ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു: 21 പേര്‍ക്ക് പരിക്ക്

ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു: 21 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടേയും നില ഗുരുതരമല്ല. അൻപത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങിൽ തട്ടി നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കേരളത്തിൽ സന്ദര്‍ശനത്തിന് എത്തിയ മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. തേക്കടിയിൽ നിന്നും കൊടിക്കുത്തിമലയിലേക്ക് പോകുകയായിരുന്നു ഇവര്‍.

കടയുടമയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ രണ്ട് മലയാളികൾ അറസ്റ്റിൽ

കടയുടമയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ രണ്ട് മലയാളികൾ അറസ്റ്റിൽ

കടയുടമയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ രണ്ട് മലയാളികൾ അറസ്റ്റിൽ. നാഗർകോവിലിലാണ് സംഭവം. ചെമ്മൻകാല സ്വദേശി ഗണേശന്റെ ഭാര്യ ക്രിസ്റ്റിനയുടെ (53) മാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട, ആനപ്പാറ സ്വദേശി രാജുവിന്റെ ഭാര്യ ശാന്തകുമാരി (40), പള്ളിച്ചൽ നരിവാമൂട് സ്വദേശി രാജേന്ദ്രന്റെ മകൻ സതീഷ് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 10 ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി കടയിൽ എത്തിയ ഇരുവരും 1 കിലോ പഴം ആവശ്യപ്പെടുകയായിരുന്നു. പഴം എടുക്കുന്ന സമയം ശാന്തകുമാരി ക്രിസ്റ്റിനയുടെ കഴുത്തിൽ കിടന്നിരുന്ന ആറര പവന്റെ മാല പൊട്ടിച്ചു. ഇതിന് ശേഷം ഇരുവരും ഓടി ക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈയിൽ നിന്ന് ആറര പവന്റെ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സുരക്ഷ ക്യാമറ വയ്ക്കുന്നത് അയൽവാസിയെ നിരീക്ഷിക്കാനാകരുത്;  സിസിടിവി കാമറ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം വേണമെന്നു ഹൈക്കോടതി

സുരക്ഷ ക്യാമറ വയ്ക്കുന്നത് അയൽവാസിയെ നിരീക്ഷിക്കാനാകരുത്; സിസിടിവി കാമറ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം വേണമെന്നു ഹൈക്കോടതി

കൊച്ചി: സുരക്ഷ ക്യാമറ വെക്കേണ്ടത് സ്വന്തം വീടിന്റെ സുരക്ഷ നിരീക്ഷിക്കാനായിരിക്കണം അല്ലാതെ അയൽവാസിയെ നിരീക്ഷക്കാനാവരുതെന്ന് ഹൈക്കോടതി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന തരത്തിൽ അയൽവാസിയായ രാജു ആന്റണി ക്യാമറകൾ സ്ഥാപിച്ചെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചേരാനെല്ലൂർ സ്വദേശിനി ആഗ്‌നസ് മിഷേൽ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.|

സുരക്ഷയ്ക്ക് വേണ്ടി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പൊലീസ് മേധാവി ഉചിതമായ മാർഗനിർദേശം കൊണ്ടുവരണമെന്നും അയൽവാസിയെ നിരീക്ഷിക്കുന്നത്അ നുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പരാതിയിൽ പറയുന്ന അയൽവാസിയായ രാജു ആന്റണി, ചേരാനെല്ലൂർ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് നോട്ടിസ് അയക്കാനും കോടതി ഉത്തരവിൽ നിർദേശിച്ചു. ജസ്റ്റിസ് വി അരുൺകുമാറിന്റേതാണ് ഉത്തരവ്. ഡിജിപിയെ സ്വമേധയ കക്ഷി ചേർത്ത കോടതി ഹർജിയുടെ പകർപ്പ് അദ്ദേഹത്തിന് അയക്കണമെന്നും കോടതി പ്രകടിപ്പിച്ച ഉത്കണ്ഠ അറിയിക്കണമെന്നും വ്യക്തമാക്കി. ഹർജി ഒരു മാസത്തിനകം പരി​ഗണിക്കും.

വാട്‌സ്ആപ്പില്‍ ഇനി ഒറിജിനല്‍ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാം; പുതിയ ഫീച്ചര്‍

വാട്‌സ്ആപ്പില്‍ ഇനി ഒറിജിനല്‍ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാം; പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഒറിജിനല്‍ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്നവിധമുള്ള ഫീച്ചര്‍ ഡ്രോയിങ് ടൂള്‍ ഹെഡറില്‍ പുതിയ ഐക്കണ്‍ ആയി അവതരിപ്പിക്കാനാണ് ആലോചന. ഉപയോക്താവിന് ചിത്രത്തിന്റെ ക്വാളിറ്റി കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.

ഇത് അവതരിപ്പിക്കുന്നതോടെ, ചിത്രങ്ങളുടെ ക്വാളിറ്റിയില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഒറിജിനല്‍ ക്വാളിറ്റിയില്‍ തന്നെ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്നത് വഴി മറ്റു സംവിധാനങ്ങള്‍ അന്വേഷിച്ച് ഉപയോക്താവിന് നടക്കേണ്ടി വരില്ല. പുതിയ അപ്‌ഡേറ്റായി പൂര്‍ണ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാന്‍ ഉപയോക്താവിന് സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാൻ  വിജ്ഞാപനമായി, കെഎസ്ആര്‍ടിസിക്കും ബാധകം

15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാൻ വിജ്ഞാപനമായി, കെഎസ്ആര്‍ടിസിക്കും ബാധകം

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാരിന്റെ എല്ലാ വാഹനങ്ങളും ആക്രിവിലയ്ക്ക് വില്‍ക്കും. 15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരത്തില്‍ ഇറങ്ങാന്‍ പാടില്ല. ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ പഴക്കമുള്ള കെഎസ്ആര്‍ടിസി വാഹനങ്ങളും നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകും.

വായുമലിനീകരണം കുറച്ച് വാഹനഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഏപ്രില്‍ ഒന്നുമുതല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തില്‍ ഓടാന്‍ പാടില്ല. ഇവ പൊളിക്കല്‍ കേന്ദ്രത്തിന് കൈമാറി എന്ന് ഉറപ്പാക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. 2021 ലെ മോട്ടോര്‍ വാഹന ചട്ടം അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കേണ്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ പൊതുഗതാഗത രംഗത്ത് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ഏപ്രില്‍ ഒന്നുമുതല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള കെഎസ്ആര്‍ടിസി ബസുകളും നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകും.

2021-22 ബജറ്റിലാണ് പൊളിക്കല്‍ നയം അവതരിപ്പിച്ചത്. ഇതനുസരിച്ച് 20 വര്‍ഷം കഴിഞ്ഞാല്‍ സ്വകാര്യ വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാകണം. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. പഴയ വാഹനം പൊളിക്കാന്‍ കൊടുത്ത ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് റോഡ് നികുതിയില്‍ 25 ശതമാനം റിബേറ്റ് അനുവദിക്കണമെന്നും പുതിയ നയത്തില്‍ പറയുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: ആറു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: ആറു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

പ്രതികളെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, പിഎസ് ജയപ്രകാശ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

വ്യാജമായ കേസില്‍ പ്രമുഖ ശാസ്ത്രജ്ഞരെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കേസ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ വാദിച്ചു. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്കു പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

പ്രതികള്‍ക്കു നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും സിബിഐ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ച് സുപ്രിം കോടതി കേസ് ഹൈക്കോടതിയിലേക്കു തിരിച്ചയച്ചു.