നെടുമങ്ങാട് നഗരസഭ പ്രദേശത്ത് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

നെടുമങ്ങാട് നഗരസഭ പ്രദേശത്ത് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

നെടുമങ്ങാട് നഗരസഭ പ്രദേശത്ത് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കിച്ചണ്‍ സല്‍ക്കാര, പതിനൊന്നാംകല്ല്, സംസം ഹോട്ടല്‍ വാളിക്കോട്, ബിലാല്‍ ഹോട്ടല്‍ വാളിക്കോട്, നെപ്ട്യൂണ്‍ ബേക്കറി ചന്തമുക്ക്, ക്രൗണ്‍ ബേക്കറി ചന്തമുക്ക്, ക്രൗണ്‍ ബേക്കറി ബോര്‍മ്മ അന്താരാഷ്ട്ര മാര്‍ക്കറ്റ് എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

പഴകിയതും ശുചീകരണസംവിധാനം ഇല്ലാത്തതും ശോചനീയ അവസ്ഥയില്‍ പ്രവര്‍ത്തിച്ചതുമായ വാളിക്കോട് ബിലാല്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. ക്രൗണ്‍ ബേക്കറി,നെപ്ട്യൂണ്‍ ബേക്കറി, ഹോട്ടല്‍ കിച്ചണ്‍ സല്‍കാര എന്നിവിടങ്ങളില്‍ നിന്ന് ഷവര്‍മ്മ ഉള്‍പ്പെടെയുള്ള പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. സംസം റസ്റ്റോറന്റില്‍ നിന്ന് 4 കിലോയും ക്രൗണ്‍ ബേക്കറിയില്‍ നിന്ന് 5 കിലോയും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.

ഒറ്റത്തവണ ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും വര്‍ദ്ധിച്ചു വരുന്നതായും വൃത്തിഹീനമായ നിലയില്‍ ഭക്ഷണം പാകം ചെയ്ത് വില്പന നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷബ്ന, ബിജു സോമന്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ ആറിയിച്ചു.

മാതയ്ക്ക് ഇനി കലോത്സവത്തില്‍ അവസരമില്ല; വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ശിവന്‍കുട്ടി

മാതയ്ക്ക് ഇനി കലോത്സവത്തില്‍ അവസരമില്ല; വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരിശോധിച്ചിരുന്നു. എന്നാല്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും ശിവന്‍ കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കുവാനും ഇനി വരാന്‍ പോകുന്ന മേളകളില്‍ ഈ പ്രോഗ്രാം ചെയ്തവരെ കലാമേളകളില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കലോത്സവ വേദികളില്‍ നിന്ന് വിലക്കിയതുകൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മാതാ ഡയറക്ടര്‍ കനകദാസ് പറഞ്ഞു. ആരെ ക്ഷണിക്കണമെന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. കലോത്സവങ്ങളില്‍ മാത്രം പരിപാടി നടത്തി ജീവിക്കുന്നവരല്ല ഞങ്ങള്‍. ഭാരതം മുഴുവന്‍ പ്രോഗ്രാം ചെയ്യുന്നവരാണ്. വിദ്യാഭ്യാസമന്ത്രിയുടെ ആഗ്രഹമായിരിക്കാം അതെന്നും അദ്ദേഹം പറഞ്ഞു.

ഡ്രസ് റിഹേഴ്‌സലില്‍ വിവാദവേഷം ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ കൈയില്‍ തോക്കുണ്ട്. ആ മതവിഭാഗത്തില്‍പ്പെട്ടവര്‍ തോക്കുമായിട്ടാണോ നടക്കുന്നത്. അത് മാറ്റി ഈ ഭാഗം മാത്രം പ്രൊജക്ട് ചെയ്യുന്നത് മാത്രമാണ് പ്രശ്‌നത്തിന് കാരണം.
സ്വാഗതഗാനത്തിലോ ദൃശ്യങ്ങളിലോ ഒരു തരത്തിലുള്ള മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള റിഹേഴ്‌സലില്‍ കോസ്‌റ്റുയും ഇടാറില്ല. അത്തരത്തില്‍ ഒരു വേഷം ബോധപൂര്‍വം കൊണ്ടുവന്നതല്ല. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്.

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു കോടതി വിധിച്ചു. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, നിരോധനത്തിന് അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പ്രകൃതി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന ഉത്തരവ് ഉറക്കിയത്. ഇത്തരം പ്ലാസ്റ്റിക് കവറുകള്‍ ഭൂമിയില്‍ നശിക്കാതെ കിടക്കുന്നു എന്നു വിലയിരുത്തിയാണ് നിശ്ചിത പരിധിയില്‍ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പൊലീസ്

പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പൊലീസ്

സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പോലീസ്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസിൽ കൂടുതൽ ആളുകൾ പ്രതിയാകാൻ സാധ്യതയുണ്ട്. തൃശ്ശൂരിൽ നിന്ന് വിവരങ്ങളുമായി സുർജിത്ത് അയ്യപ്പത്ത് തൽസമയം ചേരുന്നു. തൃശൂർ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

പ്രവീൺ റാണയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ പ്രതി ചേർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പ്രവീൺ റാണ മുൻകൂർജാമ്യത്തിനായുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം. പരാതി പിൻവലിക്കാൻ ഇടനിലക്കാരെ ഉപയോഗിച്ച് സമ്മർദം ചെലുത്തുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ ജയിലിലായാൽ പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാനാണ് പ്രവീൺറാണയുടെ നീക്കം. ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പൊലീസിനുള്ളത്. ഇതിൻറെ അടിസ്ഥാനത്തിൽ മധ്യകേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. അതേസമയം തൃശൂർ ജില്ലയിൽ മാത്രം നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 24 പരാതികൾ ലഭിച്ചിട്ടുണ്ട്

‘ഷവർമ്മ മാർഗനിർദേശം’ കാറ്റിൽ പറത്തി ഹോട്ടലുകൾ, അനുമതിയില്ലാത്ത തട്ടുകടകൾ

‘ഷവർമ്മ മാർഗനിർദേശം’ കാറ്റിൽ പറത്തി ഹോട്ടലുകൾ, അനുമതിയില്ലാത്ത തട്ടുകടകൾ

തിരുവനന്തപുരം: പ്രഖ്യാപനങ്ങൾക്കപ്പുറം, തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാത്തതാണ് ഹോട്ടൽ ഭക്ഷണം സുരക്ഷിതമാക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തിരിച്ചടി. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ ‘ഷവർമ്മ മാർഗനിർദേശം’ പലരും മറന്ന സ്ഥിതിയിലാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലാതെ തന്നെ ഭക്ഷണം കൈകാര്യം ചെയ്യുന്ന കടകൾക്ക് ലൈസൻസും രജിസ്ട്രേഷനും ലഭിക്കുന്ന സ്ഥിതിക്കും മാറ്റമില്ല.

ഹെയർ ക്യാപ്പുണ്ട്. പക്ഷെ കൈയിൽ ഗ്ലൗസില്ല. ഷവർമ്മ സ്റ്റാൻഡിൽ നിന്ന് അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണമെന്നാണ്, അതുണ്ടായില്ല. ഇത് തലസ്ഥാനത്തെ ഒരു ഷവർമ്മ കടയിൽ നിന്ന് നേരിട്ട് പാഴ്സൽ വാങ്ങിയപ്പോഴുള്ള സാധാരണ കാഴ്ച്ച. പാഴ്സൽ വാങ്ങുകയാണെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഷവർമ്മ ഉണ്ടാക്കിയ സമയം, തിയതി എന്നീ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തണം എന്നായിരുന്നു മറ്റൊരു മാർഗനിർദേശം.

ഇതാണ് ഷവർമ്മയ്ക്ക് മാത്രമായി പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ സ്ഥിതി. കടകൾക്ക് പ്രവർത്തിക്കാാനുള്ള ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശോധനകളാണ് മറ്റൊന്ന്. അനുമതി നൽകും മുൻപ് എല്ലായിടത്തും പരിശോധനയ്ക്കെത്താൻ സംവിധാനങ്ങളില്ലാത്തതിനാൽ എണ്ണ, മാംസം, പാൽ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസൻസിന് മുൻപ് നിർബന്ധിത പരിശോധന നടത്തുന്നത്. ബാക്കിയുള്ളവ തദ്ദേശസ്ഥാപനങ്ങളുടെ പരിശോധന കഴിഞ്ഞ്, നിശ്ചിത സമയം കഴി‍ഞ്ഞാൽ അനുമതി കിട്ടിയതായി കണക്കാക്കി പ്രവർത്തനം തുടങ്ങുകയാണ്. തട്ടുകടകളാകട്ടെ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് പ്രവർത്തനം. ഇവയെ കൂടുതൽ ഗൗരവമുള്ള തരത്തിൽ ലൈസൻസിന് കീഴിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നതേ ഉള്ളൂ. എല്ലാത്തിനും പുറമെ ഇതൊന്നും എടുക്കാത്തവർ വേറെയും.

അതായത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം സുരക്ഷിത ഭക്ഷണം കഴിക്കാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വരും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രം 47 തട്ടുകടകളും ഹോട്ടലുകളുമാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത് എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒരു തവണ നോട്ടീസ് നൽകിയിട്ടും വീണ്ടും ലൈസൻസെടുക്കാൻ തയാറാകാതിരുന്ന 8 കടകൾക്ക് വീണ്ടും നോട്ടീസ് നൽകേണ്ടി വന്നു. അപകടങ്ങൾ ആവർത്തിക്കുമ്പോഴും അനുമതി പോലും നേടാതെ പ്രവർത്തിക്കുന്നവ ഇനിയും ചുറ്റുമുണ്ടെന്ന് ചുരുക്കം.

കലോത്സവ സ്വാഗത ഗാനത്തിലെ വിവാദ ചിത്രീകരണം; നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

കലോത്സവ സ്വാഗത ഗാനത്തിലെ വിവാദ ചിത്രീകരണം; നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

കോഴിക്കോട്: കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കണമെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുസ്ലിം ലീ​ഗ് രം​ഗത്തെത്തിയിരുന്നു. മുസ്ലിം വേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം. മുജാഹിദ് സമ്മേളനത്തിൽ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കയ്യടി വാങ്ങി. ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കി എന്ന് മുൻ വി​ദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ആരോപിച്ചു. സ്വാഗതഗാനം തയ്യാറാക്കിയതിൽ സൂക്ഷ്മതയുണ്ടായില്ലെന്നുമാണ് ആരോപണം. സാഹോദര്യവും മതമൈത്രിയും ദേശസ്നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്നായിരുന്നു കെപിഎ മജീദിന്റെ വിമർശനം.

ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്‌ഫോടനം വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടതെന്നും മജീദ് കുറ്റപ്പെടുത്തിയിരുന്നു.