ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു

ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു

ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. വിജയാഘോഷത്തിനൊപ്പം പോവുകയായിരുന്ന അക്ഷയ് പെട്ടെന്ന് തളര്‍ന്ന് റോഡ് വക്കില്‍ വീഴുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാകൂ. കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു അക്ഷയ്.

ചലച്ചിത്ര മേളയില്‍ നിന്നു സിനിമ പിന്‍വലിയ്ക്കുകയാണെന്ന് ജിയോ ബേബി

ചലച്ചിത്ര മേളയില്‍ നിന്നു സിനിമ പിന്‍വലിയ്ക്കുകയാണെന്ന് ജിയോ ബേബി

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടകനായി എത്തുന്ന ഫിലിം ഫെസ്റ്റിവലില്‍നിന്നു സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നു ‘ഫ്രീഡം ഫൈറ്റ്’ സിനിമ പിന്‍വലിക്കുകയാണെന്ന് ജിയോ ബേബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജാതിവിവേചന ആരോപണം നേരിടുന്ന ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

കുറിപ്പ്: ഫ്രീഡം ഫൈറ്റ് എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ, ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിമിൽ നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങൾ നേരിടുന്ന, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രധിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്റെ/ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 4995 രൂപയും പവന് 39,960 രൂപയുമായിരുന്നു.ഇന്ന് ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22കാരറ്റ് സ്വര്‍ണത്തിന്‍രെ ഇന്നത്തെ ഔദ്യോഗിക വില 4960 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 39,680 രൂപയിലെത്തി.

റോഡ് മുറിച്ചു കടക്കവെ, വയോധികന്‍ ബസ് ഇടിച്ച്  മരിച്ചു

റോഡ് മുറിച്ചു കടക്കവെ, വയോധികന്‍ ബസ് ഇടിച്ച് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിന്‍ ആന്റണി (66) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ഒന്‍പതാം ക്ലാസുകാരിയുടെ വിവാഹം തടഞ്ഞു സുഹൃത്തുക്കൾ

ഒന്‍പതാം ക്ലാസുകാരിയുടെ വിവാഹം തടഞ്ഞു സുഹൃത്തുക്കൾ

കൊല്‍ക്കത്ത: പെണ്‍കുട്ടിയുടെ ഇഷ്ടമില്ലാതെ വീട്ടുകാര്‍ നടത്താന്‍ തീരുമാനിച്ചുറച്ച വിവാഹം സഹപാഠികള്‍ തടഞ്ഞു. ബംഗാളിലെ ഗോലാറിലെ സുശീല ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് തങ്ങളുടെ സഹപാഠി ഒരാഴ്ചയായി ക്ലാസില്‍ വരുന്നില്ലെന്ന കാര്യം ശ്രദ്ധിച്ചത്. ഇതേതുടര്‍ന്ന് വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന് അവര്‍ മനസിലാക്കി. തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ഥികള്‍ സഹപാഠിയെ സ്‌കൂളിലേയ്ക്ക് അയക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. പ്രശ്‌നം മനസിലാക്കിയ വീട്ടുകാര്‍ പിന്‍വാതിലിലൂടെ കുട്ടിയെ വരന്റെ വീട്ടിലെത്തിച്ചു.

ഇതറിഞ്ഞ സഹപാഠികള്‍ വരന്റെ വീട്ടിലെത്തി, സഹപാഠിയെ വിട്ടയച്ചില്ലെങ്കില്‍ അനശ്ചിതകാലസമരം നടത്തുമെന്ന് അറിയിച്ചു. പ്രശ്‌നമാകുമെന്നറിഞ്ഞതോടെ വരനും വീട്ടുകാരും പെണ്‍കുട്ടിയെ സഹപാഠികള്‍ക്കൊപ്പം വിട്ടു. അവര്‍ അവളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടികളുടെ നടപടിയെ പ്രശംസിച്ച പ്രധാന അധ്യാപകന്‍, അവരുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് ഈ വിവാഹം തടയാന്‍ കഴിഞ്ഞതെന്നും പറഞ്ഞു. പതിനെട്ടുവയസിന് മുന്‍പ് മകളെ വിവാഹം കഴിച്ച് നല്‍കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയതായി കേശ്പൂര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് നേരത്തെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ പറഞ്ഞു.

ഇന്ത്യ ചൈന സംഘ‌ർഷം; രാജ്യസഭയിൽ ചർച്ചയ്ക്ക് നോട്ടീസ് നൽകി കോൺഗ്രസ്

ഇന്ത്യ ചൈന സംഘ‌ർഷം; രാജ്യസഭയിൽ ചർച്ചയ്ക്ക് നോട്ടീസ് നൽകി കോൺഗ്രസ്

ഇന്ത്യ ചൈന സംഘ‌ർഷത്തില്‍ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. വിഷയം രാജ്യസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി നോട്ടീസ് നൽകി. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസ്സപ്പെടുത്താൻ നീക്കം ഉണ്ടായേക്കും. തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്‍റെ പരാമർശം ചൈന അനുകൂലമാണെന്നാണ് ബിജെപി ആരോപണം.