കൊച്ചിയിലെ റോഡുകളില്‍ ‘ഓപ്പറേഷന്‍ കോമ്പിങ്’; കുടുങ്ങിയത് 370 പേര്‍

കൊച്ചിയിലെ റോഡുകളില്‍ ‘ഓപ്പറേഷന്‍ കോമ്പിങ്’; കുടുങ്ങിയത് 370 പേര്‍

കൊച്ചി: കൊച്ചിയിലെ റോഡുകളില്‍ ‘ഓപ്പറേഷന്‍ കോമ്പിങ്ങുമായി’ പൊലീസ്. രാത്രി പരിശോധനയില്‍ 370 പേര്‍ കുടുങ്ങി. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ സിറ്റി പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി റോഡുകളിലും. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് ഉള്‍പ്പെടെ ലഹരിയുമായി 26 പേരാണ് കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23 പേരെയാണ് പിടികൂടിയത്. ഇതിന് പുറമേ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് അടക്കമുള്ള ഗതാഗതനിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം

ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം

നാലര മാസം മുൻപ് കന്യാകുമാരിയിൽനിന്നു രാഹുൽ ഗാന്ധിയുടെ  നേതൃത്വത്തിൽ പുറപ്പെട്ട ഭാരത് ജോഡോ യാത്ര നാളെ ശ്രീനഗറിൽ സമാപിക്കും. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തുന്നത്. നാഷനൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർക്കു പിന്നാലെ പിഡിപി മേധാവി മെഹബൂബ മുഫ്തിയും ഇന്നലെ യാത്രയിൽ അണിചേർന്നു. കശ്മീരിലെ 2 പ്രമുഖ പ്രാദേശിക കക്ഷികൾ രാഹുലിനു പരസ്യ പിന്തുണയുമായി രംഗത്തുവന്നത് ഇവിടെ പ്രതിപക്ഷഐക്യം  ദൃഢമാകുന്നതിന്റെ സൂചനയായി. മകൾക്കും അമ്മയ്ക്കുമൊപ്പമാണ് മെഹബൂബ രാവിലെ രാഹുലിനൊപ്പം നടന്നത്. പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കാളിയായി. 

കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് കശ്മീർ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുകയാണ്. നാളെ ശ്രീനഗറിൽ യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണു കോൺഗ്രസിന്റെ ശ്രമമെങ്കിലും അതിലേക്ക് ആസാദിനെ ക്ഷണിച്ചിട്ടില്ല. 23 കക്ഷികളെയാണു ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

അതേസമയം, പ്രബല കക്ഷികളായ തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവ സമ്മേളനത്തിൽ നിന്നു വിട്ടുനിൽക്കുന്നത് ഐക്യ പ്രതിപക്ഷ നീക്കത്തിനു തിരിച്ചടിയാണ്. കേരളമടക്കം സംസ്ഥാനതലങ്ങളിൽ കോൺഗ്രസിനോടുള്ള വിയോജിപ്പാണ് വിട്ടുനിൽക്കാൻ പല കക്ഷികളെയും പ്രേരിപ്പിക്കുന്നത്. തൃണമൂൽ ഒഴികെയുള്ള കക്ഷികളെല്ലാം യാത്രയ്ക്ക് ആശംസകൾ നേർന്നത് രാഹുലിനോട് മുൻപുണ്ടായിരുന്ന എതിർപ്പ് കുറയുന്നതിന്റെ സൂചനയായി കോൺഗ്രസ് കാണുന്നു. 

മോശമായി ദേഹത്ത് സ്പർശിച്ചു; എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി

മോശമായി ദേഹത്ത് സ്പർശിച്ചു; എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി

തിരുവനന്തപുരം : നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി. സാജു ജോസ് (58) ന് എതിരെയാണ് പരാതി. കാറിൽ വച്ച് മോശമായി ദേഹത്ത് സ്പർശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് കേസ്. എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നൽകി. നെടുമങ്ങാട് പൊലീസ്, ജീവനക്കാരിയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം സാജു ജോസ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലത്ത് പൊലീസും ഗുണ്ടകളും തമ്മിലേറ്റുമുട്ടി, വടിവാൾ വീശി ആക്രമികൾ; വെടിയുതിർത്ത് പൊലീസ്

കൊല്ലത്ത് പൊലീസും ഗുണ്ടകളും തമ്മിലേറ്റുമുട്ടി, വടിവാൾ വീശി ആക്രമികൾ; വെടിയുതിർത്ത് പൊലീസ്

കൊല്ലം : കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടി. ഇന്ന് പുലർച്ചെ കൊല്ലം കുണ്ടറയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോടെ വടിവാൾ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു. പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ ആറ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അവശേഷിച്ച പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുകയാണെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ പ്രതികൾ വടിവാൾ വീശുകയും പ്രാണരക്ഷാർത്ഥം വെടിവെച്ചെന്നാണ് പൊലീസ് ഭാഷ്യം.

ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെ കാക്കനാട് നിന്ന് തട്ടികൊണ്ടുപോയി അടൂരില്‍ വച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ അന്വേഷണത്തിനിടെ ഇന്ന് രാവിലെയാണ് സംഭവങ്ങളുണ്ടായത്. ഗുണ്ടാപകയും സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളുമാണ് തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും കാരണമെന്നാണ് പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. അക്രമി സംഘത്തിലെ ഒരാളുടെ കാര്‍ ലിബിൻ വർഗീസ് മറിച്ചു വിറ്റിരുന്നു. ഇതിന്‍റെ പണം നിരവധി തവണ ആവശ്യപെട്ടിട്ടും കിട്ടാത്തതിനാൽ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ഈ പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ലിബിൻ വർഗീസിനൊപ്പം തട്ടിക്കൊണ്ടു പോയ ഭാര്യയെ തൊട്ടടുത്തു തന്നെ സംഘം ഉപേക്ഷിച്ചിരുന്നു.

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം ജനുവരി 29, 30 തീയതികളിൽ

ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.­­

രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് വിവാഹിതനായി

രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് വിവാഹിതനായി

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന്‍ രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്‌റൈനില്‍ താമസമാക്കിയ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ വധൂവരന്മാര്‍ക്ക് ആശംസ നേരാനെത്തി. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്‌റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.