500,1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി;  ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

500,1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്‌നയുമാണ് വിധിയെഴുതിയത്.

നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.

വളരെ സൂക്ഷമതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്. വ്യാജ കറന്‍സികള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. കോടതിക്ക് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുന്നതിന് പരിമിധികളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

വ്യാജ നോട്ടുകളും കള്ളപ്പണവും നിയന്ത്രിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി കടലാസ് ഫയലുകള്‍ ഇല്ല; ഇ-ഫയല്‍ മാത്രം

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിര്‍ദേശം നല്‍കി. ഇത് നടപ്പാകുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസുഫയലുകളുണ്ടാവില്ല.

ഒരു ഫയല്‍നീക്കത്തിനു ചുരുങ്ങിയത് രണ്ടാഴ്ചയാണ് സമയം. ഇ-ഓഫീസോടെ വലിയ നടപടിക്രമങ്ങള്‍ ഇല്ലാത്ത ഫയല്‍നീക്കം അഞ്ചുമിനിറ്റില്‍ സാധ്യമാവും.

സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തേ തന്നെ ഓണ്‍ലൈനാക്കിയിരുന്നു. ഫയല്‍നീക്കം സുഗമമാക്കാനും ഫയല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥതട്ടുകളുടെ എണ്ണംകുറയ്ക്കാനുമായി നവംബര്‍ 26-ന് കേരള സെക്രട്ടേറിയറ്റ് മാന്വലില്‍ ഭേദഗതി വരുത്തി. മറ്റു സര്‍ക്കാര്‍ഓഫീസുകള്‍ക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബര്‍ മൂന്നിന് ഭേദഗതിചെയ്തു.

ഇതിനുപുറമേ, കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) സജ്ജമാക്കിയ ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്വേര്‍ എല്ലാ കടലാസുഫയലുകളുണ്ടാവില്ല. ഓഫീസുകള്‍ക്കും ലഭ്യമാക്കി.

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്

തിരുവനന്തപുരം: മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീർപ്പാക്കുന്നതിന് മുൻപ് സജി മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനിൽക്കുമോ എന്ന് ഗവർണർ നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചത്. ആവശ്യമെങ്കിൽ സർക്കാരിനോട് വിശദീകരണം തേടാമെന്നും നിയമോപദേശത്തിലുണ്ട്. അതുകൊണ്ട് തന്നെ രാജ്ഭവന്റെ തുടർ നീക്കങ്ങളിലാണ് ആകാംക്ഷ. വൈകീട്ടോടെ ഗവർണർ തലസ്ഥാനത്ത് എത്തും. തുടർന്നായിരിക്കും സത്യപ്രതിജ്ഞയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. മുൻ നിശ്ചയിച്ചത് അനുസരിച്ച് തന്നെ സത്യപ്രതിജ്ഞയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

വീണ്ടും മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍; പോര് ജനുവരി 19ന്‌

വീണ്ടും മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍; പോര് ജനുവരി 19ന്‌

റിയാദ്: മെസിയും ക്രിസ്റ്റിയാനോയും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് എന്നും ഫുട്‌ബോള്‍ ലോകത്തിന് ആവേശ കാഴ്ചയാണ്. എന്നാലിപ്പോള്‍ ഒരാള്‍ യൂറോപ്പിലും മറ്റേയാള്‍ ഏഷ്യയിലുമാണ്.എങ്കിലും മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണാനായേക്കും. സൗദി അറേബ്യയില്‍ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തില്‍ പിഎസ്ജിയും അല്‍ നസറും ഏറ്റുമുട്ടും എന്നാണ് സൂചനകള്‍. ജനുവരി 19നാണ് മത്സരം എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ നസര്‍, അല്‍ ഹിലാല്‍ ടീമുകളില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ഇലവന്‍ ആയിരിക്കും പിഎസ്ജിക്കെതിരെ ഇറങ്ങുക.

ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗത്തിനു സ്വീകരണം  നൽകി

ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗത്തിനു സ്വീകരണം നൽകി

ആറ്റിങ്ങൽ: പ്രവാസി മലയാളി കോൺഗ്രസ്‌ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ആയി കെ. പി. സി. സി നോമിനേറ്റ് ചെയ്ത എച്ച്. ബഷീറിന് ഐ. എൻ. റ്റി. യു. സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വെച്ച് ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സ്വീകരണം നൽകുന്നു. താലൂക്ക് പ്രസിഡന്റും ഡി. സി. സി ജനറൽ സെക്രട്ടറിയുമായ എൻ. ആർ ജോഷി അദ്ധ്യക്ഷത വഹിച്ചു. ചെറുവയ്ക്കൽ പദ്മകുമാർ,ജെ. ശശി, ശാസ്താവട്ടം രാജേന്ദ്രൻ, കടയ്ക്കാവൂർ അശോകൻ, മണനാക്കു ഷിഹാബുദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വയനാട് മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. വയറിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.

ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. മുർഷിദിന്റെ സുഹൃത്തായ സിദ്ധാർത്ഥ് ഒരു കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത രൂപേഷും സംഘവും ബൈക്കിന്റെ താക്കോൽ ഊരിയെറിഞ്ഞു. ഇതോടെ മുർഷിദും മറ്റൊരു സുഹൃത്തായ നിഷാദും ഇവിടെ എത്തി. തുടർന്നാണ് രൂപേഷ് മുർഷിദിനെ കുത്തിയത്. നിഷാദിനും കുത്തേറ്റു. ഇയാൾ ചികിത്സയിലാണ്.