ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സാമ്പത്തിക സഹായം

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്നതിന് ഭർത്താവ് മരണപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗുണഭോക്താക്കൾ ജനുവരി 15ന് മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471 2343241 എന്ന നമ്പരിൽ രാവിലെ 10.15 മുതൽ 5.15 വരെ ബന്ധപ്പെടാം.

പാദ മുദ്രകൾ തേടി കുട്ടികൾ കിളിമാനൂർ കൊട്ടാരത്തിലേക്ക്

പാദ മുദ്രകൾ തേടി കുട്ടികൾ കിളിമാനൂർ കൊട്ടാരത്തിലേക്ക്

കിളിമാനൂർ : കിളിമാനൂർ ബി ആർ സി പരിധിയിലെ തിരഞ്ഞെടുത്ത കുട്ടികൾ പാദ മുദ്രകൾ തേടി കിളിമാനൂർ കൊട്ടാരത്തിലെത്തി. കുട്ടികൾക്ക് ചരിത്രത്തിന്റെ പ്രാധാന്യവും രീതിശാസ്ത്രവും ബോധ്യപ്പെടുത്തുന്നതിനായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് പാദ മുദ്രകൾ. ചരിത്ര രചയിതാക്കളായ കുട്ടികൾക്ക് കിളിമാനൂർ ഗവ എൽ പി എസിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ഒന്നാം ദിനം കുട്ടികൾ തയ്യാറാക്കി വന്ന പ്രാദേശിക ചരിത്രരചന വിലയിരുത്തുകയും മെച്ചപ്പെടുത്തലും നടന്നു. രണ്ടാം ദിനം ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി കിളിമാനൂർ കൊട്ടാരം സന്ദർശിച്ചു.രാജകുടുംബാംഗം ബിജു രാമവർമ്മ കൊട്ടാര ചരിത്രത്തെ കുറിച്ച് വിശദമായി കുട്ടികളുമായി സംവദിച്ചു. കൊട്ടാരത്തിലെ ചരിത്ര സംഭവങ്ങൾ,സ്മാരകങ്ങൾ, വ്യക്തികൾ എന്നിങ്ങനെ പ്രാദേശിക ചരിത്രത്തെ വിശകലനാത്മകമായി സമീപിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.ചരിത്രകാരനും മുൻ പ്രഥമാധ്യാപകനും ആയ വി.വേണുഗോപാൽ കുട്ടികളുമായി സംവദിച്ചു.

ശില്പശാലയുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ റെനി വർഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ആർ സാബു, മുൻ ബി പി ഒ എം എസ് സുരേഷ് ബാബു, പരിശീലകൻ ടി വിനോദ്, കവിത ടി എസ് , മായ ജി എസ് , ദീപ ടി എസ് , ദിവ്യാദ്യാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സംസ്ഥാന സ്കൂൾ കലോത്സവം: കഥകളി സംഗീതം എച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി പല്ലവി നന്ദന.

സംസ്ഥാന സ്കൂൾ കലോത്സവം: കഥകളി സംഗീതം എച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി പല്ലവി നന്ദന.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതം എച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി പല്ലവി നന്ദന. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് പല്ലവി. തോട്ടവാരം ശാസ്‌താംപടിക്കൽ നളിനത്തിൽ അനിൽ കുമാറിന്റെയും മീനയുടെയും മകളാണ്. സബ്‌ജില്ലയിൽ അപ്പീൽ മുഖേനെയാണ് സംസ്ഥാന തലത്തിൽ എത്തി എ ഗ്രേഡ് നേടിയത്

സബ് ഇൻസ്പെക്ടർ വിജ്ഞാപനം

സബ് ഇൻസ്പെക്ടർ വിജ്ഞാപനം

കേരള പിഎസ്‌സി സബ് ഇൻസ്പെക്ടർ (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലികൾ സ്വപ്നം കാണുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 1ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്കാണ് അവസരമുള്ളത്. പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ, മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ, പ്രീ-യൂണിവേഴ്സിറ്റി/ പ്രീ-ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയുടെ തത്തുല്യ പരീക്ഷ പാസായവരുടെ അപേക്ഷകൾ സംവരണം ചെയ്ത ക്വാട്ട പൂരിപ്പിക്കുന്നതിന് മാത്രമേ പരിഗണിക്കൂ.

