കേരളാ പോലീസിൽ ചേരാൻ അവസരം

കേരളാ പോലീസിൽ ചേരാൻ അവസരം

ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.

▪️വിദ്യാഭ്യാസ യോഗ്യത

ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

▪️പ്രായപരിധി.

18 – 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു)

▪️ശാരീരിക യോഗ്യതകൾ.

ഉയരം – 167 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18/01/2023

യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്

സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍

സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. 2 % വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. സാധാരണ ബ്രാന്‍റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാരിന്‍റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2 % വിൽപ്പന നികുതി വർദ്ധിക്കും. മദ്യവില വർദ്ധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് മദ്യത്തിന് പുതിയ നിരക്കില്‍ വില്പന ആരംഭിച്ചത്.

ജനുവരി ഒന്ന് മുതൽ 9 ബ്രാൻഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും വില വര്‍ദ്ധന എത്രയും വേഗം നിലവില്‍ വരുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ വില വര്‍ദ്ധന നടപ്പിലാക്കിയത്. വിവിധ ബ്രാന്‍റികളുടെ വിലയില്‍ 10 രൂപ മുതലുള്ള വര്‍ദ്ധനവ് രേഖപ്പെടുത്തും. നാല് ശതമാനം വില്‍പ്പന നികുതിയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് രണ്ട് ശതമാനം വര്‍ദ്ധനവ് ഉപഭോക്താവ് നല്‍കിയാല്‍ മതിയെന്ന് ബെവ്കോയുടെ അറിയിപ്പില്‍ പറയുന്നു. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. സാധാരണ ബ്രാന്‍റുകള്‍ക്ക് മാത്രമാണ് വില വര്‍ദ്ധന ബാധകമാവുക. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്ന് മുതൽ പുതിയ വിലക്ക് വിൽപ്പന തുടങ്ങുകയായിരുന്നു.

‘ഇനി യാതൊരു അനുകമ്പയും ഇല്ല’; മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി

‘ഇനി യാതൊരു അനുകമ്പയും ഇല്ല’; മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി

കൊച്ചി: മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹരായ ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. കൊച്ചി സിറ്റി റേഷനിങ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന അനര്‍ഹര്‍ക്ക് കാര്‍ഡുകള്‍ തരം മാറ്റുന്നതിനായി 10 മാസത്തെ സമയം നല്‍കിയിരുന്നു. 1,72,312 പേരാണ് സ്വയം സന്നദ്ധരായി കാര്‍ഡ് തരംമാറ്റത്തിനു തയ്യാറായത്. അര്‍ഹരായ ആളുകള്‍ക്ക് അവകാശപ്പെട്ട അനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇതുവഴി സാധ്യമായി. മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള അനര്‍ഹര്‍ക്കെതിരെയുള്ള നിയമ നടപടി വകുപ്പ് ആരംഭിച്ചു. എട്ടായിരം പേര്‍ക്കെതിരെയുള്ള പരാതികള്‍ വകുപ്പിന്റെ പരിഗണനയിലാണ്. 1.27 കോടി രൂപയാണ് ഇതുവരെ പിഴയിനത്തില്‍ ഈടാക്കിയതെന്നും മന്ത്രി പറഞ്ഞു. സ്വയമേ കാര്‍ഡുകള്‍ തരംമാറ്റിയവര്‍ക്കെതിരെ യാതൊരു നിയമ നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നൂറു ശതമാനം റേഷന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഭക്ഷ്യ വിതരണ സമ്പ്രദായത്തെ കുറ്റമറ്റ രീതിയിലേക്ക് എത്തിക്കാന്‍ ഇതുവഴി സാധ്യമായി. പൊതു വിതരണ സംവിധാനം പൂര്‍ണമായും സുതാര്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വിലക്കയറ്റത്തെ സാധാരണക്കാര്‍ക്ക് ബാധിക്കാത്ത രീതിയില്‍ വിപണി ഇടപെടല്‍ നടത്താന്‍ പൊതു വിതരണ വകുപ്പിന് സാധിച്ചിട്ടുണ്ട്. 13 ഉല്‍പന്നങ്ങള്‍ പകുതി വിലയിലും അരി വിപണി വിലയെക്കാള്‍ താഴെയും വിതരണം വിതരണം ചെയ്യാന്‍ സാധിച്ചത് പൊതുജനങ്ങള്‍ക്ക് സഹായകമായെന്നും മന്ത്രി പറഞ്ഞു.

കെ.ജെ മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ കെ. ബാബു, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ ഡോ. ഡി.സജിത്ത് ബാബു, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം. ഹബീബുള്ള, ജില്ലാ സപ്ലൈ ഓഫീസര്‍ ബി. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

മഹാമാരികളെ നേരിടാന്‍ മുന്നൊരുക്കം; ഒരു ആശുപത്രിയില്‍ പത്തു കിടക്കകള്‍; ആധുനിക ഐസൊലേഷന്‍ വാര്‍ഡ് എല്ലാ നിയോജക മണ്ഡലത്തിലും

മഹാമാരികളെ നേരിടാന്‍ മുന്നൊരുക്കം; ഒരു ആശുപത്രിയില്‍ പത്തു കിടക്കകള്‍; ആധുനിക ഐസൊലേഷന്‍ വാര്‍ഡ് എല്ലാ നിയോജക മണ്ഡലത്തിലും

തിരുവനന്തപുരം: കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലും ആധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡാണ് സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാജോര്‍ജ് അറിയിച്ചു. എം.എല്‍.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എല്‍. ആണ്. ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി അനുമതി നല്‍കിയ 90 ആശുപത്രികളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ബാക്കിയുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സി.എച്ച്.സി. പൂവാര്‍, കൊല്ലം സി.എച്ച്.സി. നെടുങ്കോലം, സി.എച്ച്.സി. നെടുമ്പന, സി.എച്ച്.സി. തെക്കുംഭാഗം, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, സി.എച്ച്.സി. പഴഞ്ഞി, സി.എച്ച്.സി. പഴയന്നൂര്‍, മലപ്പുറം സി.എച്ച്.സി. വളവന്നൂര്‍, കോഴിക്കോട് ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, ഗവ. ഡെര്‍മറ്റോളജി ചേവായൂര്‍ എന്നിവിടങ്ങളിലെ ഐസോലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

പ്രീ എഞ്ചിനീയര്‍ഡ് സ്ട്രക്ച്ചര്‍ ഉപയോഗിച്ചാണ് 2,400 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്‌റ്റോര്‍, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്‌റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികള്‍ ഓരോ ഐസോലേഷന്‍ വാര്‍ഡിലും സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷംസ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,995 രൂപയും പവന് 39,960 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 4,970 രൂപയിലും പവന് 39,760 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്.

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമെന്ന് പോലീസ്

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമെന്ന് പോലീസ്

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം. അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് യുകെ പൊലീസ്. വ്യാഴാഴ്ചയാണ് അഞ്ജുവിനേയും രണ്ട് മക്കളേയും ബ്രിട്ടനിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തും മുന്‍പേ അഞ്ജു മരിച്ചു. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു അഞ്ജു. നാലും ആറും വയസുള്ള കുട്ടികളാണ് മരിച്ചത്. കൊലപാതക വിവരങ്ങള്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സാജു 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ തുടരുമെന്ന് യുകെ പൊലീസ് കുടുംബത്തെ അറിയിച്ചു.

ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗംലം സ്വദേശിയാണ് അഞ്ജു. അഞ്ജു ഏറെ നാളായി വിഷാദത്തിലായിരുന്നു എന്ന് പിതാവ് അശോകന്‍ പറയുന്നു. ജോലിയില്ലാത്തതിന്റെ വിഷമത്തിലായിരുന്നു അഞ്ജുവിന്റെ ഭര്‍ത്താവ് സാജു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണം അയച്ചിരുന്നില്ല. വീട്ടില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അഞ്ജുവിനും മക്കള്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാരും പൊലീസും വീട്ടില്‍ വെച്ച് ചികിത്സ ലഭ്യമാക്കി. അഞ്ജു ആശുപത്രിയിലേക്ക് പോകും വഴിയും കുട്ടികള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയ വിവാഹമായിരുന്നു അഞ്ജുവിന്റേയും സാജുവിന്റേയും.