കാക്കനാട്ടെ സ്കൂളിലെ 19 കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

കാക്കനാട്ടെ സ്കൂളിലെ 19 കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാ‍ർഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് സ്കൂളിലെ പ്രൈമറി ക്ലാസുകൾ മൂന്നുദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛർദിയും വയറിളക്കവും അടക്കമുളള ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളിൽ കണ്ടത്. ഇവരിൽ ചിലരുടെ മാതാപിതാക്കളിലും സമാന ലക്ഷണങ്ങൾ കണ്ടിരുന്നു. സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് എന്ന് കണ്ടെത്തിയത്.

അരി കിട്ടിയില്ല, വീട് തകർത്ത് അരിശം തീർത്ത് അരിക്കൊമ്പൻ

അരി കിട്ടിയില്ല, വീട് തകർത്ത് അരിശം തീർത്ത് അരിക്കൊമ്പൻ

ഇടുക്കി: അരിക്കൊമ്പൻ എന്നു വിളിക്കുന്ന കാട്ടാനയുടെ പരാക്രമത്തിൽ നട്ടം തിരിഞ്ഞ് പൂപ്പാറ നിവാസികൾ. കഴിഞ്ഞ ദിവസം ആനയിറങ്കലിനു സമീപം ശങ്കരപാണ്ഡ്യമെട്ടിൽ 2 വീടുകൾ കാട്ടുകൊമ്പൻ തകർത്തു. വിജയൻ, മുരുകൻ എന്നിവരുടെ വീടുകളാണ് പുലർച്ചെ നാലിന് തകർത്തത്. കുടുംബാംഗങ്ങൾ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിലേയ്ക്ക് പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
രണ്ടാഴ്ച മുൻപ് മുരുകന്റെ വീടിനുനേരെ അരിക്കൊമ്പൻ ആക്രമണം നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷണവസ്തുക്കൾ അകത്താക്കിയ ശേഷമാണ് അന്ന് ഒറ്റയാൻ മടങ്ങിയത്. ഇന്നലത്തെ ആക്രമണത്തിൽ മുരുകന്റെ വീട് പൂർണമായി തകർന്നു. ശനി പുലർച്ചെ അരിക്കൊമ്പൻ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് 2 ചാക്ക് അരിയെടുത്തു തിന്നിരുന്നു.

അരിപ്രിയനായ ആന റേഷൻ കടകളിൽ നിന്നും വീടുകളിൽ നിന്നും അരി തിന്നുന്നത് പതിവാണ്. അതിനാലാണ് അരിക്കൊമ്പൻ എന്ന പേരു വീണത്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി അറുപതോളം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പൻ തകർത്തിട്ടുള്ളത്. കൂടാതെ പത്ത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അപകടകാരിയായ ഈ കാട്ടാനയെ മയക്കുവെടി വച്ചു പിടിച്ച് ആനത്താവളത്തിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു വനം മന്ത്രിക്കും ചീഫ് വൈൽഡ്‌ലൈഫ് വാർഡനും കത്തു നൽകിയിട്ടുണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കുണ്ടറയിലെത്തിയ പെണ്‍കുട്ടിയെ, പ്രതികള്‍ കാറില്‍ പാലോടുള്ള വീട്ടിലെത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

കേസിലെ മുഖ്യപ്രതിയായ ജസീര്‍ കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ കൊലപാതകം പിടിച്ചുപറി അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. പാലോടുള്ള വീട് പ്രതികള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ റീലിട്ടു; പിന്നാലെ കോളജ് വിദ്യാര്‍ത്ഥിനി മൂന്നു നില കെട്ടിടത്തില്‍ നിന്നും ചാടി

ഇന്‍സ്റ്റഗ്രാമില്‍ റീലിട്ടു; പിന്നാലെ കോളജ് വിദ്യാര്‍ത്ഥിനി മൂന്നു നില കെട്ടിടത്തില്‍ നിന്നും ചാടി

കല്‍പ്പറ്റ: വയനാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് മുട്ടില്‍ ഡബ്ല്യഎംഒ കോളേജ് വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ സൂചന നല്‍കുന്ന റീല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടിയത്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ പിടികൂടി; വാളയാറില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ വാഹനപരിശോധനയില്‍ പിടികൂടി. വാളയാര്‍ ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ നിന്നാണ് വലിയ തുക കണ്ടെടുത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹന്‍ കൃഷ്ണ ഗുപ്ത, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്.

സ്വര്‍ണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. കൂടാതെ ഒരു മാസത്തിനിടെ ഇത്തരത്തില്‍ നാലുതവണ പണം കൊണ്ടുവന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കുഴല്‍പ്പണക്കടത്താണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവരുടെ കൈവശം പണത്തിന്റെ രേഖകള്‍ ഒന്നുമില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

20 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച 35 കാരൻ അറസ്റ്റിൽ

20 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച 35 കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ മുംബൈയിൽ 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 35 കാരൻ പീഡിപ്പിച്ചു. അയൽവാസിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതിയും ഇരയും ഒരേ പ്രദേശവാസികളാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. പെൺകുഞ്ഞിനെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

വീട്ടിലെത്തിയ ശേഷം കുട്ടി നിർത്താതെ കരയുന്നത് കണ്ട് മാതാവ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ ബലാത്സംഗത്തിനിരയായെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. അമ്മയുടെ പരാതിയിൽ വർളി പൊലീസ് പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.