ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമെന്ന് പോലീസ്

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമെന്ന് പോലീസ്

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം. അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് യുകെ പൊലീസ്. വ്യാഴാഴ്ചയാണ് അഞ്ജുവിനേയും രണ്ട് മക്കളേയും ബ്രിട്ടനിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തും മുന്‍പേ അഞ്ജു മരിച്ചു. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു അഞ്ജു. നാലും ആറും വയസുള്ള കുട്ടികളാണ് മരിച്ചത്. കൊലപാതക വിവരങ്ങള്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സാജു 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ തുടരുമെന്ന് യുകെ പൊലീസ് കുടുംബത്തെ അറിയിച്ചു.

ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗംലം സ്വദേശിയാണ് അഞ്ജു. അഞ്ജു ഏറെ നാളായി വിഷാദത്തിലായിരുന്നു എന്ന് പിതാവ് അശോകന്‍ പറയുന്നു. ജോലിയില്ലാത്തതിന്റെ വിഷമത്തിലായിരുന്നു അഞ്ജുവിന്റെ ഭര്‍ത്താവ് സാജു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണം അയച്ചിരുന്നില്ല. വീട്ടില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അഞ്ജുവിനും മക്കള്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാരും പൊലീസും വീട്ടില്‍ വെച്ച് ചികിത്സ ലഭ്യമാക്കി. അഞ്ജു ആശുപത്രിയിലേക്ക് പോകും വഴിയും കുട്ടികള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയ വിവാഹമായിരുന്നു അഞ്ജുവിന്റേയും സാജുവിന്റേയും.

ആറ്റിങ്ങലിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

ആറ്റിങ്ങലിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലംമുക്ക് ഭാഗത്ത് നിന്നും കാറിൽ കടത്തികൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. പ്രതി കാറിൽ കടത്തിക്കൊണ്ട് വന്ന 2.233ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.

അവനവഞ്ചേരി ഭാഗത്ത് യുവാക്കളും വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ സർക്കിൾ ഓഫീസിലെ കൺട്രോൾ റൂം ടീമും എക്സൈസ് ഷാഡോ ടീമും ചേർന്നു അവനവഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി പ്രദേശത്ത് സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നതായും പ്രതി അത് ഉപയോഗിക്കുന്നതായും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

‘ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു’; തോമസ് കെ. തോമസിനെതിരെ പരാതിക്കാരിയുടെ മൊഴി

‘ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു’; തോമസ് കെ. തോമസിനെതിരെ പരാതിക്കാരിയുടെ മൊഴി

ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരായ ജാതി അധിക്ഷേപക്കേസിൽ പരാതിക്കാരിയുടെ മൊഴിപക‍ർപ്പിൽ യോഗത്തിന് മുമ്പേ തന്നെ എംഎൽഎ അസഭ്യം പറഞ്ഞെന്നും പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ അധിക്ഷേപിച്ചു, ചുമലിൽ പിടിച്ച് തള്ളിയെന്നും മൊഴിപ്പകർപ്പിലുണ്ട്.

യോഗം തുടങ്ങിയപ്പോൾ പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിലിരുന്നു. പുറത്തുള്ളവർ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും തുടർന്ന് എംഎൽഎ ചുമലിൽ പിടിച്ചു തള്ളിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി. നിന്നെ പോലുള്ള ജാതികളെ പാർട്ടിയിൽ വേണ്ടെന്ന് പറഞ്ഞുവെന്നും തന്നെ അടിക്കാൻ ഓങ്ങിയപ്പോൾ മറ്റുള്ളവർ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു. എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡൻ്റാണ് ജിഷ.

ആർ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ആർ ബി ജിഷയുടെ നിറം പറഞ്ഞ് ഷേർലി തോമസ് ആക്ഷേപിച്ചു. പിന്നാലെ നേതാക്കൾ തമ്മിൽ പരസ്‍പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിക്കുന്നുണ്ട്.

ജിഷയുടെ പരാതിയിൽ എംഎൽഎയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. പാർട്ടി യോഗങ്ങളിലും ഔദ്യോഗിക മീറ്റിംഗുകളിലും തോമസ് കെ തോമസ്, ഭാര്യ ഷേർലിയുമായി പങ്കെടുക്കുന്നു എന്ന് പ്രവർത്തകർക്കിടയിൽ നേരത്തെ മുതല്‍ ആക്ഷേപമുണ്ട്. മണ്ഡലം പ്രസിഡന്‍റ് ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തിനെത്തിയതെന്ന് എംഎല്‍എ പ്രതികരിച്ചു. നിയമസഭയില്‍ നിന്ന് മടങ്ങുന്ന വഴിയായതിനാലാണ് ഭാര്യയെ ഒപ്പം കൂട്ടിയതെന്നും എംഎല്‍എ പറയുന്നു.

കെഎസ്ആർടിസി ജീവനക്കാർ പഴയ കാക്കി യൂണിഫോമിലേക്ക്; ജനുവരി മുതൽ മാറ്റം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ പഴയ കാക്കി യൂണിഫോമിലേക്ക് തിരിച്ചുവരുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. എട്ട് വർഷങ്ങൾക്കു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മാറുന്നത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബൾക്ക് ഓര്‍ഡര്‍ ഉടന്‍ നൽകും. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യമാണ് മാനേജ്മെന്‍റിന്‍റെ അംഗീകരിച്ചത്.

മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാൻ ആയിരുന്നു മാറ്റം. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും.

ടിപി സൂരജിന് റെഡ് ഇന്‍ക് പുരസ്‌കാരം

ടിപി സൂരജിന് റെഡ് ഇന്‍ക് പുരസ്‌കാരം

മുംബൈ: മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇന്‍ക് ദേശീയ ഫോട്ടോ ഗ്രാഫി പുരസ്‌കാരം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ചീഫ് ഫോട്ടോഗ്രഫര്‍ ടിപി സൂരജ്. ബിഗ് പിക്ചര്‍ വിഭാഗത്തിലാണ് സൂരജിന് പുരസ്‌കാരം. വെള്ളിയാഴ്ച മുംബൈ ജംഷെഡ് ബാബ തീയറ്ററില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിന്റെ ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്.

ജനുവരി ഒന്ന് മുതല്‍ മദ്യവില കൂടും

ജനുവരി ഒന്ന് മുതല്‍ മദ്യവില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതൽ വർധിക്കും. മദ്യത്തിന്റെ വില്പന നികുതി കൂട്ടാൻ ഉള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടു. നാല് ശതമാന ആണ് വില്പന നികുതി കൂട്ടുക. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വെച്ചപ്പോൾ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നഷ്ടം ഒഴിവാക്കാനായി വിൽപ്പന നികുതി കൂട്ടിയത്. ജനുവരി ഒന്ന് മുതൽ മദ്യത്തിന്റെ വില കൂട്ടുന്നതിനും ടേൺ ഓവർ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം നൽകുന്നതാണ് ബിൽ. കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്.