by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ 27 കാരനെ ലൈംഗികമായി പീഡിപ്പിച്ച സി.ഐ ജയസനിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അഡീഷണൽ സെഷൻസ് കോടതി ആറ് ആണ് സനിലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജയസനിൽ നിലവിൽ സസ്‌പെൻഷനിലാണ്. കൈക്കൂലി കേസിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.
തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്നു ജയസനിൽ. കേസിൽനിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനിലിനെതിരെ പരാതി നൽകിയത്.
by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാം. സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി വിദ്യ വാഹൻ മൊബൈൽ ആപ്പ്. കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്‌കൂൾ ബസ് ട്രാക്ക് ചെയ്യാം. സ്‌കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ തുടങ്ങിയ വിവരങ്ങൾ രക്ഷിതാക്കൾക്ക് വിദ്യ വാഹൻ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.

കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ആപ്പ് തയ്യാറാക്കിയത്. പൂർണ്ണമായും സൗജന്യമായാണ് ഇത് നൽകുന്നത്. ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താം. ചടങ്ങിൽ ഗതാഗത മന്ത്രി ആൻറണി രാജു, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൊലീസിനെതിരെ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ കുടുംബം രംഗത്ത്. രശ്മി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് പൊലീസ്, എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്നും ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നുള്ള അവശതയെന്നാണ് എഫ്ഐആറിലുള്ളതെന്നും സഹോദരൻ വിഷ്ണു രാജ് ആരോപിച്ചു. ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാൻ രശ്മിയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്ന നിലപാടിലാണ് പൊലീസ്.

രശ്മി രാജ് കഴിഞ്ഞ മാസം 29നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണെന്നിരിക്കെയാണ് ഭക്ഷ്യവിഷബാധയെന്ന് എഫ്ഐആറിൽ രേഖപ്പെടുത്താൻ പൊലീസ് തയ്യാറാകാതിരുന്നതെന്നും കേസിലെ പൊലീസ് ഇടപെടൽ ദുരൂഹമാണെന്നും രശ്മിയുടെ കുടുംബം ആരോപിച്ചു. അതേ സമയം, യുവതിയുടെ മരണത്തോടെ, ലൈസൻസില്ലാത്ത ഹോട്ടലിന് പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തു.
കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർ എം ആർ സാനുവിനെയാണ് നഗരസഭ ചെയർപേഴ്സന്‍റെ ശുപാർശയിൽ സസ്പെൻഡ് ചെയ്തത്. ഒരു മാസം മുമ്പും കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഹോട്ടലും അടുക്കളയും വ്യത്യസ്ത കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. അടുക്കള കെട്ടിടത്തിന് നഗരസഭ ലൈസൻസ് ഉണ്ടായിരുന്നില്ല. ക്രമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയിട്ടും ഹോട്ടലിന് തുടർപ്രവർത്തന അനുമതി നൽകിയതിനാണ് സസ്പെൻഷൻ.
by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) വിദ്യാഭ്യാസ യോഗ്യത:
SSLC യോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം.ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (3 വർഷ കോഴ്സ് ) അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ്
പ്രായപരിധി: 21 – 36 വയസ്സ്. 02.01.1986 നും 01.01.2001 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു)
ശാരീരിക യോഗ്യതകൾ
ഉയരം – 165 സെ.മീ, 152 സെ.മീ (സ്ത്രീകൾ)
നെഞ്ചളവ് -81 -86 സെ.മീ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023 യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മലയിൻകീഴ് തചോട്ടുകാവിൽ തമിഴ്നാട് നിന്ന് ചുടുകല്ല് കയറ്റി വന്ന മിനി ലോറി മരത്തിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ലോറി ഡ്രൈവർ മാർത്താണ്ഡം സ്വദേശി ഷാജി, ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ചാർളി, മനോജ് എന്നിവർക്ക് ആണ് പരിക്ക് ഏറ്റത്. അപകടത്തിൽ തകർന്ന വണ്ടികുള്ളിൽ കുടുങ്ങി കിടന്ന ചാർളിയെ തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ വിജയന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പുറത്ത് എടുത്തത്.

ഇന്നലെ പുലർച്ചെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. പരിക്ക് പറ്റിയവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ(ഗ്രേഡ് ) രാജശേഖരൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ മാരായ അമൽ രാജ്, അരുൺ കുമാർ, രാഹുൽ, അനു, ഫയർ റസ്ക്യൂ ഓഫീസർ (ഡ്രൈവർ) സാജൻ, ഹോം ഗാർഡ് അനിൽ എന്നിവർ ചേർന്നാണ് വഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. കാട്ടാക്കട അഗ്നി രക്ഷാ നിലയത്തിലെ സന്നാഹവും സ്ഥലത്ത് ഉണ്ടായിരുന്നു.
by Midhun HP News | Jan 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 520 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5110 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും നിന്നുയർന്നു. 10 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4220 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്

Recent Comments