സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.

സ്കൂൾ കലാമേളയ്ക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. കലോത്സവത്തിൽ താൻ മുഖ്യപാചകക്കാരനായി എത്തുന്നതിനെ ബ്രാഹ്മണ മേധാവിത്തം എന്ന് വിമ‍ർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്നും പഴയിടം കൂട്ടിച്ചേർത്തു. 

കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും സ്കൂൾ കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 

യുവതിയെ കാറ് ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് നേരെ  ആക്രമണം; ആറംഗ സംഘം അറസ്റ്റിൽ

യുവതിയെ കാറ് ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് നേരെ ആക്രമണം; ആറംഗ സംഘം അറസ്റ്റിൽ

കിളിമാനൂർ വാലൻകോണം കോളനിയിൽ യുവതിയെ കാവടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് ഷാനെ [32] ആക്രമിച്ച കേസിലെ പ്രതികളായ ആറ് പേരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ വില്ലേജിൽ വേലൻ കോണം അണവിള വീട്ടിൽ ശ്രീലാൽ [ 27 ], വെള്ളല്ലൂർ വില്ലേജിൽ വേലൻകോണം അണവിള വീട്ടിൽ ശ്രീജിത്ത് [27], വെള്ളലൂർ സ്വദേശി ശ്രീരാജ് [28], വെള്ളല്ലൂർ അണവിള വീട്ടിൽ ശരത്ത് [24], വെള്ളല്ലുർ അണവിള വീട്ടിൽ ദീപു [40], വേലൻ കോണം ബിനു ഭവനിൽ ബിനു [25] എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ജി വിനുവിൻറെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ് സബ് ഇൻസ്പെക്ടർ വിജിത്ത്. കെ.നായർ, പ്രദീപ് കെ, സിപിഒമാരായ ശ്രീരാജ്, രാജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

വിദ്യാരംഗം കലാസാഹിത്യ വേദി ആറ്റിങ്ങൽ ഉപജില്ല സർഗോത്സവം 2023 ജനുവരി 9ന്

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ വിദ്യാർഥികളുടെ സർഗപരമായ കഴിവുകൾ കണ്ടത്തി, ‘ മെച്ചപ്പെടുത്തുന്ന വിദ്യാരംഗം കലാസാഹിത്യ വേദി ആറ്റിങ്ങൽ ഉപജില്ലയുടെ 2022. -2023 ജനുവരി 9 ന് സർഗോത്സവം, ഗവ.യു.പി.എസ്.പാലവിളയിൽ വച്ച് നടക്കും. എം.എൽ.എ വി.ശശി ഉദ്ഘാടനം നിർവഹിയ്ക്കും.

ചടങ്ങിൽ പി മുരളി (ചിറയിൽ കീഴ്പഞ്ചായത്തു പ്രസിഡൻ്റ്), ആർ.സരിത (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), എം.എ.വാഹിദ് (വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), ജെ.ബിജു.( സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ), രേണുക മാധവൻ, (ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ) ശിവപ്രഭ (വാർഡ് മെമ്പർ) ആറ്റിങ്ങൽ ഡി.ഇ.ഒ ബിന്ദു പദ്മകുമാർ, കെ.ദിനേഷ്, (സീനിയർ സൂപ്രണ്ട്, പി.സജി.(ബി പി ഒ) ഷാമില ബീവി. ഇ എസ് (ഹെഡ്മിസ്ട്രസ് പാലവിള), വി.ഹരികുമാർ (വിദ്യാ. ജില്ല കൺവീനർ) എസ്.വിനോദ് എസ്., എം.സി.ചെയർമാൻ) മോഹൻ ദാസ് പൂർവ വിദ്യാർഥി) താരാഭായ് ജി.ബി.(സ്റ്റാഫ് സെക്രട്ടറി) തുടങ്ങിയവർ പങ്കെടുക്കുമെന്ന് വിദ്യാരംഗം ഉപജില്ലാ കോർഡിനേറ്റർ കുമാരി ഷിലു ആർ അറിയിച്ചു.

സി- കേരളം സരിഗമപ റണ്ണറപ് ഉം സംസ്ഥാന കലോത്സവത്തിൽ എ.ഗ്രേഡ് ജേതാവുമായ കുമാരി അവനിയാണ് വി ശിഷ്ടാതിഥിയായി എത്തുന്നത്. തുടർന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ ‘ബ്ലോക്കുമെമ്പർ കെ.മോഹനൻ, ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൻ്റേയും പാലവിള യു.പി.എസ് അധ്യാപകരുടേയും എസ്.എം.സിയുടേയും പൂർവ വിദ്യാർഥികളുടേയും നാട്ടുകാരുടേയും പൂർണ സഹകരണത്തിലാണ് പ്രോഗ്രാം നടക്കുന്നത്. ഏഴു വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ശില്പശാലയ്ക്ക് പ്രത്യേകം പേരുകൾ ഇട്ടിട്ടുണ്ട്. എല്ലാത്തിനും നേതൃത്വം കൊടുക്കുന്നത് ആറ്റിങ്ങൽ എ ഇ ഒ വിജയകുമാരൻ നമ്പൂതിരിയാണ്.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചു; അക്രമത്തിന് ഇരയായത് ഒന്‍പതു കുട്ടികൾ

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചു; അക്രമത്തിന് ഇരയായത് ഒന്‍പതു കുട്ടികൾ

മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈം​ഗീക അതിക്രമണത്തിന് ഇരയാക്കിയ അധ്യാപകനെതിര കേസെടുത്തു. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഒളിവിൽ പോയ ഇയാൾക്കുവേണ്ടി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വട്ടംകുളം പഞ്ചായത്തിലെ അഞ്ചാംക്ലാസ് വരെയുള്ള ഒരു വിദ്യാലയത്തിലെ ഒന്‍പതു കുട്ടികളാണ് ആക്രമണത്തിന് ഇരയായത്.

അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്. ഇതുപ്രകാരം ഒന്‍പതു കേസുകൾ അധ്യാപകനെതിരേ രജിസ്റ്റർ ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്താണ് ചങ്ങരംകുളം പോലീസിന് വിവരം നല്‍കിയത്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട്ടേത് കൂട്ടായ്‍മയുടെ വിജയം; കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്ന് ശിവന്‍കുട്ടി

കോഴിക്കോട്ടേത് കൂട്ടായ്‍മയുടെ വിജയം; കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്ന് ശിവന്‍കുട്ടി

കോഴിക്കോട്: കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കൂട്ടായ്‍മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. വിധി നിർണയത്തിൽ അടക്കം ഒരു പരാതിയും കിട്ടിയില്ല. കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്കരിക്കും. അടുത്തവര്‍ഷം നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അടുത്ത കലോത്സവം തീരുമാനിക്കുകയില്ല. ചര്‍ച്ച ചെയ്ത് യോജിച്ച സ്ഥലം തെരഞ്ഞെടുക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഭക്ഷ്യവിഷബാധ മരണം; അഞ്ജു ശ്രീയുടെ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് ലാബില്‍ അയക്കും

ഭക്ഷ്യവിഷബാധ മരണം; അഞ്ജു ശ്രീയുടെ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് ലാബില്‍ അയക്കും

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി. അൽ റൊമാൻസിയ ഹോട്ടലിൽ ഒരു മാസം മുൻപ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയിൽ ഒരു സ്‍ക്വാഡ് വീതം പരിശോധന നടത്തും.

അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.