം രൂപയും പനയറ ഞെക്കാട് റോഡിന് 1കോടി രൂപയും വെട്ടൂര്‍ഗ്രാമപഞ്ചായത്തിലെ മേല്‍വെട്ടൂര്‍ പി.എച്ച്.സി താഴെവെട്ടൂര്‍ റോഡിന് 1കോടി രൂപയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പടവാരം ഏലാറോഡിന് 25 ലക്ഷം രൂപയും ആറയില്‍ കല്ലുവിള കുറ്റിക്കാട്ട് വിള റോഡിന് 40ലക്ഷം രൂപയും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍ക്കോണം കൈപ്പത്ത്കോണം റോഡിന് 50ലക്ഷം രൂപയും മുളമൂട്ടില്‍ പാറയില്‍ റോഡിന് 25 ലക്ഷം രൂപയും മുക്കുകട കൈപ്പളളി നാഗരുകാവ് മാടന്‍നട റോഡിന് 20 ലക്ഷം രൂപയും ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ പാളയംകുന്ന് കടവിന്‍കര റോഡിന് 1കോടി രൂപയും കായല്‍പ്പുറം ഡബ്ലിയു എല്‍.പി.എസ് സ്കൂള്‍ കെട്ടിടത്തിന് 1കോടി രൂപയും മടവൂര്‍ ഗ്രാമപഞ്ചായത്തിലെ സി.എന്‍.പി എല്‍.പി സ്കൂള്‍ കെട്ടിടത്തിന് 1കോടി രൂപയും ശിവഗിരി തീര്‍ത്ഥാടനത്തിന് 20ലക്ഷം രൂപയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷന്‍ ശ്രീകൃഷ്ണ ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാഡമിക്ക് 10ലക്ഷം രൂപയും പുന്നമൂട് റെയില്‍വേപാലത്തിന് (കിഫ്ബി) 37.16 കോടി രൂപയും വര്‍ക്കല മൈതാനം റിംഗ് റോഡിന് 5 കോടി രൂപയും അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് 2.5 കോടി രൂപയും വര്‍ക്കല രാധാകൃഷ്ണന്‍ സ്മാരകത്തിന് 20ലക്ഷം രൂപയും പളളിക്കല്‍ പകല്‍ക്കുറി കലാഭാരതി ഗുരുചെങ്ങന്നൂര്‍ കഥകളി അക്കാഡമിക്ക് 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.


by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജനുവരി മാസത്തിൽ തൃശൂരിൽ വച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേള -2023 ൽ
വർക്കിംഗ് മോഡലിന് സയൻസ് ഗ്രൂപ്പ് വിഭാഗത്തിൽ കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഫർസാന തസ്നീം, അഞ്ജന.എ.എസ്സ് എന്നിവർക്ക് ഒന്നാം സ്ഥാനവും, സ്റ്റിൽ മോഡലിന് വ്യക്തിഗത വിഭാഗത്തിൽ KRELD സ്പെഷ്യൽ അവാർഡും ദക്ഷിണേന്ത്യയിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ ഫർഹത്ത് തസ്നിം.എഫ്, ടെന്നികൊയ്റ്റ് സ്പോർട്സ് മത്സരത്തിൽ ദേശീയ തലത്തിൽ 2ആം സ്ഥാനം നേടിയ ദിജ.ജെ.അനു എന്നിവരെ ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി. ഗിരികൃഷ്ണൻ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ആദരിച്ചു.


by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മധ്യപ്രദേശില്‍ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ ന്യുമോണിയ മാറാന്‍ മന്ത്രവാദത്തിന് ഇരയാക്കുകയായിരുന്നു. രോഗം മാറുന്നതിനായി കുഞ്ഞിന്റെ വയറ്റില്‍ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് 51 തവണ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണ സംഭവമുണ്ടായത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഷാഡോള്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 15 ദിവസം മുന്‍പാണ് ദാരുണമായ സംഭവമുണ്ടായത്. സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

വനിത ബാല ക്ഷേമ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞതെന്ന് ഷാഡോള്‍ കളക്ടര്‍ പറഞ്ഞു. ന്യുമോണിയ ബാധിച്ച കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.

by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ഭക്ഷ്യസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളു. ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ / രജിസ്‌ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് പരിശോധനവേളയിൽ ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ, അക്ഷയകേന്ദ്രങ്ങൾ വഴി മുൻകൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും. കൂടാതെ ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് പരിശീലനപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ എട്ടരമണിയോടെയാണ് എസ് മണികുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. കൂടിക്കാഴ്ച നാല്‍പ്പത് മിനിറ്റോളം നീണ്ടു. ജഡ്ജിമാര്‍ക്ക് പണം നല്‍കി വിധി സമ്പാദിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന കേസില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഭിഭാഷകനെതിരെ
പൊലീസ് അന്വേഷണം ആരംഭിച്ചത്.
അതേസമയം, ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയെ സമീപിച്ചു. കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസില്‍ പരാതിക്കാര്‍ ഇല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും.
പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ല. അതിനാല്‍ അഴിമതി നിരോധന നിയമം വകുപ്പ് 7 (എ), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ പരാതിക്കാരോ തെളിവുകളോ ഇല്ലെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. ജഡ്ജിമാര്‍ക്ക് നല്‍കാനായി അഭിഭാഷകന്‍ കക്ഷികളില്‍ നിന്ന് വന്‍ തുക വാങ്ങിയെന്ന കേസില്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
Recent Comments