സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 42,000 കടന്നു കുതിക്കുന്നു. 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,160 രൂപ. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. റെക്കോര്‍ഡ് നിരക്കാണിത്. ഇന്നലെ പവന്‍ വില 80 രൂപ ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

ഇക്കൊല്ലം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത്  പ്രസിഡൻ്റ്

ഇക്കൊല്ലം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ്

ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫതാഹ് അൽ സിസി എത്തും. ഈജിപ്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75 വർഷം ആഘോഷിക്കാനാണ് പ്രസിഡൻ്റിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. വിപുലമായ ആഘോഷപരിപാടികളാണ് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രപ്രധാനമാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസാഫ് സയീദ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആരംഭിച്ചു. അത്ര സുപ്രധാനമാണ് ഈജിപ്തുമായി നമുക്കുള്ള ബന്ധം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഈജിപ്ത് പ്രസിഡൻ്റ് നിറഞ്ഞ മനസോടെ സ്വീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; അച്ഛനും ബന്ധുവും അറസ്റ്റില്‍

ഇടുക്കിയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; അച്ഛനും ബന്ധുവും അറസ്റ്റില്‍

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോൾ ആയിരുന്നു അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധു വീട്ടിൽ സന്ദർശനത്തിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അച്ഛൻ്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

റിപ്പബ്‌ളിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

റിപ്പബ്‌ളിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

റിപ്പബ്‌ളിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ. ജനുവരി 26 ന്ന് പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും.ജനുവരി 26 ന് 40 രൂപയുടെ ടിക്കറ്റിന് 10 രൂപയുടെ ഇളവ് ലഭിക്കും. 50 രൂപ വരുന്ന ടിക്കറ്റിന് 20 രൂപയും 60 രൂപ ടിക്കറ്റുകൾക്ക് 30 രൂപയും ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. കൊച്ചി മെട്രോയിൽ രാവിലെ ആറ് മുതൽ എട്ട് മണിവരെയും, വൈകിട്ട് 9 മുതൽ 11 മണി വരെയുമുള്ള 50 ശതമാനം ഇളവ് തുടരും.

ഭാരത് ജോഡോ യാത്രയിൽ താരമായി രാഹുൽ ഗാന്ധിയുടെ അപരൻ

ഭാരത് ജോഡോ യാത്രയിൽ താരമായി രാഹുൽ ഗാന്ധിയുടെ അപരൻ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ താരമായി ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ. മീരത്ത് ജില്ലയിലെ സംഗത് ഗ്രാമത്തിൽ നിന്നുള്ള ഫൈസൽ ചൗധരി എന്ന യുവാവാണ് രാഹുൽ ഗാന്ധിയുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുന്നത്. രാഹുൽ ഗാന്ധിയെ പോലെ താടി വളർത്തിയും വെള്ള ടീ ഷർട്ട് ധരിച്ചുമാണ് ചൗധരി യാത്രയിൽ പങ്കെടുക്കുന്നത്.

ജനുവരി 5 ന് ബാഗ്പത്തിൽ (യുപി-ഡൽഹി അതിർത്തി) നിന്നാണ് ഫൈസൽ ചൗധരി യാത്രയ്‌ക്കൊപ്പം ചേർന്നത്. പരിസമാപ്തിയിലേക്ക് നടന്നടുക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സെൽഫി എടുക്കുന്ന വ്യക്തിയാണ് ഇപ്പോൾ ചൗധരി. അദ്ദേഹത്തിന്റെ വീഡിയോ ക്ലിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാഹുൽ ഗാന്ധിയെ കാണാനും ഫോട്ടോ എടുക്കാനും കഴിയാത്തവർ തനിക്ക് ഒപ്പം ചിത്രം എടുക്കാറുണ്ട്. അദ്ദേത്തിന് ലഭിക്കുന്ന സ്നേഹത്തിൻ്റെ ഒരു പങ്കാണ് തനിക്ക് കിട്ടുന്നതെന്നും ഫൈസൽ പറയുന്നു. ആളുകൾ രാഹുൽ ജിയെ സ്നേഹിക്കുന്നു, അതുകൊണ്ടാണ് രാഹുൽ ജിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ലഭിക്കാതെ വരുമ്പോൾ ത നിക്കൊപ്പം ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതെന്നും രാഹുൽ ജിയുടെ ലുക്കിൽ ഒരുപോലെയാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ഫൈസൽ കൂട്ടിച്ചേർത്തു.

നഴ്സുമാരുടെ വേതനം പുനപരിശോധിക്കണം; 2018 ലെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

നഴ്സുമാരുടെ വേതനം പുനപരിശോധിക്കണം; 2018 ലെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ രിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പ്രതിദിന വേതനം 1500 രൂപയാക്കുകയെന്നതിന് പുറമെ, കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക, ഇടക്കാലാശ്വാസമായ 50 % ശമ്പള വർധനയെങ്കിലും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷനുണ്ട്. വിഷയത്തിൽ കൊച്ചിയിൽ ലേബർ കമ്മീഷണർ നഴ്സുമാരുടെ സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നായിരുന്നു തൃശ്ശൂരിൽ സൂചനാ പണിമുടക്ക് നടത്തിയത്.