വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി മനേജറെ മർദ്ദിച്ച് പരുക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി മനേജറെ മർദ്ദിച്ച് പരുക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി മനേജറെ മർദ്ദിച്ച് പരുക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. കാരേറ്റ് പ്രവർത്തിക്കുന്ന സ്‌റ്റീൽ ഇൻഡ്യ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സാധനങ്ങൾ നശിപ്പിക്കുകയും മാനേജരെ മർദ്ദിക്കുകയും ചെയ്ത പ്രതികളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുംപുറം, നെല്ലിടപ്പാറ, ജ്യോതി വിലാസം വീട്ടിൽ ജിജു.ജെ (40), നെല്ലിടപ്പാറ മൈലോട്ടുകോണം ജിജേഷ് ഭവനിൽ ജിജിൻ വി (36) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ഉടമയോടുള്ള മുൻ വിരോധത്താൽ പ്രതികൾ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി വിൽക്കാൻ വച്ചിരുന്ന സാധനങ്ങളും ഓഫീസിനുള്ളിലെ ഫയലുകളും നശിപ്പിക്കുകയും ഇത് തടയാൻ ശ്രമിച്ച സ്ഥാപനത്തിലെ മാനേജർ വെമ്പായം സ്വദേശി ഡി.ടിന്‍റുവിനെ അസഭ്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് കടയ്ക്ക് പുറത്ത് വിൽക്കാൻ വച്ചിരുന്ന കമ്പി പാര എടുത്ത് കൊണ്ടുവന്ന് ടിന്‍റുവിനെ അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. അടിയേറ്റ് തറയിൽ വീണ മാനേജരെ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. മർദ്ദനത്തിൽ നട്ടെല്ലിന് പരുക്കേറ്റ മനേജര്‍ ആശുപ്രതിയിൽ ചികിത്സയിലാണ്. കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

മധ്യവയസ്‌കരായ സ്ത്രീകളെ  കൊലപ്പെടുത്തും; മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കും; സീരിയല്‍ കില്ലറുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

മധ്യവയസ്‌കരായ സ്ത്രീകളെ കൊലപ്പെടുത്തും; മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കും; സീരിയല്‍ കില്ലറുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറുടെ’ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. ഒളിവില്‍ പോയ കൊലയാളിയെ കണ്ടെത്താന്‍ ആറ് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.

സത്രീകളെ കൊലപ്പെടുത്തിയ ശേഷം നഗ്നമാക്കിയ നിലയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു. മധ്യവയസ്‌കകളായ മൂന്ന് സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മരിച്ചവരില്‍ മൂന്നു പേരും അന്‍പതിനും അറുപതിനും ഇടയിലുള്ളവരായിരുന്നു.

ഡിസംബര്‍ ആറിനാണ് ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 11 ദിവസങ്ങള്‍ക്കു ശേഷം സമാനമായ സാഹചര്യത്തില്‍ ബാരാബങ്കി നിവാസിയായ വീട്ടമ്മയുടെ മൃതദേഹവും കണ്ടെത്തി.12 ദിവസത്തിനു ശേഷമായിരുന്നു മൂന്നാമത്തെ കൊലപാതകം. ഡിസംബര്‍ 29ന് തതാറാ ഗ്രാമത്തിലുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. പിറ്റേ ദിവസം നഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകള്‍ സമാനമായിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി

പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി

ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി മുന്‍മന്ത്രി പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു. സുശീലാ ഗോപാലന് ശേഷം മഹിളാ അസോസിയേഷന്റെ പ്രധാന ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ശ്രീമതി. 1998 ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുന്‍ മന്ത്രി കെ കെ ശൈലജയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതി ട്രഷററായും തുടരും. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.

ശൈലജയ്ക്ക് പുറമെ, കേരളത്തില്‍ നിന്ന് പി സതീ ദേവി, സൂസന്‍ കോടി, പി കെ. സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരുണ്ട്. സി എസ് സുജാത, എന്‍ സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. കെ കെ ലതിക, ഇ പത്മാവതി എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങള്‍.

ബസുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതു വിലക്കിയ ഹൈക്കോടതി വിധിക്ക്  സ്റ്റേ

ബസുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതു വിലക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതു വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ടു കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നടക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്‍കില്ലെന്നാണ് കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ പറയുന്നത്. മോട്ടോര്‍ വാഹന ചട്ടം പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിപ്പിക്കൂ എന്ന് സ്‌കീമില്‍ ഉറപ്പു നല്‍കുന്നുണ്ട്.

കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കെഎസ്ആര്‍ടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വകാര്യ ബസുകളില്‍ അടക്കംഡ്രൈവർ കാബിന്‍, യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പരസ്യങ്ങളോ നിരോധിത ഫ്‌ളാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോ ഷോ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

സി.ഐ.  പി.ആര്‍.സുനുവിനെ  പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു; ബലാത്സംഗം അടക്കമുള്ള കേസുകള്‍; 15 തവണ നടപടി

സി.ഐ. പി.ആര്‍.സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു; ബലാത്സംഗം അടക്കമുള്ള കേസുകള്‍; 15 തവണ നടപടി

തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത്.

തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നയാള്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നാണ് ഡി.ജി.പി.യുടെ ഉത്തരവില്‍ പറയുന്നത്. ബലാത്സംഗം അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളാണ് സുനുവിനെതിരേയുള്ളത്. ഇതില്‍ നാലെണ്ണം പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്. 15 തവണ ഇയാള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. സര്‍വീസ് കാലയളവില്‍ ആറ് സസ്‌പെന്‍ഷനും കിട്ടി. ഏറ്റവും ഒടുവില്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് സുനുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയായിരുന്നു പരാതിക്കാരി.

ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സി.ഐ. അടുപ്പം സ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം ബേപ്പൂര്‍ സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. സുനുവിനെതിരേ തെളിവില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തൃക്കാക്കര പീഡനക്കേസില്‍ എ.സി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സി.ഐ.ക്കെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരിച്ചിരുന്നത്. ആരോപണങ്ങളുടെ പേരില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

തൃക്കാക്കര കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡി.ജി.പി. നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11-മണിക്ക് ഡി.ജി.പി.യുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സുനുവിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡി.ജി.പിക്ക് മുന്നില്‍ ഹാജരാകാതിരുന്ന സുനു, ചികിത്സയിലാണെന്നും 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇ-മെയില്‍ അയക്കുകയായിരുന്നു. പിന്നീട് ഓണ്‍ലൈന്‍ വഴി വിശദീകരണം നല്‍കി. ഇതിനുശേഷമാണ് സുനുവിനെ പിരിച്ചുവിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

450 കോടി, പുത്തൻ റെക്കോഡിട്ട് അവതാർ; ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രം

450 കോടി, പുത്തൻ റെക്കോഡിട്ട് അവതാർ; ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രം

ലോക ബോക്സ് ഓഫിസിൽ പല റെക്കോഡുകളും തകർത്ത് മുന്നേറുകയാണ് ജയിംസ് കാമറൂണിന്റെ ‘അവതാർ: ദ വേ ഓഫ് വാട്ടർ’. ഇപ്പോൾ ഇന്ത്യൻ ബോക്സ് ഓഫിസിലും അത്ഭുതമാവുകയാണ് ചിത്രം. ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടുന്ന ഹോളിവുഡി ചിത്രമായി മാറിയിരിക്കുകയാണ് അവതാറിന്റെ രണ്ടാം ഭാ​ഗം. അവഞ്ചേഴ്സ്; എൻഡ് ​ഗെയ്മിന്റെ കളക്ഷൻ റിപ്പോർട്ട് തകർത്തുകൊണ്ടാണ് മുന്നേറ്റം.

ഇതിനോടകം 450 കോടി കടന്നിരിക്കുകയാണ് അവതാറിന്റെ കളക്ഷൻ. എൻഡ് ​ഗെയ്മിന്റെ കളക്ഷൻ 438 കോടി രൂപ ആണ്. റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിനു മുൻപാണ് അവവതാർ പുത്തൻ റെക്കോർഡ് കുറിച്ചത്. 24ാം ദിവസം 7.50 കോടിയാണ് ചിത്രം നേടിയത്. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസ് 480 കോടി രൂപ ആയിരിക്കുമെന്നാണ് സുമിത് കദേലിന്റെ പ്രവചനം. ആദ്യ ആഴ്ച തന്നെ ചിത്രം ഇന്ത്യയിൽ 160 കോടി കടന്നിരുന്നു.

ലോക ബോക്സ് ഓഫിസിലും കാമറൂണിന്റെ ദൃശ്യ വിസ്മയം വൻ മുന്നേറ്റമാണ് നടത്തുന്നത്. 14060 കോടി രൂപ ആണ് അവതാര്‍ 2 ന്‍റെ ഇതുവരെയുള്ള കളക്ഷന്‍. നാല് ആഴ്ചയായി ലോക ബോക്സ് ഓഫിസിൽ നമ്പർ വൺ ആയി തുടരുകയാണ് അവതാർ. ഇതിനോടകം തന്നെ ഏറ്റവും കളക്ഷൻ നേടുന്ന സിനിമകളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് ചിത്രം. ഡിസംബർ 16നാണ് ചിത്രം തിയറ്ററിൽ എത്തിയത്.