ശാരീരിക യോഗ്യതകൾ
› മിനിമം 167 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. (എസ്/എസ്‌ടി – 160 സെന്റീമീറ്റർ)

› നെഞ്ചളവ് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (എസ് /എസ്‌ടി 76 സെന്റീമീറ്റർ)

ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in വെബ്സൈറ്റിൽ Psc പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്

ഡിഗ്രി സർട്ടിഫിക്കറ്റ് ഈ വർഷമാണ് കിട്ടിയതെങ്കിൽ പ്രൊഫൈലിൽ പോയി എഡിറ്റ് ചെയ്യുക. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് കാഴ്ചശക്തിയും ശാരീരിക ക്ഷമതയും ചെക്ക് ചെയ്തശേഷം മെഡിക്കൽ ഓഫീസർ റാങ്കിൽ കുറയാത്ത ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം

ലക്ഷ്മീവിലാസം ഹൈസ്കൂളിൽ കൗൺസിലിംഗിന് സ്ഥിരം സംവിധാനം

ലക്ഷ്മീവിലാസം ഹൈസ്കൂളിൽ കൗൺസിലിംഗിന് സ്ഥിരം സംവിധാനം

പോത്തൻകോട് : ലക്ഷ്മീവിലാസം ഹൈസ്കൂളിൽ കൗൺസിലിംഗ് ലഭ്യമാക്കുന്നതിന് സ്കൂളിൽ തന്നെ സ്ഥിരം സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. കോവിഡാനന്തര കാലത്ത് കുട്ടികൾ നേരിടുന്ന ആത്മസംഘർഷങ്ങൾക്കും അവ സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങൾക്കും വലിയൊരു പരിഹാരമാകുകയാണ്. കുട്ടിയുടെ പഠന പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും പരിഹരിച്ച് മികച്ച വിദ്യാലയന്തരീക്ഷം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് മാനേജ്മെന്റ് പ്രതിനിധി ശ്രീ. പ്രവീൺ പറഞ്ഞു. ഫാമിലി കൗൺസിലിംഗ് ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ട് ഒരു സ്ഥാപനം; സാമൂഹിക പ്രതിബദ്ധതയുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിയ്ക്കണം എന്നതിന് മാതൃകയാവുകയാണ് പ്രസ്തുത വിദ്യാലയം. മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് കൂടി 7593813842, 7593813843 ഈ നമ്പരുകളിൽ ബന്ധപ്പെട്ട ശേഷം സ്കൂളിൽ കൗൺസിലിംഗ് ഉപയോഗപ്പെടുത്താവുന്ന കൗൺസിലിംഗ് സെന്റർ സംവിധാനമാണ് ഒരുക്കിയിരിയ്ക്കുന്നത്.

തമ്പാനൂരില്‍ ബഹുനില പാര്‍ക്കിംഗ് ഉടൻ പ്രവര്‍ത്തനസജ്‌ജം

തമ്പാനൂരില്‍ ബഹുനില പാര്‍ക്കിംഗ് ഉടൻ പ്രവര്‍ത്തനസജ്‌ജം

തിരുവനന്തപുരം> തമ്പാനൂരില്‍ റെയില്‍വേ സ്റ്റേഷന്റെ എതിര്‍വശത്ത് കോര്‍പറേഷന്‍ നിര്‍മിക്കുന്ന ആധുനിക മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം ഫെബ്രുവരി പകുതിയോടെ പ്രവര്‍ത്തനസജ്ജമാകും. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരത്തിനാണ് നിര്‍മാണച്ചുമതല. നാനൂറോളം ഇരുചക്ര വാഹനവും 22 കാറും പാര്‍ക്ക് ചെയ്യാനാകും. സ്ത്രീകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ക്രമീകരണമുണ്ടാകും. കോര്‍പറേഷന്റെ 50 സെന്റ് സ്ഥലത്ത് 18.89 കോടി ചെലവഴിച്ചാണ് നിര്‍മാണം. വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യം, നിരീക്ഷണത്തിന് സിസിടിവി കാമറ എന്നിവയും ഏര്‍പ്പെടുത്തും. മൊബൈല്‍ ആപ്പിലൂടെയുള്ള ഡിജിറ്റല്‍ പാര്‍ക്കിങ് സേവനവും ലഭ്യമാക്കും. ഇതോടെ പാര്‍ക്കിങ് സ്ലോട്ടിന്റെ ലഭ്യതയും എണ്ണവും ഉപയോക്താവിന് അറിയാം. പേയ്‌മെന്റും ഡിജിറ്റലായി നടത്താം. ഏഴുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

അഞ്ചുനിലകളില്‍ പാര്‍ക്കിങ്ങും മുകള്‍ നിലകളില്‍ ഓഫീസ് കോംപ്ലക്സും പ്രവര്‍ത്തിപ്പിക്കും. നഗരത്തില്‍ ഇരുചക്രവാഹന യാത്രികരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പ്രാധാന്യം കൊടുക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു. പാളയം, പുത്തരിക്കണ്ടം, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും കോര്‍പറേഷന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കും. പാളയത്ത് സാഫല്യം കോംപ്ലക്‌സിന്റെ പിന്നില്‍ നിര്‍മിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള പദ്ധതിക്ക് 32 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുത്തരിക്കണ്ടം, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അമൃത് പദ്ധതിയുടെ ഭാഗമായാണ് പാര്‍ക്കിങ് കേന്ദ്രം നിര്‍മിക്കുക.