വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം നടന്ന വാഹന അപകടത്തിൽ  കുട്ടിക്ക് പരിക്ക്

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം നടന്ന വാഹന അപകടത്തിൽ കുട്ടിക്ക് പരിക്ക്

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം നടന്ന വാഹന അപകടത്തിൽ കുട്ടിക്ക് പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ഒരു കുടുംബം സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും കൂട്ടിയിടിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത് . കുട്ടിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവം: കോടതി ഉത്തരവുമായി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു. 94 മത്സരഫലങ്ങളാണ് കലോത്സവ സംഘാടകർ തടഞ്ഞത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് സംഘാടകർ പറയുന്നു. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്കൂളിന്റെയോ പോയന്റിൽ ഉൾപ്പെടില്ലെന്ന് സംഘാടകർ പറയുന്നു. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം ഉണ്ടെന്ന് വ്യക്തമാക്കിയ സംഘാടകർ, ഗ്രേസ് മർക്കിനും കോടതി ഇടപെടൽ വേണമെന്ന് പറയുന്നു. അതേസമയം വിദ്യാഭ്യാസ വകുപ്പ് വഴി വന്ന അപ്പീലുകൾക്ക് ഈ തടസമില്ല.

തുല്യതാ വിജയോൽസവം; ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണം; പുതുവൽസരാഘോഷം

തുല്യതാ വിജയോൽസവം; ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണം; പുതുവൽസരാഘോഷം

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാമിഷൻ +2 തുല്യതാ അഞ്ചാം ബാച്ചിൽ പഠിച്ച് ജില്ലാ തലത്തിൽ ഫുൾ A+ വാങ്ങി ഒന്നാം സ്ഥാനത്തിനും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തിനും അർഹത നേടിയ 65 വയസ്സ് പ്രായമുള്ള അനിതകുമാരിയെ ആറ്റിങ്ങൽ ജി.ജി.എച്ച്എസ്എസിൽ വച്ച് നടന്ന വിജയോത്സവത്തിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.S കുമാരി അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, കൗൺസിലർ സതി, നോഡൽ പ്രേരക് മിനിരേഖ അദ്ധ്യാപകരായ സുജ, രതീഷ്, മുഹമ്മദ് ഷാഫി, ശ്രീ കല,ജയറാണി, ദിവ്യ, ആര്യ തുടങ്ങിയവർ സംസാരിച്ചു. +2 കോഴ്സിൽ രണ്ടാം സ്ഥാനം രമ്യയ്ക്കും മൂന്നാം സ്ഥാനം നിഷാന്തിനും ലഭിച്ചു.പത്താംതരം തുല്യതാ പരീക്ഷയിൽ ഒന്നാം സ്ഥാനം ലീനയ്ക്കും ലഭിച്ചു. ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ പഠിതാക്കളുടെ സംഗമവും പുതുവർഷാഘോഷവും നടന്നു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ഭക്ഷ്യമേള

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ഭക്ഷ്യമേള

അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചെറുധാന്യങ്ങളെ ഭാവിയിലേക്കുള്ള ഭക്ഷ്യവസ്തുവായി പരിഗണിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും കാലാവസ്ഥയ്ക്കും നല്ലതാണ്. കൃഷിയും ഭക്ഷ്യവൈവിധ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണു ചെറുധാന്യങ്ങൾ. ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള. കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. അവയുടെ നിർമാണരീതി കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ.പ്രഭൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അധ്യാപിക സി.എം. ബീന, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

ചിതറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി വീട്ടിൽ; കാവലിന് നായ

ചിതറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി വീട്ടിൽ; കാവലിന് നായ

കൊല്ലം: ചിതറയിൽ വടിവാളും വളർത്തുനായയുമായി വീട്ടിൽ അതിക്രമം കാണിച്ചയാളെ 24 മണിക്കൂർ കഴിഞ്ഞും പിടികൂടാനായില്ല. സംഭവത്തിൽ പ്രതി സജീവ് വീട്ടിൽ തന്നെയുണ്ട്. ഇയാൾ നായയെ അഴിച്ചുവിട്ട് ഗേറ്റും പൂട്ടിയിട്ടിരിക്കുകയാണ്. പ്രതി പുറത്തിറങ്ങാതെ പിടികൂടാനാകില്ല എന്ന് പോലീസ് പറയുന്നു. പോലീസിന്റെ വീഴ്ചയാണ് പ്രതിയെ പിടികൂടാനാകാത്തത് എന്ന് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.

ഇന്നലെയാണ് വടിവാളും വളര്‍ത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. റോഡ് വീലര്‍ നായയുമായി സജീവ് വീട്ടിലെത്തിയപ്പോൾ വീട്ടമ്മയായ സുപ്രഭക്ക് ആദ്യം കാര്യം മനസിലായില്ല. വടിവാളേന്തി, വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചതോടെ വീട്ടമ്മ ഓടി അകത്തൊളിച്ചു. സുപ്രഭ താമസിക്കുന്നത് തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലെന്നാണ് സജീവന്റെ വാദം. ബഹളം കേട്ട് നാട്ടുകാരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ വഴങ്ങിയില്ല. തുടർന്ന് പൊലീസെത്തി സജീവിനെ പിന്തിരിപ്പിക്കുകയായിരുന്നു. സുപ്രഭയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സജീവിനോട് സ്റ്റേഷനിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സുപ്രഭയുടെ വീട്ടിൽ നിന്ന് നേരെ സ്വന്തം വീട്ടിലേക്ക് പോയ സജീവ്, ഇവിടെയെത്തി നായ്ക്കളെ അഴിച്ചുവിട്ടു. ശേഷം ഗേറ്റും പൂട്ടി വീടിനകത്ത് കയറി.

പൊലീസുകാർ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ പഠിച്ച പണി മുഴുവൻ നോക്കിയെങ്കിലും നടന്നില്ല. ഇതോടെ ഇന്നലെ പൊലീസ് സംഘം ഇവിടെ നിന്ന് മടങ്ങി.ഇന്ന് രാവിലെയും പൊലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിയുകയാണ്. സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ച്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം സജീവ് മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. മുമ്പും ഇയാൾ ഇതേപോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തെറ്റ് കാണിച്ചാൽ കർശന നടപടി എടുക്കും; എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വി. ജോയ്

തെറ്റ് കാണിച്ചാൽ കർശന നടപടി എടുക്കും; എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വി. ജോയ്

തിരുവനന്തപുരം: എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് സമ്മതിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. വർഗ ബഹുജന സംഘടനയിൽ അംഗമാവുക എളുപ്പമാണ്. അവർ തെറ്റ് ചെയ്യുമ്പോൾ നടപടി എടുത്ത് തിരുത്തിക്കുക എന്നതാണ് രീതി. തെറ്റ് കാണിച്ചാൽ കർശന നടപടി എടുക്കും. തെറ്റിനെ തെറ്റായി കണ്ട് തന്നെ പരിശോധിച്ച് നടപടി എടുക്കുമെന്ന് വി. ജോയ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം നിർബന്ധമായി തുടരുമെന്നും വി. ജോയ് കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. അതാണ് നടപടി എടുക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വർക്കല എംഎൽഎയായ വി ജോയിയെ ഇന്നലെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. പല മുതിർന്ന നേതാക്കളുടേയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി.ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്.

നിർണായക യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിലവിലെ ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിലെ രീതി അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ജില്ലാ സെക്രട്ടറി പദവി കൈകാര്യം ചെയ്യാറില്ല. എന്നാൽ സംസ്ഥാന സമ്മേളനം കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു.