പൂവാറിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി ‘വെയിൽ ഷാർക്ക്’

പൂവാറിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി ‘വെയിൽ ഷാർക്ക്’

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കൂറ്റൻ വെള്ളുടുമ്പ്. കരയിൽ എത്തിയ വെയിൽ ഷാർക്ക് എന്നറിയപ്പെടുന്ന വെള്ളുടുമ്പിനെ നാല് മണിക്കൂറിന് ശേഷം ഉൾക്കടലിലേക്ക് മടക്കി വിട്ടു. ഇന്നലെ രാവിലെ എട്ടോടെ പൂവാർ പുതിയതുറ തീരത്ത് നിന്ന് കമ്പവലക്ക് മീൻ പിടിക്കാനിറങ്ങിയവരുടെ വലയിലാണ് അപൂർവ്വയിനം ആൺ വെള്ളുടുമ്പ് കുടുങ്ങിയത്. ഏകദേശം അഞ്ച് ടണ്ണോളം ഭാരമുള്ള കൂറ്റൻ മത്സ്യത്തെ ഏറെ സാഹസപ്പെട്ട് തീരത്തേക്ക് അടുപ്പിച്ച മത്സ്യത്തൊഴിലാളികൾ തിരയോട് ചേർന്ന് ഉപേക്ഷിച്ചു.

തിരയടിയിൽപ്പെട്ട് വെള്ളുടുമ്പ് ചത്തുപോയെന്ന് കരുതിയ മത്സ്യത്തൊഴിലാളികൾ മറൈൻ എൻഫോഴ്സ്മെന്റിനെയും ഫിഷറീസ് വിഭാഗത്തെയും വിവരമറിയിച്ചു. ഇതിനിടയിൽ തിമിംഗല സംരക്ഷക വിഭാഗമായ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വോളന്റിയർ ആയ അജിത്തും സ്ഥലത്ത് എത്തി. പരിശോധനയിൽ ജീവനുള്ളതായി മനസിലാക്കിയ ഇയാൾ തീരദേശവാസികളുടെ സഹായത്തോടെ കടലിലേയ്ക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തി. ആദ്യ ശ്രമത്തിൽ കുറച്ച് ദൂരം പോയ തിമിംഗലം തിരികെ കരയിലേക്ക് നീന്തിയെത്തി. മത്സ്യ ഭീമൻ ഉൾക്കടലിലേക്ക് തന്നെ തിരികെ മടങ്ങിയതാേടെ രണ്ടാം ശ്രമം വിജയിച്ചു. സാധാരണ ചെകിളപ്പൂക്കളിൽ മണൽ നിറഞ്ഞാൽ ഇവ ചത്തുപോവുകയാണ് പതിവ്.

എന്നാൽ ഇന്നലെ രാവിലെ തിരയടി കുറവായത് ജീവൻ നിലനിർത്താൻ കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.മനുഷ്യനെ ഉപദ്രവിക്കാത്ത വെള്ളുടുമ്പുകൾ ഭക്ഷ്യയോഗ്യമല്ല. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന വിഭാഗത്തിൽ നമ്പർ വൺ കാറ്റഗറിയിൽപ്പെട്ട ഇവയെ പിടികൂടുന്നതും കുറ്റകരമാണ്. ഉൾക്കടലിൽ മാത്രം കൂട്ടത്തോടെ കണ്ടുവരുന്ന കൂറ്റൻ വെയിൽ ഷാർക്കുകൾ അടുത്ത കാലത്താണ് തീരത്തോട് അടുത്ത് വരുന്നത്. ഇന്ത്യയിൽ ഗുജറാത്ത് തീരത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഷാർക്കുകൾ പ്രത്യേകിച്ച് ഒരു സ്ഥലത്ത് തങ്ങി നിൽക്കാതെ നിരന്തരം സഞ്ചരിക്കുന്നതിനിടയിലാകാം ദിശതെറ്റി കരയിലേക്ക് വരുന്നതെന്നും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് മാനേജർ സെയ്ദു പറഞ്ഞു.

പരീക്ഷണത്തിൽ വീണ്ടും കരുത്തുറപ്പിച്ച് അഗ്‌നി- 5

പരീക്ഷണത്തിൽ വീണ്ടും കരുത്തുറപ്പിച്ച് അഗ്‌നി- 5

ഇന്ത്യയുടെ നവീനവും കരുത്തേറിയതുമായ ആണവ–ഭൂഖണ്ഡ‍ാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി –5’ന്റെ രാത്രി പരീക്ഷണം വിജയം. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് ഇന്നലെ വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം. അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ്, ഇന്ത്യ വിജയകരമായി മിസൈൽ പരീക്ഷണം നടത്തിയത്.

അഗ്നി 5 മിസൈലുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായിരുന്നു പരീക്ഷണം. ഈ മിസൈലിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിടാനുള്ള ശേഷിയുണ്ട്. 2012 ൽ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്നി 5 മിസൈലിന്റെ ഒൻപതാം പരീക്ഷണമാണ് ഇന്നലത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഗ്നി–1 (ദൂരപരിധി: 700 കിലോമീറ്റർ), അഗ്നി–2 (2000 കിലോമീറ്റർ), അഗ്നി–3,4 (2500–3000 കിലോമീറ്റർ) എന്നീ മിസൈലുകൾ നിലവിൽ ഇന്ത്യയ്ക്കുണ്ട്. ഇവയ്ക്കു പുറമെ, 8000- 10,000 കിലോമീറ്റർ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന കരയിൽ നിന്നും കടലിൽ നിന്നും വിക്ഷേപിക്കാവുന്ന അഗ്നി 6–ന്റെ പണിപ്പുരയിലാണ് ഇന്ത്യ.

ട്രെയിനിൽ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ട്രെയിനിൽ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിലായി. തലശ്ശേരി പാനൂർ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്. റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണു സംഭവം. ജനറൽ കംപാർട്മെന്റിൽ യാത്രക്കാർ കുറവായിരുന്നു. ഈ സമയം ഇയാൾ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. കോട്ടയം റെയിൽവേ എസ്എച്ച്ഒ പി റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

പ്രവേശന പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

പ്രവേശന പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് യുജി മെയ് ഏഴിനു നടത്തുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടി മെയ് 21 മുതല്‍ 31 വരെ നടത്തും. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും. റിപ്പബ്ലിക് ദിനമായ 26ന് പരീക്ഷ ഉണ്ടാവില്ല. പ്രധാനപ്പെട്ട പരീക്ഷകളുടെയെല്ലാം തീയതികളില്‍ വളരെ നേരത്തെയാണ് ഇക്കുറി പ്രഖ്യാപിക്കുന്നതെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അധികൃതര്‍ പറഞ്ഞു.

കത്തു വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കത്തു വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: മേയര്‍ ആര്യാ രാജ്യേന്ദ്രന്റെ പേരിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാവില്ലെന്നു വിലയിരുത്തിയാണ് നടപടി. കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു രേഖപ്പെടുത്തിയ കോടതി നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തി.

സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായും അതിനാല്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. തിരുവനന്തപുരം നഗരസഭയില്‍ ജീവനക്കാരെ നിയമനം നടത്തന്നതിന് ആളെ തേടി മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്താണ് വിവാദമായത്. കത്ത് താന്‍ എഴുതിയത് അല്ലെന്നാണ് മേയറുടെ പക്ഷം.

തിരക്ക് പരിഹരിക്കുന്നതിനായി ശബരിമലയിൽ ഇന്നു മുതൽ പ്രത്യേക ക്രമീകരണങ്ങൾ; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ

പത്തനംതിട്ട: തിരക്ക് പരിഹരിക്കുന്നതിനായി ശബരിമലയിൽ ഇന്നു മുതൽ പ്രത്യേക ക്രമീകരണങ്ങളുമായി പൊലീസ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ അനുവദിക്കും.
ധനു മാസം ഒന്നാം തിയതിയായ ഇന്ന് 93,456 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ഉയർന്ന നിർദേശങ്ങളും പരാതികളും പരിഹരിച്ച് തിരക്ക് നിയന്ത്രിക്കനുള്ള ശ്രമത്തിലാണ് പൊലീസ്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉൾപ്പെടെയുള്ളവർ നേരിട്ടെത്തിയാവും പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുക.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുന്നതിന് പുറമെ സന്നിധാനത്തും പമ്പയിലും മറ്റ് ഇടങ്ങളിലുമായി കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കും. ഇതിലൂടെയെല്ലാം തിരക്ക് പൂർണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പൊലീസ് കണക്കു കൂട്ടുന്നത്.
ധനു മാസത്തിലെ ഒന്നാം തിയതിയായ ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്ന 93456 പേർക്കും മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ സന്നിധാനത്ത് എത്താനായാൽ പൊലീസിന്റെ ക്രമീകരണങ്ങൾ വിജയിക്കും.