കേരളം ആദ്യമായി വേദിയാകുന്ന ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും

കേരളം ആദ്യമായി വേദിയാകുന്ന ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും

കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ലേലത്തിന് തുടക്കമാവുക. ആകെ 405 താരങ്ങള്‍ ലേലത്തിനുണ്ട്. ഇതില്‍ പത്ത് ടീമുകള്‍ക്ക് വേണ്ടത് 87 പേരെ. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. പത്ത് മലയാളി താരങ്ങളും ലേലത്തിനുണ്ട്. ലേലത്തില്‍ വാശിയേറിയ പോരാട്ടം നടക്കുക ആദ്യ അഞ്ച് സെറ്റിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കും. ആദ്യ സെറ്റ് ബാറ്റര്‍മാരുടേതാണ്.

ഒരു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളില്‍ നിന്നായിരിക്കും ലേലം തുടങ്ങുക. ലേലത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയന്‍ ഈ പഞ്ചാബ് മുന്‍ നായകനാണ്. മായങ്ക് അഗര്‍വാള്‍ (1 കോടി), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്, 1 കോടി), അജിന്‍ക്യ രഹാനെ (50 ലക്ഷം), ജോ റൂട്ട് (ഇംഗ്ലണ്ട്, 1 കോടി), റീലി റൂസോ (ദക്ഷിണാഫ്രിക്ക, 2 കോടി), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലന്‍ഡ്, 2 കോടി) എന്നിവരാണ് ആദ്യ സെറ്റിലെ പ്രധാനികള്‍രണ്ടാം സെറ്റ് ഓള്‍റൗണ്ടര്‍മാരുടേതാണ്. സാം കറന്‍, കാമറൂണ്‍ ഗ്രീന്‍, ജേസണ്‍ ഹോള്‍ഡര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് രണ്ട് കോടിആണ് അടിസ്ഥാന വില. ഷാക്കിബ് അല്‍ ഹസന്‍ (1.5 കോടി), സിക്കന്ദര്‍ റാസ, ഒഡെയ്ന്‍ സ്മിത്ത് (50 ലക്ഷം എന്നിവരും പട്ടികയിലുണ്ട്. വിക്കറ്റ് കീപ്പര്‍മാരുടെ സെറ്റില്‍ രണ്ട് കോടി വിലയുള്ള ഫില്‍ സാള്‍ട്ട്, നിക്കോളാസ് പുരാന്‍, ടോം ബാന്റണ്‍ എന്നിവരാണ് പ്രധാനികള്‍. ഹെന്റിച്ച് ക്ലാസന് ഒരു കോടി അടിസ്ഥാന വിലയുണ്ട്. ലിറ്റണ്‍ ദാസ്, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ക്ക് 50 ലക്ഷം വീതം.

ഫാസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ക്രിസ് ജോര്‍ദാന്‍, ആദം മില്‍നെ എന്നിവര്‍ക്കാണ് രണ്ട് കോടി അടിസ്ഥാനവിലയുള്ളത്. ഓസ്‌ട്രേലിയയുടെ ജേ റിച്ചാര്‍ഡ്‌സണിന് 1.5 കോടിയുണ്ട്. റീസെ ടോപ്ലെ (75 ലക്ഷം), ഇശാന്ത് ശര്‍മ (50 ലക്ഷം), ജയദേവ് ഉനദ്കട് (50 ലക്ഷം) എന്നിവരാണ് മറ്റുപ്രധാനികള്‍. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ ദഷീദിന് രണ്ട് കോടിയാണ് അടിസ്ഥാന വില. 1.5 കോടിയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയ്ക്ക്. മുജീബ് റഹ്മാന്‍, തബ്രൈസ് ഷംസി (1 കോടി), മായങ്ക് മര്‍ക്കണ്ഡെ (50 ലക്ഷം) എന്നിവരും പട്ടികയിലുണ്ട്.

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗിക പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗിക പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനാണ്പിടിയിലായത്.
ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ 17ന് രാത്രിയാണ് സംഭവം. ഇന്ന് രാവിലെയാണ് മലപ്പുറം നടുവത്ത് നിന്ന് വണ്ടൂര്‍ പൊലീസ് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി നിലമ്പൂര്‍ പാസഞ്ചറില്‍ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന സമയത്ത് യുവാവ് ലൈംഗിക പ്രദര്‍ശനം നടത്തി എന്നതാണ് കേസ്.

ഈ കോച്ചില്‍ യുവതി തനിച്ചാണെന്ന് കണ്ട യുവാവ് ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതി അപ്പോള്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും യുവാവ് തുടര്‍ന്നു. ഇതോടെ യുവതി സംഭവം മൊബൈലില്‍ ചിത്രീകരിച്ച് പരാതി നല്‍കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു

നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയെയാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ മരിച്ചത്. ആലപ്പുഴ സ്വദേശിയാണ്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു. കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഓപ്പറേഷൻ സുഭിക്ഷ; റേഷൻ ഷോപ്പുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ സുഭിക്ഷ; റേഷൻ ഷോപ്പുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകിട്ടും പരിശോധന നടത്തിയിരുന്നു. സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു എന്ന വിവരത്തിലാണ് പരിശോധന.

റേഷന്‍ കോര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട അളവില്‍ ഭക്ഷ്യ സാധനങ്ങള്‍ ചില റേഷന്‍ കടകള്‍ നല്‍കുന്നില്ലെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തില്‍ അവ പരിശോധിക്കുന്നതിനായി ‘ഓപ്പറേഷന്‍ സുഭിക്ഷ’
എന്ന പേരില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ പരിശോധന നടത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 10 ഉം, കോട്ടയം, എറണാകുളം ജില്ലകളില്‍ 6 വീതവും, പത്തനംതിട്ട, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 5 വീതവം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 4 വീതവും, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളില്‍ 3 വീതവും, കാസര്‍​ഗോഡ് ജില്ലയില്‍ 2 ഉം, കടകളിലാണ് വിജിലന്‍സ്‌ മിന്നൽ പരിശോധന.

വിദേശ യാത്രകള്‍ വേണ്ട; മാസ്‌ക് നിര്‍ബന്ധം;  ജാഗ്രത തുടരണമെന്നു ഐഎംഎ

വിദേശ യാത്രകള്‍ വേണ്ട; മാസ്‌ക് നിര്‍ബന്ധം; ജാഗ്രത തുടരണമെന്നു ഐഎംഎ

വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ഐഎംഎ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ പറഞ്ഞു.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുത്്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക, വിവാഹം, രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍, അന്താരാഷ്ട്ര യാത്രകള്‍ എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തൊണ്ട വേദന, പനിയുടെ ലക്ഷണങ്ങള്‍, വയറിളക്കം, കഫക്കെട്ട്, ഛര്‍ദ്ദില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടറെ സമീപിക്കണമെന്നും എല്ലാവരും മുന്‍കരുതല്‍ ഡോസ് ഉള്‍പ്പടെയുള്ള കോവിഡ് വാക്‌സിനേഷന്‍ എടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 5.37 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

യുഎസ്എ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ നാലുപേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോർട്ട്.

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദ്ദേശം, ആശങ്കപ്പെടേണ്ടെന്ന് മന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി. കൂടുതൽ സാമ്പിളുകളിൽ ജനിതക ശ്രേണീകരണം നടത്തും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവധികാല യാത്രകളിൽ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് അനുസരിച്ച് ഇന്നലെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 20 ന് 79 പേർക്കും ഡിസംബർ 19 ന് 36 പേർക്കും ഡിസംബർ 18 ന് 62 പേർക്കും ഡിസംബർ 17 ന് 59 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി, ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.

രോഗം ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ പൊതു നിർദ്ദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം.

സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഡിസംബറിൽ ഇതുവരെ 1431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 51 കേസ് റിപ്പോർട്ട് ചെയ്തു. നൂറിനും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കേസുകൾ. പരിശോധനകൾ കുറവാണെന്നതും പ്രതിദിന കേസുകൾ കുറയാൻ കാരണമാണ്. എന്നാൽ അവധിക്കാലമാകുന്നതോടെ രോഗികളുടെ എണ്ണം കൂടിയേക്കാമെന്നാണ് വിലയിരുത്തൽ.