‘വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കാലഘട്ടത്തിന്റെ ആവശ്യം’; ഡോ.ജോർജ്ജ് ഓണക്കൂർ

‘വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കാലഘട്ടത്തിന്റെ ആവശ്യം’; ഡോ.ജോർജ്ജ് ഓണക്കൂർ

വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ സ്ഥാപക വാർഷികമായ നവംബർ 5 ന് തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വച്ച് ഗുരുമാർഗ്ഗം പ്രകാശ സഭയുടെ നേതൃത്വത്തിൽ സാംസ്ക്കാരിക ദിനം സംഘടിപ്പിച്ചു. ഗുരുമാർഗ്ഗം പ്രകാശ സഭ പ്രസിഡന്റ് ശശി ഉദയഭാനു അദ്ധ്യക്ഷനായിരുന്ന സാംസ്ക്കാരിക സമ്മേളനം ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി പദ്മപ്രകാശ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഡോ.ബീന, ആനന്ദ്, ചന്ദ്രബാബു ചിറ്റേക്കാട്ട്, അജിത്ത് കുമാർ, റാം മനോഹർ എന്നിവർ സംസാരിച്ചു. ബ്രഹ്മശ്രീ കരുണാകരഗുരു വിഭാവനം ചെയ്ത വിശ്വ സാംസ്ക്കാരിക നവോത്ഥാന കേന്ദ്രം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബ്രഹ്മശ്രീ കരുണാകര ഗുരുവിന്റെ ആശയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ഫാത്തിമത്ത് മുഹ്സിന (15) നിര്യാതയായി

ഫാത്തിമത്ത് മുഹ്സിന (15) നിര്യാതയായി

അഴൂര്‍ ഗാന്ധിസ്മാരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഫാത്തിമ മന്‍സിലില്‍ ഫാത്തിമത്ത് മുഹ്സിന (15) മരണപ്പെട്ടു. വെയിലൂര്‍ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി യായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഇരുപതു ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ നടന്നു. പിതാവ് നിയാസ്, മാതാവ് റഫീക്കത്ത്, സഹോദരിമാര്‍ ഫാത്തിമത്ത് നസീഹ, ഫാത്തിമത്ത് സാജിദ.

വർക്കല റിസോർട്ടിൽ പോലീസിന്റെ റെയിഡ്

വർക്കല റിസോർട്ടിൽ പോലീസിന്റെ റെയിഡ്

വർക്കല റിസോർട്ടിൽ പോലീസിന്റെ റെയിഡ്. മദ്യവും മയക്കുമരുന്നും വില്പന നടക്കുന്നു എന്ന് തിരുവനന്തപുരം യോദ്ധാവ് കൺട്രോൾ റൂമിലേയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. ഡാൻസാഫ് ടീമിന്റെയും പോലീസിന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു റെയിഡ്. തിരുവമ്പാടി ബീച്ചിൽ ഗോഡ്സ് ഓൺ കൺട്രി കിച്ചൺ എന്ന റിസോർട്ടിന്റെ സമീപത്തു തന്നെ അവിടത്തെ ജീവനക്കാർ താമസിക്കുന്ന വീട്ടിൽ നിന്നും മദ്യശേഖരവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.

റിസോർട്ട് ജീവനക്കാരായ വർക്കല പെരുങ്കുളം സ്വദേശിയായ കണ്ണൻ എന്ന് വിളിക്കുന്ന വിനോദ്, കോവളം സ്വദേശിയായ മുഹമ്മദ് ഹാജ, ഇടവ സ്വദേശിയായ മുഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. റിസോർട്ട് ഉടമയുടെ പേരിലും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വർക്കല സ്വദേശികളായ ഹസ്സൻ, ഷാഹിദ് എന്നിവരാണ് ഉടമകൾ.

കലാഭവൻമണി സേവന സമിതി; നിറവ് അവാർഡ് നൈറ്റിന്റെ പോസ്റ്റർ റിലീസ് നിർവഹിച്ച് ബോച്ചേ

കലാഭവൻമണി സേവന സമിതി; നിറവ് അവാർഡ് നൈറ്റിന്റെ പോസ്റ്റർ റിലീസ് നിർവഹിച്ച് ബോച്ചേ

കലാഭവൻമണി സേവന സമിതി 2023 ജനുവരി ഒന്നാം തീയതി കലാഭവൻ മണിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് നടത്തുന്ന സമൂഹവിവാഹം മംഗല്യ മണിനാദത്തിന്റെയും നിറവ് അവാർഡ് നൈറ്റിന്റെയും പോസ്റ്റർ റിലീസ് ഇന്ന് നിർവഹിച്ചു. ബിസിനസ്മാനും ചാരിറ്റി പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിന് കലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് പോസ്റ്റർ നൽകി ഉദ്ഘാടനം നിർവഹിച്ചു. കലാഭവൻ മണി സേവന സമിതി സെക്രട്ടറി രാജേഷ് തിരുമേനി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ചൈനയിലെ വകഭേദം ആദ്യമായി ഇന്ത്യയിലും; ജാഗ്രത

ചൈനയിലെ വകഭേദം ആദ്യമായി ഇന്ത്യയിലും; ജാഗ്രത

ഡല്‍ഹി: ചൈനയില്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമൈക്രോൺ വകഭേദം ഗുജറാത്തില്‍ 61 വയസ്സുകാരിയ്ക്കാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് അടുത്തിടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോര്‍ട്ട്.

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവസാംപിളുകള്‍ ശേഖരിക്കുന്നത് പുനരാരംഭിച്ചു. കൊറോണ വൈറസ് റാന്‍ഡം പരിശോധനയാണ് തുടങ്ങിയത്. നിലവില്‍ രാജ്യത്ത് കൊറോണ വൈറസിന്റെ 10 വ്യത്യസ്ത വകഭേദങ്ങളാണുള്ളത്. ഏറ്റവും പുതിയ വേരിയന്റ് ബിഎഫ്.7 ആണ്. നിലവില്‍ ഒമൈക്രോണിന്റെ വിവിധ വകഭേദങ്ങളാണ് രാജ്യത്ത് പ്രചരിക്കുന്നത്. അതേസമയം ഡെല്‍റ്റ വകഭേദം പൂര്‍ണമായും പോയിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.

കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സജ്ജമാണെന്നും ഉന്നതതലയോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ജനക്കൂട്ടങ്ങളുള്ള സ്ഥലം, അടച്ചിട്ട സ്ഥലം തുടങ്ങി എല്ലാ സ്ഥലത്തും ജനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നീതി ആയോഗ് ( ഹെല്‍ത്ത്) അംഗം ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും ഇത് കര്‍ശനമായും പാലിക്കണം. രാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. പ്രായമേറിയവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസ് സ്വീകരിക്കണം. പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലും തെങ്ങിലും ഇടിച്ചു; ആളപായമില്ല

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലും തെങ്ങിലും ഇടിച്ചു; ആളപായമില്ല

ആറ്റിങ്ങൽ: സ്വകാര്യ ബസ് യാത്രക്കാരുമായി നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിച്ചു നിന്നു. മേലാറ്റിങ്ങൽ പേരാണം ക്ഷേത്രത്തിന് സമീപം വൈകുന്നേരം 4.30ന് ആണ് അപകടം. അറ്റിങ്ങലിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന ബസ് എതിർ ദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കാതിരിയ്ക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മതിലിലും തെങ്ങിലും ഇടിച്ചു നിൽക്കുകയായിരുന്നു. അപകട സമയത്ത് ബസിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നിസാര പരുക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. യാത്രക്കാർ വൻ ദുരന്തത്തിൽ നിന്നുമാണ് രക്ഷപെട്ടത്.