ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയവരുടെ പേരിട്ട് പ്രധാനമന്ത്രി; ചരിത്ര മുഹൂര്‍ത്തം

ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയവരുടെ പേരിട്ട് പ്രധാനമന്ത്രി; ചരിത്ര മുഹൂര്‍ത്തം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില്‍ ആന്‍ഡമാന്‍ നിക്കോബാറിലെ പേരിടാത്ത ദ്വീപുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രേ മോദി പേരിട്ടു. പരംവീര്‍ ചക്ര നേടിയവരുടെ പേരുകളാണ് ഈ ദ്വീപുകള്‍ക്ക് നല്‍കിയത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ദ്വീപില്‍ നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു. രാജ്യത്തിന് ഇത് ചരിത്ര മൂഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ നാടാണ് ആന്‍ഡമാന്‍. സ്വതന്ത്ര ഇന്ത്യയുടെ സര്‍ക്കാര്‍ ആദ്യം രൂപികൃതമായ സ്ഥലമാണിതെന്നും മോദി പറഞ്ഞു. വീര്‍ സവര്‍ക്കര്‍ ഉള്‍പ്പടെ, രാജ്യത്തിന് വേണ്ടി പോരാടിയ നിരവധി പേര്‍ ഇവിടെ തടങ്കലിലാക്കപ്പെട്ടുവെന്നും മോദി പറഞ്ഞു

1947 നവംബര്‍ 3-ന് ശ്രീനഗര്‍ എയര്‍പോര്‍ട്ടിന് സമീപം പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരോട് പോരാടുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ആദ്യത്തെ പരമവീര്‍ ചക്ര അവാര്‍ഡ് ജേതാവായ മേജര്‍ സോമനാഥ് ശര്‍മ്മയുടെ പേരിലാണ് പേരിടാത്ത ഏറ്റവും വലിയ ദ്വീപിന് നല്‍കിയിരിക്കുന്നത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 2021 ല്‍ ജനുവരി 23 പരാക്രം ദിവസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2018 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിച്ച വേളയില്‍ നരേന്ദ്ര മോദി റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; വേഗമേറിയ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് നയപ്രഖ്യാപനം

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; വേഗമേറിയ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് നയപ്രഖ്യാപനം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍. അര്‍ധ അതിവേഗ പദ്ധതി സുരക്ഷിതവും വേഗമേറിയതുമാണ്. പദ്ധതിയുടെ ഡിപിആര്‍ കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ നയപ്രഖ്യാപനത്തില്‍ വിമര്‍ശിക്കുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ നീക്കം നടക്കുന്നുവെന്ന് നയപ്രഖ്യാപനം കുറ്റപ്പെടുത്തി. ഒബിസി സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയതിലും കേന്ദ്രത്തെ വിമര്‍ശിച്ചു. കിഫ്ബിയെ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും നയപ്രഖ്യാപനത്തില്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വായ്പ എടുപ്പിനെ ഇത് ബാധിക്കുന്നുവെന്ന് നയപ്രഖ്യാപനം ചൂണ്ടിക്കാട്ടി.

ഭരണഘടനാ തത്വങ്ങള്‍ ഭീഷണി നേരിടുകയാണ്. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബന്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശക്തമായ രാജ്യത്തിനു ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കാര്‍ഷിക വിപണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനി രൂപവത്കരിക്കും. തോട്ടവിളകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക പരിഗണന.
മത്സ്യബന്ധന മേഖലയെ ആധുനികവല്‍ക്കരിക്കും. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ഉറച്ച നിലപാട്. മുല്ലപ്പെരിയാറിന്റെ നദീതീരങ്ങളെ സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കും.

ഭവനരഹിതര്‍ക്ക് വീടു നല്‍കുന്നതില്‍ ലൈഫ് മിഷന്‍ നേട്ടമുണ്ടാക്കി. കുടുംബശ്രീ മുഖേന സ്ത്രീ ശാക്തീകരണം നടപ്പാക്കി. ശിശുമരണ നിരക്ക് കുറച്ചു. വിദ്യാഭ്യാസമേഖലയില്‍ നൂതന പദ്ധതികള്‍ നടപ്പാക്കി. കൂടുതല്‍ കുട്ടികള്‍ പൊതു വിദ്യാലയത്തിലേക്ക് വന്നു. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുി മാറ്റും. ആദിവാസി ഊരുകളുടെ വികസനത്തിന് മൈക്രോ പ്ലാന്‍ നടപ്പാക്കും. ഓട്ടിസം പാര്‍ക്കുകള്‍ ഒരുക്കും.

ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ബില്ലുകള്‍ ഒപ്പിടാത്തതിനെതിരായ പരോക്ഷ വിമര്‍ശനവും നയപ്രഖ്യാപനത്തിലുൂടെ ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചു. നിയമസഭ ജനങ്ങളുടെ അധികാരവും അഭിപ്രായവും പ്രതിനിധീകരിക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ നിയമമാകുന്നു എന്നുറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

കോടതിയില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിപൊട്ടി ജഡ്ജിക്ക് പരിക്ക്

കോടതിയില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിപൊട്ടി ജഡ്ജിക്ക് പരിക്ക്

ലക്‌നൗ: കോടതിയില്‍ ഗൗണ്‍ ധരിക്കുന്നതിനിടെ അരയില്‍ സൂക്ഷിച്ച തോക്ക് താഴെ വീണ് തനിയെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ജഡ്ജിക്ക് പരിക്ക്. മിര്‍സാപൂര്‍ അഡീഷണല്‍ ജഡ്ജി തലേവര്‍ സിങ്ങിന്റെ തുടയിലേക്കാണു ബുള്ളറ്റ് തുറിച്ചുകയറിയത്. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ബുള്ളറ്റ് പുറത്തെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുപിയിലെ ബുലന്ദ്മഹര്‍ സ്വദേശിയാണ് തലേവര്‍ സിങ്ങ്. ലൈസന്‍സുള്ള തോക്കാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്.

വാട്‌സ്ആപ്പ്: ഗ്രൂപ്പ് അഡ്മിന് ഇനി കാര്യങ്ങള്‍ എളുപ്പം;  ഷോര്‍ട്ട്കട്ടുകളുമായി പുതിയ ഫീച്ചര്‍

വാട്‌സ്ആപ്പ്: ഗ്രൂപ്പ് അഡ്മിന് ഇനി കാര്യങ്ങള്‍ എളുപ്പം; ഷോര്‍ട്ട്കട്ടുകളുമായി പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഗ്രൂപ്പിലെ അംഗങ്ങളുമായി അഡ്മിന്‍മാര്‍ക്ക് എളുപ്പം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്കായാണ് പുതിയ ഫീച്ചര്‍. നിലവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ 1024 അംഗങ്ങളെ വരെ ചേര്‍ക്കാം. ഗ്രൂപ്പ് വിപുലപ്പെടുത്തുന്നതിന് അനുസരിച്ച് ഗ്രൂപ്പ് അഡ്‌മിന്മാർക്ക് അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനാണ് വാട്‌സ്ആപ്പ് പരിഹാരം കണ്ടിരിക്കുന്നത്.

അംഗങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഓരോരുത്തരുമായി പ്രത്യേകമായി ആശയവിനിമയം നടത്താന്‍ കഴിയും എന്നതിനാല്‍ സ്വകാര്യത നിലനിര്‍ത്താന്‍ സാധിക്കും. ആപ്പ് സ്‌റ്റോറില്‍ നിന്ന് വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.

ഗ്രൂപ്പ് പരിപാടിയില്‍ ഫോണ്‍ നമ്പര്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കും എന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഗ്രൂപ്പ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴോ, വിട്ടുപോകുമ്പോഴോ അഡ്മിന്‍മാര്‍ക്ക് എളുപ്പം മനസിലാക്കി അവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കും.

ഫോണ്‍ നമ്പര്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്ത് പിടിച്ചാല്‍ അംഗങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുംവിധമാണ് സംവിധാനം.വേഗത്തില്‍ അംഗങ്ങളെ വിളിക്കാനും ചാറ്റ് ചെയ്യാനും കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓരോരുത്തരുമായി പ്രത്യേകമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നത് കൊണ്ട് സ്വകാര്യതയ്ക്ക് യാതൊരുവിധ തടസവും സംഭവിക്കില്ല.

സാങ്കേതിക തകരാര്‍; തിരുവനന്തപുരം-മസ്‌കറ്റ് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

സാങ്കേതിക തകരാര്‍; തിരുവനന്തപുരം-മസ്‌കറ്റ് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. രാവിലെ എട്ടരയ്ക്ക് മസ്‌കറ്റിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. തകരാര്‍ പരിശോധിക്കുകയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു. കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാല്‍ ഇടിഞ്ഞുവീണത്. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ – കൂത്താട്ടുകുളം ലിങ്ക് റോഡില്‍ പണ്ടപ്പിള്ളി – ആരക്കുന്നത്തിനു സമീപമാണ് അപകടം ഉണ്ടായത്.

കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് വന്‍തോതില്‍ മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. സമീപത്തെ വീട്ടുമുറ്റത്തേക്കും വെള്ളവും ചെളിയും ഇരച്ചെത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ചെളിയും വെള്ളവും നീക്കിയതിനെത്തുടര്‍ന്നാണ് ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചത്.

നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കനാല്‍ ഇടിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തെത്തുടര്‍ന്ന് ഈ ഭാഗത്തേക്ക് വെള്ളം കടത്തിവിടുന്നത് നിര്‍ത്തി വെച്ചു.