പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ കാലം ചെയ്തു

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ കാലം ചെയ്തു

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ (95) കാലം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വത്തിക്കാനാണ് മരണവിവരം സ്ഥിരീകരിച്ചത്. 2005 മുതൽ 2013 വരെ അദ്ദേഹം മാർപ്പാപ്പയായിരുന്നു. ഫെബ്രുവരി 28 ന് തൽസ്ഥാനത്ത് നിന്ന് രാജി വച്ചു. ആറ് നൂറ്റാണ്ടിന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപ്പാപ്പയായിരുന്നു അദ്ദേഹം. തുടർന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ പിൻഗാമിയായി എത്തിയത്. 1415 ൽ ഗ്രിഗറി പന്ത്രണ്ടാമനാണ് ഇതിന് മുൻപ് സ്ഥാനമൊഴിഞ്ഞത്.

ജോസഫ് റാറ്റ്സിംഗർ എന്നാണ് യഥാർഥ നാമം. 1972 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ് 7ന് സ്ഥാനമേറ്റു. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.

ജോൺ പോൾ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്സിംഗർ എന്ന ബെനഡിക്ട് പതിനാറാമൻ. മാർപ്പാപ്പയാകുന്നതിനു മുൻപ് ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്‌സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ, വിശ്വാസ തിരുസംഘത്തിന്റെ തലവൻ, കർദ്ദിനാൾ സംഘത്തിന്റെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

പുതുവര്‍ഷാഘോഷങ്ങള്‍ 12മണിയോടെ അവസാനിപ്പിക്കണം; ആഘോഷം തുടര്‍ന്നാല്‍ പൊലീസ് ഇടപെടും

പുതുവര്‍ഷാഘോഷങ്ങള്‍ 12മണിയോടെ അവസാനിപ്പിക്കണം; ആഘോഷം തുടര്‍ന്നാല്‍ പൊലീസ് ഇടപെടും

തിരുവനന്തപുരം: പുതുവര്‍ഷാഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. സാമൂഹ്യവിരുദ്ധരുടെയും ലഹരിക്കൈമാറ്റക്കാരുടെയും പട്ടിക തയ്യാറാക്കിയതായും ഇവര്‍ ആഘോഷകേന്ദ്രങ്ങളിലെത്തിയാല്‍ കരുതല്‍ തടങ്കിലിലാക്കുമെന്നും എഡിജപി പറഞ്ഞു.

ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. നിയമലംഘനമുണ്ടായാല്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും കേസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുവര്‍ഷാഘോഷങ്ങള്‍ പന്ത്രണ്ട് മണിയോടെ അവസാനിപ്പിക്കണം. പൊതു ഇടങ്ങളില്‍ ആഘോഷം തുടര്‍ന്നാല്‍ പൊലീസ് ഇടപെടും. ആഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എല്ലാ ഹോട്ടലുകളിലും ഹോം സ്‌റ്റേകളിലും നിയമപരമായ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി അനാവശ്യമായ ഏതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന ആള്‍ക്കും ഹോട്ടല്‍ ഉടമയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടി നടത്തുന്ന എല്ലാ സ്ഥലങ്ങളും പൊലീസ് ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ആ സ്ഥലങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകും. മഫ്തിയിലും യൂണിഫോമിലും പൊലീസ് ഉണ്ടാകും. ഡിജെ പാര്‍ട്ടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലായിടത്തും ആഘോഷങ്ങള്‍ ഉണ്ടാകണം. എന്നാല്‍ അതിരുവിടാനും നിയമലംഘനം നടത്താനും പാടില്ലെന്ന് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി പറഞ്ഞു.

കത്ത് വിവാദം: സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജി വെച്ചു

കത്ത് വിവാദം: സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജി വെച്ചു

തിരുവനന്തപുരം: ഡി ആർ അനില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കരാർ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആർ അനിലിനിലിന്‍റെയും ലെറ്റര്‍ പാഡിൽ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിക്കുകയും ചെയ്തിരുന്നു. മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നിലപാട്. ഇതിനിടെ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. രണ്ട് ഏജൻസികൾക്കും കത്തിന്‍റെ ശരി പകർപ്പോ ഉറവിടമോ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

മേയറുടെയും കോർപ്പറേഷൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഡി ആർ അനിലിന്‍റെ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല, അതുകൊണ്ട് കേസ് അന്വേഷണ പരിധിയിൽ വരില്ലെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട്. നിലവിലെ അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്.

പുതുവത്സരാഘോഷം; വര്‍ക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി കടലിൽ മുങ്ങി മരിച്ചു

പുതുവത്സരാഘോഷം; വര്‍ക്കലയിലെത്തിയ ബാംഗ്ലൂർ സ്വദേശി കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവര്‍ പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയത്.

വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അരൂപ് തിരയിലകപ്പെടുകയായിരുന്നു. കരയില്‍നിന്ന് 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

മുങ്ങിത്താഴുന്ന അരൂപിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സമുണ്ടായി. തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരൂപ് ആസ്ത്മ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അയിരൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

പ്രശസ്ത കാർഡിയോളോജിസ്റ് കൃഷ്ണമനോഹറിൻ്റെ ഭൗതിക ശരീരം ഇനി തിരുവനന്തപുരം മെഡിക്കൽ കോളജിന്

പ്രശസ്ത കാർഡിയോളോജിസ്റ് കൃഷ്ണമനോഹറിൻ്റെ ഭൗതിക ശരീരം ഇനി തിരുവനന്തപുരം മെഡിക്കൽ കോളജിന്

അഞ്ചൽ: ഇന്നലെ അന്തരിച്ച പ്രശസ്ത കാർഡിയോ തൊറാസിക് സർജനായ അഞ്ചൽ, പനച്ചിവിള, രമാ സദനത്തിൽ ഡോ. കൃഷ്ണ മനോഹറിൻ്റെ (65) മൃതദേഹം ഡൽഹിയിൽ നിന്നും ഇന്ന് രാത്രി അഞ്ചലിൽ എത്തിക്കും. നാളെ (ഞായർ) പൊതുദർശനനത്തിന് സൗകര്യമുണ്ടാകും. തുടർന്ന് അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും. കുട്ടികളുടെ ഹൃദയ ശസ്ത്രക്രീയക്ക് പ്രത്യേക വൈദഗ്ദ്യം നേടിയിരുന്ന ഡോ. കൃഷ്ണ മനോഹർ തിരുവനന്തപുരം ശ്രീചിത്ര ഉൾപ്പെടെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ശ്രീ ചിത്രയിൽ ഡോ.എം.എസ് വല്യത്താൻ്റെ ശിക്ഷണത്തിലും പിന്നീട് ചെന്നൈയിലെ ഫ്രോണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിൽ ഡോ.കെ.എം ചെറിയൻ്റെ ശിക്ഷണത്തിലും ഹൃദയശസ്ത്രക്രിയയിൽ പ്രത്യേക പ്രാവീണ്യം നേടി. വിരമിച്ച ശേഷം സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സത്യസായി സഞ്ചീവനി ഹോസ്പിറ്റലിൻ്റെ ഭാഗമായി നിരവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. അടുത്തിടെ ഫിൻലാൻഡിലെ പ്രവർത്തനങ്ങൾക്ക് ശേഷം ഡൽഹിയിൽ എത്തിയ ശേഷമായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം

സ്കൂൾ കലോത്സവം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി

സ്കൂൾ കലോത്സവം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഹയര്‍ സെക്കന്ററി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറും വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു.