വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു

കോട്ടയം: കളത്തിപ്പടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു. മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ഒളവാപ്പറമ്പില്‍ ശാലു സുരേഷ് – നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാമോള്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു മുറ്റത്തെ കിണറിനു സമീപം കളിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് മണല്‍കൂനയ്ക്കു മുകളില്‍ കളിക്കുന്നതിനിടെ കുട്ടി കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികള്‍ക്ക് ഒരു വയസും 10 മാസവുമുള്ള 2 കുട്ടികള്‍ കൂടിയുണ്ട്.

ഫെയ്‌സ്ബുക്ക് വഴി അടുത്തു, വിവാഹിതയായ യുവതിയുടെ പണവും സ്വര്‍ണവും കൈക്കലാക്കി

ഫെയ്‌സ്ബുക്ക് വഴി അടുത്തു, വിവാഹിതയായ യുവതിയുടെ പണവും സ്വര്‍ണവും കൈക്കലാക്കി

പാലക്കാട്: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം താരേക്കാടിനു സമീപത്തായിരുന്നു യുവതിയെ തടഞ്ഞ് നിര്‍ത്തി അതിക്രമം കാട്ടിയത്. ഒരു വര്‍ഷം മുന്‍പാണ് ഫെയ്‌സ്ബുക്കിലൂടെ വിവാഹിതയായ യുവതിയുമായി ഷനാസ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നാലെ ഇരുവരും കൂടുതല്‍ അടുത്തു. പലപ്പോഴായി യുവതിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഷനാസ് പണവും സ്വര്‍ണവും കൈക്കലാക്കി. പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോള്‍ ഷനാസുമായി അകന്നതായി യുവതി പരാതിയില്‍ പറയുന്നു.

ഈ സമയത്താണ് ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്. ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു. ഇതില്‍ പ്രകോപിതനായി ഷനാസ് തന്നെ നിരന്തരം പിന്തുടര്‍ന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

താരേക്കാടില്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെത്തി കഴിഞ്ഞ ദിവസം കാത്തുനിന്നു. യുവതിയെ കണ്ടയുടന്‍ തടസം നിന്ന് വാക്കേറ്റത്തിലേര്‍പ്പെട്ടു. അതിനിടയിലാണ് എണ്ണായിരം രൂപ വില വരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ഷനാസ് തട്ടിയെടുത്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. നോര്‍ത്ത് പൊലീസില്‍ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഷനാസിനെ അറസ്റ്റ് ചെയ്തത്.

ഗുണ്ടകളുമായുള്ള കൂട്ടുകെട്ട്:  മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലമാറ്റി

ഗുണ്ടകളുമായുള്ള കൂട്ടുകെട്ട്: മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലമാറ്റി

മംഗലപുരം: ഗുണ്ടകളുമായും മണ്ണു മാഫിയയുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെയുള്ള മുഴുവന്‍ പേരെയും സ്ഥലം മാറ്റി. ഇന്നലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് 25 ഉദ്യോഗസ്ഥരെ റൂറല്‍ പൊലീസ് സൂപ്രണ്ട് ഡി ശില്‍പ സ്ഥലം മാറ്റിയത്.

മംഗലാപുരം പൊലീസ് സ്റ്റേഷനിലെ നിരവധി പൊലീസുകാര്‍ക്ക് മണ്ണ് മാഫിയയുമായി ഉള്‍പ്പെടെ ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എസ്എച്ച്ഒ തന്നെ ഗുണ്ടകള്‍ക്ക് സഹായം നല്‍കുന്നു എന്നും കണ്ടെത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ ആയിരുന്ന സജീഷിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. മണ്ണ് മാഫിയയുമായി ബന്ധം പുലര്‍ത്തിയ അഞ്ച് സിപിഒമാരെ ഇന്നലെ വൈകുന്നേരം സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളി ടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് (ഡി.റ്റി.പി), ഡാറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 0471-2490670.

