വീണ്ടും ഉയർന്ന് സ്വര്‍ണ്ണ വില;രണ്ട് ദിവസത്തിനുള്ളിൽ 520 രൂപയുടെ വര്‍ധന

വീണ്ടും ഉയർന്ന് സ്വര്‍ണ്ണ വില;രണ്ട് ദിവസത്തിനുള്ളിൽ 520 രൂപയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40000 രൂപ കടന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5000 രൂപ കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 4160 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഒരു ഗ്രാം സാധരണ വെള്ളിക്ക് ഇന്നലെ വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് വിപണി വില

ആറ്റിങ്ങൽ എക്സൈസിന്റെ നേതൃത്വത്തിൽ 5.250 kg കഞ്ചാവ് പിടിച്ചെടുത്തു

ആറ്റിങ്ങൽ എക്സൈസിന്റെ നേതൃത്വത്തിൽ 5.250 kg കഞ്ചാവ് പിടിച്ചെടുത്തു

ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ വഞ്ചിയൂർ വൈദ്യശാലമുക്കിൽ പ്രവർത്തിക്കുന്ന ഡി ടി ഡി സി ദീരജ് അസോസിയേറ്റ്സ് എന്ന കൊറിയർ സർവീസ് നടത്തുന്ന സ്ഥാപനം പരിശോധിച്ചതിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.250 kg കഞ്ചാവും Suzuki Acess 125 സ്കൂട്ടറും ഒരു വെയിംഗ് മഷിനും രണ്ട് വില കൂടിയ സ്മാർട്ട് ഫോണുകളും കണ്ടെടുത്തു.

സംഭവത്തിൽ വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെ അറസ്റ്റ് ചെയ്ത് ഒരു എൻ ഡി പി എസ്‌ കേസെടുത്തു. കൊറിയർ സെർവിസിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. പെട്രോളിംഗിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ദീപക്, അശോക് കുമാർ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, രാധാകൃഷ്ണ പിള്ള, ഗിരീഷ് കുമാർ, വൈശാഖ്, ഡ്രൈവർ ബിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

കൊവിഡ് : സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി, അവലോകന ‌യോഗം ഇന്ന്

കൊവിഡ് : സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി, അവലോകന ‌യോഗം ഇന്ന്

ഒരിടവേളത്ത് ശേഷം വീണ്ടും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവൻ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്ന് ചേരുന്ന യോഗത്തിൽ നടപടിക്രമങ്ങൾ പ്രധാനമന്ത്രി വിലയിരുത്തും.

വിദേശ രാജ്യങ്ങളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ മുൻ കരുതൽ നടപടികൾ ഊർജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തത്കാലം കൂടുതൽ നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിട്ടില്ല. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങി. എന്നാൽ രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളിൽ ജാഗ്രതയ്ക്ക് വീണ്ടും നിർദേശം നൽകും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവും ജാഗ്രതയിലാണ്. ആശങ്ക വേണ്ടെങ്കിലും രോഗം ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് നിർദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം. സംസ്ഥാനത്ത് നിലവിൽ കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. ഡിസംബറിൽ ഇതുവരെ 1431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 51 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും; മന്ത്രി വീണാ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.

മനുഷ്യരില്‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

കേരളത്തില്‍ നടത്തിവരുന്ന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രവര്‍ത്തനങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തിപ്പെടുത്തും. കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധകളെ പ്രത്യേകം നോട്ടിഫയബിള്‍ കണ്ടീഷനാക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍ ഡോ. എം.ഡി. ദത്തന്‍, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. ജയന്‍, പൊല്ലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ഷീല മോസസ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, കര്‍സാപ്പ് നോഡല്‍ ഓഫീസര്‍ ഡോ. മഞ്ജുശ്രീ, വര്‍ക്കിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. അരവിന്ദ്, ഐഎംഎ പ്രതിനിധി ഡോ. ഗോപികുമാര്‍, മൃഗസംരക്ഷണ വകുപ്പ് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. സ്വപ്ന സൂസന്‍ മാത്യു, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആന്റിബയോട്ടിക് പ്രതിരോധത്തില്‍ നമുക്കും പങ്കാളികളാകാം

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
2. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ.
3. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
4. ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
6. രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.
7. ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.
8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
9. രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.
10. പ്രതിരോധ കുത്തിവയ്പുകള്‍ കാലാനുസൃതമായി എടുക്കുക.

കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സന്ദേശം ഈ കേന്ദ്രങ്ങള്‍ വഴി പരമാവധിപേരിലെത്തിക്കും

ഡിറ്റിപി മലയാളം, ഇംഗ്ലീഷ് അറിയാവുന്ന വനിതയെ ആവശ്യമുണ്ട്

ഡിറ്റിപി മലയാളം, ഇംഗ്ലീഷ് അറിയാവുന്ന വനിതയെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ സ്ഥാപനത്തിലേയ്ക് ഡിറ്റിപി മലയാളം, ഇംഗ്ലീഷ് അറിയാവുന്ന വനിതയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Mob: 9946610005.

ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

വിളവൂർക്കൽ: പിതാവിനോപ്പം കാലിതൊഴുത്തിൽ ജോലിചെയ്യുന്നതിനിടെ ചാർജ് ചെയ്യാൻ സ്വിച്ച് ബോർഡിൽ കുത്തിയിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം.

വിളവൂർക്കൽ പാവച്ചകുഴി വാർഡിൽ ഈഴക്കോട്, ചെറുമുറി ഷാലോം നിവാസിൽ ഷാജി, സജിത ദമ്പതികളുടെ മകന്‍ ഷിജിൻ. എസ്. എസ് (23) ആണ് മരിച്ചത്.
വൈദ്യുതാഘാതമേറ്റ് പിടയുന്ന മകനെ രക്ഷിക്കാൻ പരിസരത്ത് നിന്നും കമ്പുകൊണ്ട് ഫോണിലെ വയർ വേർപെടുത്താൻ ശ്രമിച്ച പിതാവ് ഷാജിയ്ക്കും വൈദ്യുതാഘാതമേറ്റു. ഷാജിയുടെ നിലവിളികെട്ട് ഓടിക്കൂടിയ അയൽവാസികളാണ് വൈദ്യുതി ബന്ധം വേർപെടുത്തി അച്ഛനെയും മകനെയും തൊഴുത്തിൽ നിന്നും മാറ്റിയത്.

ഷിജിനെയും ഷാജിയെയും കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഷിജിന്റെ ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മലയിൻകീഴ് പോലീസും, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്ലസ് ടു വരെ പഠിച്ചശേഷം ബിന്നസ് ഷിജിൻ കാലിവളർത്തൽ ഉപജീവനമാർഗമാക്കിയ പിതാവിന്റെ ഒപ്പം സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു. സഹോദരി ഷിജി സ്കൂൾ വിദ്യാർത്ഥി. പരിശോധനകൾക്ക് ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മാർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവിളപ്പിൽ നടക്കും.