ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്‍

ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം മരിച്ച സംഭവത്തില്‍, വാഹനത്തില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ രണ്ട് കുപ്പികളിലായി പെട്രോള്‍ സൂക്ഷിച്ചിരുന്നു. തിപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം.

എയര്‍ പ്യൂരിഫയറും അപകടത്തിന്റെ ആഘാതം കൂട്ടിയതായാണ് കണ്ടെത്തല്‍.
അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

പാലോട് മരം വീണ് ഒരാൾ മരിച്ചു

പാലോട് മരം വീണ് ഒരാൾ മരിച്ചു

തിരുവനന്തപുരം: പാലോട് മരം വീണ് ഒരാൾ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി ശിവദാസനാണ് (65) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം കട നടത്തുന്ന ശിവദാസൻ പുറത്തേക്കിറങ്ങിയപ്പോഴാണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ശിവദാസനെ പുറത്തെടുത്തത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. കാലപഴക്കമാണ് മരം വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട്ടിൽ സിപിഎമ്മിന്റെ ടൗൺ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയെ   അജ്ഞാതൻ വെട്ടി പരിക്കേൽപ്പിച്ചു

വെഞ്ഞാറമൂട്ടിൽ സിപിഎമ്മിന്റെ ടൗൺ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയെ അജ്ഞാതൻ വെട്ടി പരിക്കേൽപ്പിച്ചു

വെഞ്ഞാറമൂട്ടിൽ സിപിഎമ്മിന്റെ ടൗൺ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ വാമദേവനെ അജ്ഞാതൻ വെട്ടി പരിഹേൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വെഞ്ഞാറമൂട് മാണിക്കോട് സ്വദേശിയായ വാമദേവൻ(63) വീടിന്റെ ഗേറ്റിൽ നിൽക്കുമ്പോൾ ആയിരുന്നു അജ്ഞാതന്റെ ആക്രമണം. ഇരു കൈകൾക്കും വെട്ടേറ്റ വാമദേവന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്. രാത്രിയിൽ വീടിന്റ മുന്നിൽ വേസ്റ്റ് എറിഞ്ഞപ്പോൾ അതുവഴി പോയ ആരുടെയോ ദേഹത്ത് വീണു എന്നും അതിന് ശേഷമാണ് ആക്രമണം നടന്നത് എന്നുമാണ് വാമദേവൻ പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ ഇത് അത്ര വിശ്വസനീയമല്ലെന്ന് പോലീസ് പറഞ്ഞു. വീണ്ടും മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്നും വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.

2023-24ലെ കേരള ബജറ്റ്

2023-24ലെ കേരള ബജറ്റ്

1. 1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

2. റവന്യൂ കമ്മി 23,942 കോടി രൂപ (2.1% of GSDP)

3. ധനകമ്മി 39,662 കോടി രൂപ (3.5% of GSDP)

4. ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയും

5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി

6. കുടുംബശ്രീയ്ക്ക് 260 കോടിരൂപ

7. സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9764 കോടി രൂപ

8. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കും. ഇതിനായി 1436 കോടി രൂപ.

9. കേരളത്തില്‍ ആഭ്യന്തരോല്‍പ്പാദനവും തൊഴില്‍/സംരംഭക/നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കും.

10. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി രൂപ

11. റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി

12. തേങ്ങയുടെ സംഭരണ വില 34 രൂപയായി ഉയര്‍ത്തി

13. കയര്‍ ഉല്‍പ്പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ.

14. കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജ് 30 കോടി

15. കാഷ്യൂ ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടിനായി 43.55 കോടി

16. അതിദാരിദ്ര്യ ലഘൂകരണത്തിന് ഗ്യാപ് ഫണ്ട് 50 കോടി

17. എല്ലാവര്‍ക്കും നേത്രാരോഗ്യത്തിന് നേര്‍കാഴ്ച പദ്ധതി

18. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 50.85 കോടി

19. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 230 കോടി

20. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.

21. ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നംപരിഹരിക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ട്

22. ഇടുക്കി, വയനാട്, കാസര്‍ഗോഡ് വികസന പാക്കേജ് 75 കോടി രൂപ വീതം

23. പുതിയ വൈദ്യുതി സബ്സ്റ്റേഷനുകള്‍, ലൈനുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് 300 കോടി.

24. കൊച്ചി -പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാം ഘട്ടമായി 10000 കോടി രൂപയുടെ നിക്ഷേപം – 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം പേര്‍ക്ക് തൊഴില്‍

25. കെ-ഫോണ്‍ -ന് 100 കോടി രൂപ, സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് 2 കോടി രൂപ

26. കേരള സ്പേസ് പാര്‍ക്കിന് 71.84 കോടി

27. സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.52 കോടി

28. അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളില്‍ ഷിപ്പിംഗ് അടിസ്ഥാന സൗകര്യവികസനത്തിന് – 40.5 കോടി

29. അഴീക്കലില്‍ 3698 കോടി രൂപ ചെലവില്‍ ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ പോര്‍ട്ട്

30. 765.44 കോടി രൂപ ചെലവ് വരുന്ന പുനലൂര്‍ – പൊന്‍കുന്നം റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ഇ.പി.സി മോഡിലേക്ക്.

31. കെ.എസ്.ആര്‍.ടി.സിയ്ക്ക് പ്ലാന്‍ വിഹിതം ഉള്‍പ്പടെ 1031 കോടി നല്‍കും.

32. വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി

33. 10 കോടി രൂപ ചെലവില്‍ കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും.

34. ആര്‍.സി.സിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും.

35. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ അക്കാഡമിക് കോംപ്ലക്സ്

36. യുവകലാകാരന്‍മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് 13 കോടി

37. ജില്ലകളില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് 5.5 കോടി

38. കൊല്ലം പീരങ്കി മൈതാനത്ത് ‘കല്ലുമാല സമര സ്ക്വയര്‍’ സ്ഥാപിക്കുന്നതിന് 5 കോടി രൂപ

39. സംസ്ഥാനത്തെ സിനിമാ തീയറ്ററുകളെ ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കും.

40. പേവിഷത്തിനെതിരെ തദ്ദേശീയ വാക്സിന്‍ വികസിപ്പിക്കും

41. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോടും ചേര്‍ന്ന് നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കും.

42. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.10 കോടി രൂപ

43. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ.

44. പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1250 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് 90 കോടി

45. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ പദ്ധതിക്ക് 6.8 കോടി രൂപ വയോമിത്രം പദ്ധതിയ്ക്ക് 27.5 കോടി.

46. സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയര്‍ ഫ്രീ കേരള പദ്ധതിയ്ക്ക് 9 കോടി രൂപ

47. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി 10 കോടി രൂപ

48. അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ.

49. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസും ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ് വെയറിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറക്കും.

50. സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കെ.എഫ്.സി ബാങ്കുകളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഒരു പദ്ധതിയ്ക്ക് 250 കോടി എന്ന കണക്കില്‍ 2000 കോടി രൂപ കെ.എഫ്.സി വഴി നല്‍കും.

51. വ്യാവസായി ഭൂമി വാങ്ങുന്നതിന് 100% ധനസഹായം കെ.എഫ്.സി വഴി നല്‍കും.

52. മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന ബോട്ട് വാങ്ങുന്നതിന് ബോട്ട് ഒന്നിന് 70 ലക്ഷം രൂപ വരെ 5% വാര്‍ഷിക പലിശ നിരക്കില്‍ കെ.എഫ്.സി വഴി വായ്പ നല്‍കും.

53. മിഷന്‍ 1000 – 1000 സംരംഭങ്ങള്‍ക്ക് 4 വര്‍ഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിന് സ്കെയില്‍ അപ്പ് പാക്കേജ്.

54. തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 2 വര്‍ഷത്തിനുള്ളില്‍ 200 കോടി രൂപ ചെലവഴിക്കും.

55. ലോകത്തെ മികച്ച 200 സര്‍വ്വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണ അസൈന്‍മെന്റുകള്‍ നേടുന്ന 100 ഗവേഷകര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കും.

നികുതി നിര്‍ദ്ദേശങ്ങള്‍

56. മാനനഷ്ടം, സിവില്‍ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആയി നിജപ്പെടുത്തും.

57. പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ദ്ധനവ്.

58. പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വ്വീസ് വാഹനങ്ങളുടെയും നിരക്കില്‍ ചുവടെ പറയും പ്രകാരം വര്‍ദ്ധനവ് വരുത്തുന്നു

a. 5 ലക്ഷം വരെ വിലയുള്ളവ – 1% വര്‍ദ്ധനവ്

b. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2% വര്‍ദ്ധനവ്

c. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ – 1% വര്‍ദ്ധനവ്

d. 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ – 1% വര്‍ദ്ധനവ്

e. 30 ലക്ഷത്തിന് മുകളില്‍ – 1% വര്‍ദ്ധനവ്

59. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹനവിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്. ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കുന്നു.

60. കോണ്‍ട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതിനായി നികുതിയില്‍ 10% കുറവ്

61. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് ചുവടെ പറയും പ്രകാരം വര്‍ദ്ധിപ്പിക്കുന്നു

a. ഇരുചക്രവാഹനം – 100 രൂപ

b. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ – 200 രൂപ

c. മീഡിയം മോട്ടോര്‍ വാഹനം – 300 രൂപ

d. ഹെവി മോട്ടോര്‍ വാഹനം – 500 രൂപ

62. അണ്‍ എയ്ഡഡ് മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്കൂള്‍ ബസ്സുകളുടെ നികുതി സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളുടെ നികുതിയ്ക്ക് തുല്യമാക്കി

63. അബ്കാരി കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി പുതിയ ആംനസ്റ്റി സ്കീം.

64. ഹോര്‍ട്ടി വൈന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ നിര്‍മ്മിത വൈനിന്റെ അതേ നികുതി ഘടനതന്നെ നടപ്പിലാക്കും.

65. ഭൂമിയുടെ ന്യായവില 20% വര്‍ദ്ധിപ്പിക്കും

66. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്ളാറ്റുകള്‍/അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുടെ മുദ്രവില 5%-ല്‍ നിന്നും 7% ആക്കി.

67. സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാക്കി കുറച്ചു.

68. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.

69. മൈനിംഗ് & ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും.

70. സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും.

പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന; ബജറ്റ് പ്രഖ്യാപനം

പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന; ബജറ്റ് പ്രഖ്യാപനം

കൊച്ചി: പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ചുമത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. 750 കോടി രൂപയാണ് ഇതിലുടെ അധികവരുമാനമായി പ്രതീക്ഷിക്കുന്നത്.

അഞ്ഞൂറു രൂപ മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്കു മുകളില്‍ 40 രൂപയാണ് സെസ് പിരിക്കുക. 400 കോടി രൂപ ഇതിലുടെ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് ഏര്‍പ്പെടുത്തുന്നത്. വിവിധ സാമഹൂ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ 6.7ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ 57 ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാരാണ് പൂര്‍ണമായും പെന്‍ഷന്‍ നല്‍കുന്നത്. പ്രതിവര്‍ഷം 11000 കോടി രൂപ ഇതിനായി വേണ്ടിവരുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വീട്ടമ്മയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരത്ത് വീട്ടമ്മയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : സ്കൂളിലെ അടിപിടിക്കേസില്‍ പ്രതി സഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ ശല്യം ചെയ്ത പൊലീസുകാരനെതിരെ നടപടി. വീട്ടമ്മയെ നിരന്തരമായി ഫോണിൽ വിളിച്ച് മോശമായി പെരുമാറിയ എസ് ഐ ക്ക് സസ്പെൻഷൻ. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ എസ് ഐ എന്‍ അശോക് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി. നവംബര്‍ മാസത്തില്‍ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെ സസ്പെന്‍ഡ് ചെയ്തു.

അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു എടച്ചേരിയിലെ മുന്‍ എസ് ഐ ആയിരുന്ന അബ്ദുള്‍ സമദിനെതിരായി എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പൊലീസ് മേധിവിക്ക് നല്‍കിയ പരാതി. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്ന് നിജേഷ് ആരോപിച്ചത്. ഭാര്യയെ കൊണ്ട് ഗാര്‍ഹിക പീഡന പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന് എസ്‌ ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് ആരോപിച്ചിുന്നു. നിജേഷിന്റെ പരാതിയിൽ നേരത്തെ സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നു എന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയുള്ള നടപടി.