നടപ്പാലം തകർന്നു വാഹനം അപകടത്തിൽപെട്ടു

നടപ്പാലം തകർന്നു വാഹനം അപകടത്തിൽപെട്ടു

കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ എലിമല വാർഡിൽ ഉൾപ്പെട്ട എലിമല -ഗ്രാമത്തിലേക്കുള്ള നടപ്പാത പാലം തകർന്നു പിക്കപ്പ് വാൻ കനാലിൽ പതിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോട്ടൂർ സ്വദേശിയായ നാസറിന്റെ പിക്കപ്പ് വാഹനമാണ് അപകടത്തിൽ പെട്ടത്. ഗ്രാമത്തിലുള്ള ഒരു സ്വകാര്യ വ്യക്തിക്ക് കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പാറപ്പൊടിയുമായി പാലത്തിലൂടെ കടന്ന് പോകുമ്പോഴാണ് അപകടം. പാലം തകർന്നു വാഹനം കുമ്പിൾ മൂട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. 25 അടിയോളം താ ഴ്ചയിലേക്കാണ് ഭാരവുമായി ലോറി പതിച്ചത്. അപകടത്തിൽ ഡ്രൈവറിന്റെ കൈക്ക് നിസ്സാരമായ പരുക്ക് പറ്റി. നിലവിലെ പാലം കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിൽ ആയിരുന്നു. പാലത്തിൻറെ ഇരുവശങ്ങളിലുമുള്ള പാർശ്വഭിത്തി ഇടിഞ്ഞാണ് പിക്കപ്പ് വാഹനം തോട്ടിലേക്ക് പതിച്ചത്. അപകടം നടന്നയുടൻ നാട്ടുകാരും റോഡിലെ യാത്രക്കാരും സമയോചിതമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തി.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 15 ലക്ഷം രൂപ പുതിയ പാലം പണിയുന്നതിന് വേണ്ടി വക കൊള്ളിച്ചിരുന്നു. എന്നാൽ അന്ന് കരാർ എടുക്കാൻ ആരും മുന്നോട്ടു വന്നില്ല. തുടർന്ന് ഇപ്പോഴത്തെ ഭരണസമിതി കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് 10 ലക്ഷം രൂപകൂടെ പാലത്തിനായി തുക കൊള്ളിച്ചിരുന്നു. ആകെ 25 ലക്ഷം രൂപ പാലം പണിയുന്നതിന് വേണ്ടി കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് നീക്കിവെച്ചിട്ടും കരാർ എടുക്കാൻ ആളില്ല എന്നാണ് പഞ്ചായത്ത് പറയുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് രാജീവ്, വാർഡ് മെമ്പർ രശ്മി അനിൽകുമാർ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ചർച്ചയിൽ പരാജയം, പ്രതിഷേധം ശക്തമാക്കാൻ ​ഗുസ്തി താരങ്ങൾ

ചർച്ചയിൽ പരാജയം, പ്രതിഷേധം ശക്തമാക്കാൻ ​ഗുസ്തി താരങ്ങൾ

ഡൽഹി: ​കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി ​ഗുസ്തി താരങ്ങൾ രാത്രി വൈകി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. പരിശീലന ക്യാമ്പിൽ പെൺകുട്ടികളെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗിക ചൂഷണത്തിന് ഇരകളായിയെന്നാരോപിച്ച് ​ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയെ കണ്ടത്. ഇന്നലെ രാത്രി പത്തരയ്ക്ക് തുടങ്ങിയ ചർച്ച അവസാനിച്ചത് പുലർച്ചെ രണ്ടരയോടെയാണ്. സർക്കാർക്കാർ തലത്തിൽ നടപടിയുണ്ടായില്ലെങ്കിൽ താരങ്ങൾ പൊലീസിനെ സമീപിച്ചേക്കുമെന്നാണ് സൂചന. ബ്രിജ് ഭൂഷണും പരിശീലകരും പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും. താരങ്ങളുടെ സ്വകാര്യ ജീവിത്തതിൽ പോലും ഫെഡറേഷൻ ഇടപെടുകയാണെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു.