സൗജന്യ മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

സൗജന്യ മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവനിൽ 11/01/2023 ബുധനാഴ്ച രാവിലെ 10.30 ന് കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ മണ്ണ് പരിശോധന ലാബിന്റെ നേതൃത്വത്തിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

40 മണ്ണ് സാമ്പിളുകൾ പരിശോധിച്ച് അന്നേ ദിവസം തന്നെ സോയിൽ ഹെൽത്ത്‌ കാർഡ് കർഷകർക്ക് ലഭ്യമാക്കുന്നു. പരിശോധനക്കായി കർഷകർ മണ്ണ് (500 ഗ്രാം) രാവിലെ 10:30 മണിക്ക് മുമ്പ് എത്തിക്കേണ്ടതാണ്. കർഷകർക്ക് മണ്ണ് പരിശോധന സംബന്ധിച്ച് പരിശീലന പരിപാടിയും രാവിലെ 10 മണിക്ക് സംഘടിപ്പിച്ചിട്ടുണ്ട്.

യുവാവിന്റെ കൈവെട്ടിമാറ്റി; മുറിച്ചെടുത്ത കൈയുമായി അക്രമി സംഘം കടന്നു; പ്രതികൾക്കായി തിരച്ചില്‍

യുവാവിന്റെ കൈവെട്ടിമാറ്റി; മുറിച്ചെടുത്ത കൈയുമായി അക്രമി സംഘം കടന്നു; പ്രതികൾക്കായി തിരച്ചില്‍

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയില്‍ അജ്ഞാതര്‍ യുവാവിന്റെ കൈ വെട്ടിമാറ്റി. അതിനുശേഷം വെട്ടിമാറ്റിയ കൈകളുമായി പ്രതികള്‍ കടന്നതായും പൊലീസ് പറഞ്ഞു. ജുഗ്നു എന്നയാളുടെ കൈയാണ് അക്രമിസംഘം വെട്ടിമാറ്റിയത്. ലോക്‌നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. സര്‍ദാര്‍ സ്റ്റേഷന്‍ പരിധിയിലെ ഹാവേലിയിലാണ് സംഭവം. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതായും മുഖംമൂടി ധരിച്ചെത്തിയ പത്തോളം വരുന്ന സംഘമാണ് ജുഗ്നുവിന്റെ കൈ വെട്ടിമാറ്റിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സാരമായി പരിക്കേറ്റ ജുഗ്നു ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഡിഎസ്പി രാംദത്ത് നെയ്ന്‍ പറഞ്ഞു. ജുഗ്നുവിനെ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

ട്രെയിനില്‍ വന്‍ ലഹരിമരുന്ന് വേട്ട; കോടികള്‍ വില വരുന്ന ചരസ് പിടികൂടി

ട്രെയിനില്‍ വന്‍ ലഹരിമരുന്ന് വേട്ട; കോടികള്‍ വില വരുന്ന ചരസ് പിടികൂടി

പാലക്കാട്: പാലക്കാട്ട് ട്രെയിനില്‍ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍ നിന്ന് ലഹരിമരുന്നായ ചരസ് ആണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്. ആര്‍പിഎഫും എക്‌സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കടത്തുകാര്‍ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാർത്ഥിനി  വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി . വർക്കല ഗവർമെന്റ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണ (16) യാണ് കിടപ്പ് മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു.

ജയകൃഷ്ണൻ , രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്യ കൃഷ്ണ. പഠിക്കാൻ മിടുക്കിയായ ആര്യ കൃഷ്ണയ്ക്ക് ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറവായിരുന്നു എന്നും വിഷമിച്ചാണ് വീട്ടിലേക്ക് പോയത് എന്നുമാണ് അധ്യാപകരിൽ നിന്നും പിടിഎ അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. കുട്ടിയുടെ മാതാപിതാക്കൾ പഴയചന്ത ജംഗ്ഷനിൽ പച്ചക്കറി കട നടത്തി വരികയായിരുന്നു.

സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സ്കൂളിൽ നിന്നും കടയിൽ എത്തുകയും 5.30 ഓടെ കുട്ടിയുടെ മുത്ത സഹോദരൻ കൂട്ടിയെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. സഹോദരൻ തിരികെ കടയിൽ എത്തി അനുജത്തിയെ കൂട്ടി വീട്ടിൽ 6 മണിയോടെ എത്തുമ്പോൾ കിടപ്പ് മുറി പൂട്ടിയ നിലയിൽ ആയിരുന്നു. തുടർന്ന് സമീപത്തെ ചെറിയ ചായ്പ്പ് വഴി കിടപ്പ് മുറിയിൽ എത്തിയ സഹോദരൻ ആര്യ കൃഷ്ണ യെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും കുട്ടിയെ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റിയിട്ടുണ്ട്. വർക്കല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

ഗോപകുമാർ. എൻ (57) നിര്യാതനായി

ഗോപകുമാർ. എൻ (57) നിര്യാതനായി

ആറ്റിങ്ങൽ മങ്കാട്ടുമൂല ശ്രീരാഗത്തിൽ (എം.ആർ.എ 54) ഗോപകുമാർ. എൻ (57)(റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ: യു.പി.എസ്, പാലവിള) നിര്യാതനായി.

ഭാര്യ: എസ് കനകാംബിക (ഹെഡ്മിസ്ട്രസ്സ്,ഗവ: എൽ.പി.എസ് കോരാണി).
മക്കൾ: ജി.കെ ഹിമശ്രീ, ജി.കെ അനുശ്രീ.
മരുമകൻ: എ.ആർ അജിത് (പബ്ലിക് ഓഫീസ്, തിരുവനന്തപുരം)

നഴ്‌സിങ്ങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 60 ഓളം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

നഴ്‌സിങ്ങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 60 ഓളം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

കോട്ടയം: കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയശേഷം ക്യാന്റീന്‍ അടപ്പിച്ചു.
ബിഎസ് സി ജനറല്‍ നഴ്‌സിങ്ങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മന്ദിരം ആശുപത്രിയില്‍ രണ്ടു ക്യാന്റീനുകളുണ്ട്. ഇതില്‍ ഒന്നില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം നല്‍കുന്നത്. ഇതിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്. ശാരീരിക അസ്വസ്ഥത ഉണ്ടായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു.