കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മകനായസമർഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിൻ്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്.

എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട് കാർ പുഴയിലേക്ക് മറിഞ്ഞു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. കാറിൽ നിന്നും പുറത്തെടുത്തപ്പോൾ തന്നെ മരണപ്പെട്ട മൂന്ന് പേരും അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു.

പുഴയിലേക്ക് മറിഞ്ഞ കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാറിൽ നിന്നും പുറത്തെടുത്തപ്പോൾ തന്നെ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. എല്ലാവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവശനിലയിലായ മൂന്ന് പേരും പിന്നീട് മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിന്റെ മകനായ ശരത്തിനെ നാട്ടുക്കാര്‍ രക്ഷപെടുത്തി. ശരത്താണ് കാറോടിച്ചിരുന്നത് എന്നാണ് വിവരം. വാഹനം പൂർണമായും പുഴയിൽ മുങ്ങിപ്പോയതാണ് മരണസംഖ്യ കൂടാൻ കാരണമായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും, ഇരിങ്ങാലക്കുടയിലെ അഗ്നിരക്ഷാ ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

കേരളത്തോട് കടപ്പെട്ടിരിക്കുന്നു; മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് ലിയോണല്‍ മെസിയും സംഘവും

കേരളത്തോട് കടപ്പെട്ടിരിക്കുന്നു; മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് ലിയോണല്‍ മെസിയും സംഘവും

ഖത്തര്‍ ലോകകപ്പില്‍ തങ്ങളെ പിന്തുണച്ചതിന് കേരളത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം. ട്വിറ്ററിലൂടെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിന് ഔദ്യോഗികമായി നന്ദി അറിയിച്ചത്. കേരള ഫുട്‌ബോള്‍ ആരാധകര്‍ക്ക് നല്‍കുന്ന അംഗീകരമായി മാറി ഈ നന്ദി പ്രകാശനം.

ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവര്‍ക്ക് നന്ദി പറയുമ്പോള്‍ കേരളത്തിന്റെ പിന്തുണയ്ക്ക് സ്‌പെഷ്യല്‍ മെന്‍ഷന്‍ നല്‍കാനും അര്‍ജന്റീന മറന്നില്ല.

നേരത്തെ നെയ്മര്‍ ജൂനിയറും കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. കേരളത്തിലുയര്‍ത്തിയ ഒരു കട്ടൗട്ടിന്റെ ചിത്രം പങ്കുവെച്ചാണ് നെയ്മര്‍ കേരളത്തിന് നന്ദി പറഞ്ഞത്.

മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും മൂന്ന് ഗോള്‍വീതമാണ് ഇരുടീമും നേടിയത്. ഇതാണ് മത്സരം പെനാല്‍റ്റിയിലേക്ക് മാറിയത്. ഷൂട്ടൗട്ടില്‍ നാലു അര്‍ജന്റീനന്‍ താരങ്ങള്‍ ഗോളടിച്ചപ്പോള്‍ ഫ്രഞ്ച് പടയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.

ഗോണ്‍സാലോ മോണ്ടിയേല്‍, ലിയനാര്‍ഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണല്‍ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാന്‍സ് നിരയില്‍ രണ്ടല്‍ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാല്‍ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി.

മെഡിക്കൽ സ്റ്റോറിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

മെഡിക്കൽ സ്റ്റോറിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേയ്ക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് . മുൻ പരിചയം ഉള്ളവർക്ക് മുൻഗണന, ബയോഡേറ്റ 9496813931, എന്ന വാട്സ് അപ്പ്‌ നമ്പറിലേക്ക് അയക്കുക.

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു

യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യാത്രക്കാര്‍ ഓടുന്ന ട്രെയിനില്‍ വച്ച് 20കാരനെ ക്രൂരമായി മര്‍ദിക്കുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഷാജഹാന്‍പൂരിലെ തില്‍ഹാര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള തൂണില്‍ തലയിടിച്ച് ഇയാള്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലേക്കുള്ള അയോധ്യ കാന്‍ഡ് ഓല്‍ഡ് ഡല്‍ഹി എക്‌സ്പ്രസിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ പിറ്റേദിവസം അതേ കമ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള മറ്റൊരു യാത്രക്കാരന്‍ ചിത്രീകരിച്ച 66 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പൊലീസ് കണ്ടെടുത്തിരുന്നു. വീഡിയോയില്‍ യുവാവിനെ ആളുകള്‍ മര്‍ദിക്കുന്നതും ചിരിക്കുന്നതും കാണാം. മര്‍ദിക്കരുതെന്ന് യുവാവ് കേണപേക്ഷിച്ചിട്ടും ആരും അത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. അതിനിടെ മറ്റൊരു യാത്രക്കാരന്‍ ഇയാളെ അസഭ്യം പറയുകയും ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പുറത്തേക്ക് എറിയുകയുമായിരുന്നു

ഷാജഹാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി ട്രെയിനില്‍ യാത്രക്കാരിയായ യുവതി പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ലഖ്നൗവില്‍ നിന്ന് ട്രെയിനില്‍ കയറിയതായി കരുതുന്ന ഒരാളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു, തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന ആള്‍ക്കൂട്ടം അരമണിക്കൂറോളം നേരം യുവാവിനെ മര്‍ദിക്കുകയും ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ട്രാക്കില്‍ വികൃതമായ രീതിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായും തലയില്‍ ആഴത്തിലുള്ള മുറിവും ഒരു കാല്‍ അറ്റുപോയ നിലയിലുമായിരുന്നെന്നും പൊലീസ് പറഞ്ഞു.

ട്രെയിനിൽ വച്ച് യാത്രക്കാരനെ മര്‍ദിക്കുന്നവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

അമിതവേഗതയിൽ വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

അമിതവേഗതയിൽ വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

കിളിമാനൂർ അടയമൺ, തൊളിക്കുഴിറോഡിൽ കുമ്മിൾ ഭാഗത്ത് നിന്നും അമിതഭാരം കയറ്റിയ പാറകളുമായി അമിതവേഗതയിൽ വന്ന 12വീലുകളുള്ള ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരു വീടും വീട്ടിലുള്ളവരും അപകടത്തിൽ പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഈ റോഡ് വഴി പാറക്വാറികളിൽനിന്നും അമിതഭാരം കയറ്റിയ നൂറ് കണക്കിന് ടോറസ് ലോറികൾ ഓടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിലും വെഹിക്കിൾ ഇൻസ്പെക്ടർക്കും പിഡബ്ല്യുഡി അധികൃതർക്കും സ്ഥലവാസികൾ പരാതി നൽകിയിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല.

പഞ്ചായത്തിലും പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഈ റോഡിൽക്കൂടി സ്ക്കൂൾ കുട്ടികളടക്കമുള്ള കാൽനടക്കാർക്ക് ജീവന് ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. അധികൃതരും, പഞ്ചായത്തും, പോലീസും, മരാമത്ത് വകുപ്പും, മോട്ടോർ വാഹനവകുപ്പും ഉടൻ നടപടി എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ 2021-22 വർഷത്തെ വാർഷിക പൊതുയോഗം മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടന്നു. ജനാധിപത്യ സഹകരണ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.ജയചന്ദ്രൻ നായർ, ഭരണ സമിതി അംഗങ്ങളായ ജി.വിഷ്ണുരാധൻ, എൻ. സാബു, ജെ. ശ്രീകുമാരൻപിള്ള, ബി. ഷിബുകുമാർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി കെ.ജി. ബീനാകുമാരി റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു.