by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്ക് യാത്രക്കാരന്‍ ഇടിച്ചിട്ടു. ഫോര്‍ട്ട് കൊച്ചി എസ്‌ഐ സന്തോഷിന് പരിക്കേറ്റു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചെന്ന വിലയിരുത്തലില്‍ കൊച്ചിയില്‍ പൊലീസ് വ്യാപകമായി പരിശോധന നടത്തി വരികയാണ്. ഓപ്പറേഷന്‍ കോമ്പിങ് എന്ന പേരിട്ടിരിക്കുന്ന പരിശോധനയില്‍ ഇതുവരെ 370 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് ഉള്‍പ്പെടെ ലഹരിയുമായി 26 പേരാണ് കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23 പേരെയാണ് പിടികൂടിയത്. ഇതിന് പുറമേ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് അടക്കമുള്ള ഗതാഗതനിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു)
ആറ്റിങ്ങൽ ഏരിയ പുതിയ ഭാരവാഹികൾ-പ്രസിഡന്റ് ആയി എസ് രാജശേഖരനേയും സെക്രട്ടറിയായി എസ്. ജോയിയെയും തെരഞ്ഞെടുത്തു.

by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: പോളണ്ടില്‍ മറ്റൊരു മലയാളി കൂടി കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ സൂരജ് (23) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ നാലു മലയാളികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ആക്രമണത്തില്‍ സൂരജിന് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ നാലുമലയാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അഞ്ചുമാസം മുന്‍പാണ് ജോലി തേടി സൂരജ് പോളണ്ടില്‍ പോയത്. പോളണ്ടില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു സൂരജ്. കഴിഞ്ഞദിവസം പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയറും സമാനമായ നിലയില്‍ മരിച്ചത്. പുതുശ്ശേരി വൃന്ദാവന്‍ നഗറില്‍ ഇബ്രാഹിമാണ് മരിച്ചത്. ഐഎന്‍ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ഇബ്രാഹിം. ചെന്നൈയിലും ബംഗലൂരുവിലും ജോലി നോക്കിയ ശേഷം പത്ത് മാസം മുന്‍പാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.
by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തുവെന്ന് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു. പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്. കോഴിക്കൂടിന്‍റെ നെറ്റിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും എത്തി. തീരെ സുരക്ഷിതമല്ലാത്ത കൂട്ടിൽ നിന്ന് പുലി ചാടാതിരിക്കാൻ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴേ കാലോടെ പുലി ചത്തത്. പുലിയുടെ ശവശരീരം മണ്ണാർക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റിയതിനു ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ ജനങ്ങളുടെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന വിമർശനവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ രംഗത്തെത്തി. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനം പൂർണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കരുത്. മണ്ണാർക്കാട് ചിലർ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശം നാട്ടുകാർ പാലിക്കണമെന്നും മന്ത്രി പറഞ്ഞു
by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. പറവൂര്‍ മജ്‌ലീസ് ഹോട്ടലില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോര്‍ജ്ജ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം മുൻപാണ് ചികിത്സ കഴിഞ്ഞ് ഇറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് പാർക്കിൻസൺസ് രോഗമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബന്ധുക്കൾ വടക്കേക്കര പൊലീസിൽ പരാതി നൽകി.

by Midhun HP News | Jan 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭുവനേശ്വർ: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പൊലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത് എന്നാണ് വിവരം. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിർത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.

മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിർത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയെ വിദഗ്ധ പരിശോധനക്കായി വലിയ ആശുപത്രിയിലേക്ക് വ്യോമ മാർഗം മാറ്റുമെന്നാണ് ഇവിടെ നിന്നുള്ള വിവരം. സംസ്ഥാനത്ത് ബിജെഡി പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയാണ് നവ ദാസ്. ഇദ്ദേഹത്തിന് വെടിയേറ്റതിൽ പാർട്ടി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. മന്ത്രിക്ക് നേരെ വെടിയുതിർത്ത എഎസ്ഐ ഗോപാൽ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. മന്ത്രിയുടെ തൊട്ടടുത്ത് നിന്ന് തുടർച്ചയായി രണ്ട് തവണ തന്റെ ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് എഎസ്ഐ ഗോപാൽ ദാസ് മന്ത്രിയ്ക്ക് നേരെ വെടിയുതിർത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ ഇതിന്റെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാൽ ദാസിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌നഗർ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
Recent Comments