പാർസൽ ഭക്ഷണം; തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം, ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.

ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

മകനെ എംഡിഎംഎയുമായി പിടികൂടി; അമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മകനെ എംഡിഎംഎയുമായി പിടികൂടി; അമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ തൂങ്ങിമരിച്ച നിലയില്‍. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

കോളജ് വിദ്യാര്‍ഥിയായ ഷൈന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം എക്‌സൈസ് സംഘം വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഷൈനിന്റെ കൈയില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം ഷൈനിനെ റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ഷൈനിന്റെ മാതാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ലഹരിക്കേസില്‍ പിടിയിലായതിന്റെ മനോവിഷമത്തില്‍ ഗ്രേസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ജമ്മുവില്‍ ഇരട്ട സ്‌ഫോടനം, ആറു പേര്‍ക്കു പരിക്ക്

ജമ്മുവില്‍ ഇരട്ട സ്‌ഫോടനം, ആറു പേര്‍ക്കു പരിക്ക്

ജമ്മുവില്‍ ഇരട്ട സ്‌ഫോടനത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ജമ്മു സിറ്റിയില്‍ നവാല്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

പരിക്കു ഗുരുതരമാണോയെന്നു വ്യക്തമല്ല. പ്രദേശം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്.

ഭീകരാക്രമണമാണ് നടന്നത് എന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.

മുഹമ്മദ് സിറാജിന്റെ പുതിയമുഖം! ലോകകപ്പ് അടുത്തിരിക്കെ ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനം

മുഹമ്മദ് സിറാജിന്റെ പുതിയമുഖം! ലോകകപ്പ് അടുത്തിരിക്കെ ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനം

റായ്പൂര്‍: ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ പുതിയ മുഖമാവുകയാണ് മുഹമ്മദ് സിറാജ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന സിറാജ് ടീമിന് മുതല്‍ക്കൂട്ടാണെന്ന് നായകന്‍ രോഹിത് ശര്‍മയും പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ ശരാശരി പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ താരമല്ല ഇപ്പോള്‍ മുഹമ്മദ് സിറാജ്. പവര്‍പ്ലേയിലും മധ്യഓവറുകളിലും ഒരുപോലെ വിക്കറ്റ് വീഴ്ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ വിശ്വസ്ത പേസര്‍.

അവസാന പത്ത് കളിയില്‍ മൂന്ന് ഫോര്‍മാറ്റിലും കൂടി നേടിയത് 29 വിക്കറ്റ്. ശ്രീലയ്‌ക്കെതിരെ മൂന്ന് ഏകദിനത്തില്‍ നേടിയത് ഒന്‍പത് വിക്കറ്റ്. ഇതില്‍ കാര്യവട്ടത്തെ നാല് വിക്കറ്റ് നേട്ടവുമുണ്ട്. സ്വന്തംനാട്ടുകാര്‍ക്ക് മുന്നില്‍ ന്യുസീലന്‍ഡിനെതിരെ പന്തെറിഞ്ഞപ്പോഴും സിറാജ് നിരാശപ്പെടുത്തിയില്ല. 46 റണ്‍സിന് നാല് വിക്കറ്റ്. ലോകകപ്പ് വര്‍ഷത്തില്‍ സിറാജിന്റെ ബൗളിംഗ് മികവ് ഇന്ത്യക്ക് ആശ്വാസവും പ്രതീക്ഷയുമാണ്. രണ്ടുവര്‍ഷത്തിനിടെ ലൈനിലും ലെംഗ്തിലും കൃത്യത കണ്ടെത്തിയ സിറാജ് ഏറെമുന്നോട്ട് പോയെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പറയുന്നു.

അടുത്തിടെ മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും സിറാജിന്റെ തിരിച്ചുവരവിനെ പ്രകീര്‍ത്തിച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സിറാജ് ഒരുപാട് പുരോഗതി കൈവരിച്ചുവെന്നാണ് ജാഫര്‍ പറഞ്ഞത്. ജാഫറിന്റെ വാക്കുകള്‍… ”മുഹമ്മദ് സിറാജ് ടെസ്റ്റില്‍ എത്രത്തോളം മികച്ചവനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുവന്ന പന്തില്‍ അദ്ദേഹത്തിന്റെ പ്രകടനം നമ്മള്‍ കാണുന്നതാണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം നടത്തിയ പുരോഗതി കയ്യടിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തിനിടെ അമ്പരപ്പിക്കുന്ന മാറ്റമാണ് അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നടത്തിയത്. സിറാജ് പന്തെറിയുമ്പോള്‍ ജസ്പ്രിത് ബുമ്രയുടെ അഭാവം അറിയുന്നത് പോലുമില്ല. ബുമ്ര ഇല്ലാതിരിക്കുമ്പോള്‍ സിറാജ് ഫലം കൊണ്ടുവരുന്നുണ്ടെന്ന് അറിയാനും കഴിയുന്നുണ്ട്. ബാറ്റര്‍ക്കെതിരെ കാണിക്കുന്ന ആക്രമണോത്സുകതയാണ് എടുത്തുപറയേണ്ടത്. പുതിയ പന്തില്‍ ബാറ്ററുടെ വിക്കറ്റെടുക്കുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിപ്പിക്കാന്‍ സിറാജിന് സാധിക്കുന്നു. അസാധ്യ കഴിവാണ് അവന്.” വസിം ജാഫര്‍ പറഞ്ഞുനിര്‍ത്തി.

അടുത്തിടെ പുറത്തുവന്ന ഏകദിന റാങ്കിംഗില്‍ സിറാജ് മൂന്നാമതെത്തിയിരുന്നു. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജ് മൂന്നാമതെത്തിയത്. 685 റേറ്റിംഗ് പോയിന്റാണ് സിറാജിനുള്ളത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ താരത്തിന് ഒന്നാമതെത്താം. ഇരുപത്തിയെട്ടുകാരനായ സിറാജ് 15 ടെസ്റ്റില്‍ 46 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 20 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 37 വിക്കറ്റും എട്ട് ടി20യില്‍ 11 വിക്കറ്റും നേടി.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,800 രൂപയായി

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5225 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4325 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കിളിമാനൂർ സ്വദേശിയ്ക്ക് അനുമോദനം നൽകി മോർണിംഗ് ബേർഡ്സ്

കിളിമാനൂർ സ്വദേശിയ്ക്ക് അനുമോദനം നൽകി മോർണിംഗ് ബേർഡ്സ്

കിളിമാനൂർ: ആലപ്പുഴ തൊട്ടപ്പള്ളിയിൽ കായലിൽ ചാടിയ പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ കിളിമാനൂർ സ്വദേശി വിഷ്ണുവിനെ കിളിമാനൂരിലെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ മോർണിംഗ് ബേർഡ്സ് ആദരിച്ചു. കിളിമാനൂർ ആർ ആർ വി ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക വിഷ്ണുവിന് ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ്‌ വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ സന്തോഷ്‌ സ്വാഗതം പറഞ്ഞു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി ആർ മനോജ്‌, വാർഡ് മെമ്പർ ‘മോഹൻകുമാർ, അഡ്വ. ശ്രീകുമാർ, സ്കൂൾ പി ടി എ പ്രസിഡന്റ്‌ അനൂപ് ജി. നായർ. ഹെഡ് മാസ്റ്റർ വേണു, ജി. പോറ്റി, ബിജു എന്നിവർ സംസാരിച്ചു.