സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേയ്ക്ക്; നാളെ തൃശൂരിൽ സൂചന

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേയ്ക്ക്; നാളെ തൃശൂരിൽ സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. ശമ്പള വർധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് നടത്തും. ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നോട്ടീസ് നൽകി. ഒ പി ബഹിഷ്കരിക്കുമെന്നും അത്യഹിത വിഭാ​ഗത്തിൽ സഹകരിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം: 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 226 പോയിന്റ്. 221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍. രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങള്‍ വേദി കയറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് വേദികള്‍ ഉറങ്ങിയത്.

സ്വന്തം വീട്ടിലെ അലമാര കുത്തിപ്പൊളിച്ച് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ മോഷ്ടിച്ചു, പ്രതി പിടിയിൽ

സ്വന്തം വീട്ടിൽ നിന്ന് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ് അറസ്റ്റിലായത്. നാല് ദിവസം മുൻപ് ഇയാൾ സഹോദരനുമായെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കളളൻ കപ്പലിൽ തന്നെയുണ്ടെന്ന് ബോധ്യമായത്.

വീട്ടിലെ അലമാര ഉൾപ്പെടെ പൊളിച്ചായിരുന്നു മോഷണം. റാഷിദിന്റെ ഭാര്യയുടേയും സഹോദരൻ ഇബ്രാഹീമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു. വാഴക്കാട് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് മോഷണം നടത്തിയത് അബ്ദുൾ റാഷിദ് ആണെന്ന് കണ്ടെത്തിയത്.

സ്വർണം ഇയാൾ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തിൽ കൊണ്ടുപോയി പണയം വെച്ചിരുന്നു. ഈ സ്വർണം പോലീസ് കണ്ടെടുത്തു. ഇബ്രാഹീമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

റൊണാൾഡോയുടെ അവതരണ ചടങ്ങിൽ നിന്നുള്ള ടിക്കറ്റ് വരുമാനം ചാരിറ്റിക്ക് നൽകും

റൊണാൾഡോയുടെ അവതരണ ചടങ്ങിൽ നിന്നുള്ള ടിക്കറ്റ് വരുമാനം ചാരിറ്റിക്ക് നൽകും

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി റിയാദ്. ഇന്ന് വൈകുന്നേരം നടക്കുന്ന അവതരണ ചടങ്ങിൽ റൊണാൾഡോയെ ഔദ്യോഗികമായി അൽ നാസർ അംഗമായി പ്രഖ്യാപിക്കും. റൊണാൾഡോയെ അവതരിപ്പിക്കുന്നത് കാണാനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുമെന്ന് സൗദി അറേബ്യൻ ടീം അറിയിച്ചു.

അൽ നാസർ അംഗമായി റൊണാൾഡോയെ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് ഇന്ന് രാത്രി (ചൊവ്വ, ജനുവരി 3) 7 മണിക്ക് മർസൂൽ പാർക്കിൽ നടക്കും. 25,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 15 റിയാൽ ടിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം അനുവദിക്കുക. ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഈഗൻ നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ചാരിറ്റബിൾ വർക്കിന് സംഭാവന ചെയ്യും.

പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം-പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയും 2.5 ലക്ഷം രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ളവരേയുമാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് പരിഗണിക്കുക.

ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ ജനുവരി 16 നകം സ്കൂളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ 31 നകം www.egrantz.kerala.gov.in ൽ ഡേറ്റ എൻട്രി നടത്തണം.

‘ഓപ്പറേഷന്‍ ഹോളിഡേ’ : 429 പരിശോധനകള്‍; 22 ഹോട്ടലുകള്‍ അടപ്പിച്ചു; 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

‘ഓപ്പറേഷന്‍ ഹോളിഡേ’ : 429 പരിശോധനകള്‍; 22 ഹോട്ടലുകള്‍ അടപ്പിച്ചു; 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതു കണക്കിലെടുത്ത് ‘ഓപ്പറേഷന്‍ ഹോളിഡേ’ എന്ന പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. 429 പരിശോധനകള്‍ നടത്തിയപ്പോള്‍ 43 ഹോട്ടലുകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും 52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു

സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളി ഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്കു ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇതു സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അതു പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും പ്രത്യേകിച്ച് ആഹാരം തയാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടല്‍ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാര പരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ റജിസ്‌ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളിന്മേല്‍ കൃത്യമായി പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.

പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ചിട്ടുള്ള പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയാറാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയിന്മേലും പെട്ടെന്നു തന്നെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.