വർക്കലയിൽ കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ  യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു

വർക്കലയിൽ കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു

വർക്കലയിൽ കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല രാമന്തളി സ്വദേശി അങ്കുടു എന്ന് വിളിക്കുന്ന ബൈജുവിനെയാണ് വർക്കല പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ഇക്കഴിഞ്ഞ 2022 ജൂലായ് 28 ന് തിരുവനന്തപുരം റെയിഞ്ച് ഐ ജി ,ആർ നിശാന്തിനി ഐ പി എസിന്റെ നിർദ്ദേശപ്രകാരം കാപ്പ ചുമത്തിയിരുന്നു.

ഉത്തരവ് പ്രകാരം 6 മാസത്തെ കാലാവധിയിൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്നിരിക്കെയാണ്, കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ഇന്ന് വെളുപ്പിന് 3.30 മണിയോടെ ഇയാളെ വർക്കല ചിലക്കൂർ ഭാഗത്ത്‌ കാണപ്പെടുകയും പോലീസ് പിടികൂടുകയും ചെയ്തത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ കോടതി വാറന്റ് പുറപ്പെടുവിച്ച പ്രതി കൂടിയാണ് പിടിയിലായ ബൈജു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ജി. തുളസീധരൻ പിള്ള, എസ്.ഷീജ എസ്.ഗിരിജ, പി.ഉണ്ണികൃഷ്ണൻ, ഷീല എ.എസ്, ഇ. വിജയകുമാരൻ നമ്പൂതിരി, എസ്. വേണുഗോപാൽ, മൂഴിയിൽ സുരേഷ്, സി. അഞ്ജു, മധു .ജി.ആർ, പുലരി ആർ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ്റെ അക്രമം

കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ്റെ അക്രമം

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ്റെ അക്രമം, നിരവധി യാത്രികർക്ക് മർദ്ദനം ഏറ്റു, ബസിൻ്റെ ചില്ല് അടിച്ചു തകർത്തു. വെള്ളിയാഴ്ച ഉച്ചയോടെ ആണ് സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ആർ.എൻ.ഇ 895 നമ്പർ ബസിൽ കണിയാപുരത്ത് നിന്നും കയറിയ യാത്രക്കാരൻ ആണ് അക്രമാസക്തം ആയത്. ബസിൽ ബഹളം ഉണ്ടാക്കുകയും മറ്റുള്ളവരെ ശല്യം ചെയ്യുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത രണ്ടു യാത്രക്കാരെയും ഇദ്ദേഹം മർദ്ദിച്ചു. ആറ്റിങ്ങൽ സ്റ്റാൻഡിൽ എത്തിയപ്പോൾ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരൻ റോഡരുകിൽ കിടന്ന പാറ കഷ്ണം എടുത്ത് ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും എറിഞ്ഞു തകർത്തു.

യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇദേഹത്തെ പിടികൂടുകയും സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ വച്ച് ഇദ്ദേഹം അക്രമാസക്തനാവുകയും ജീവനക്കാരെ ആമിക്കുകയും ചെയ്തു. ഡിപ്പോയിലെത്തി ആറ്റിങ്ങൽ പോലീസ് ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജീവനക്കാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ചോദ്യങ്ങളോട് ഇയാള് പ്രതികരിക്കുന്നില്ല. മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തി ആണെന്ന് പോലീസ് സംശയിക്കുന്നു.

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് രണ്ടുവയസുകാരന് ദാരുണാന്ത്യം

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് രണ്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂള്‍ ബസ് തട്ടി തിരുവനന്തപുരം പെരുങ്കടവിളയില്‍ രണ്ടുവയസുകാരന്‍ മരിച്ചു. സഹോദരന്‍ വന്ന ബസിനടിയിലേക്ക് കുട്ടി ഓടിക്കയറുകയായിരുന്നു. കുറ്റിയാണിക്കാട് അനീഷിന്റെ മകന്‍ വിഗ്നേഷ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്‍റെ ലൈസന്‍സ് റദ്ദാക്കി

വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്‍റെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ  ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിദ്യാർത്ഥിയോട് കോളേജ് സ്റ്റാഫ് കൗൺസിൽ വിശദീകരണം തേടിയിരുന്നു. തൻ്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്.

കോളേജ് യൂണിയൻ പരിപാടിയിൽ അതിഥിയായിട്ടാണ് നടി അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവർ അഭിനയിക്കുന്ന തങ്കം സിനിമയുടെ പ്രമോഷൻ്റെ കൂടി ഭാ​ഗമായിട്ടായിരുന്നു സന്ദർശനം. ലോ കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി വേദിയിൽ പുരോ​ഗമിക്കുന്നതിനിടെയാണ് പൂവുമായി വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂ സ്വീകരിച്ച അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു അപർണയെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപർണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ താരം ഒഴി‍ഞ്ഞു മാറുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എസ്എഫ്ഐ നയിക്കുന്ന കോളേജ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയിരുന്നു.