കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: മേയർ ആര്യാ രാജ്യേന്ദ്രന്റെ പേരിലെ കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. നിഗൂഢമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാരിൻറെ വാദം.
സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ 10 പേരുടെ മൊഴികളും രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

ആരോപണം തെളിയിയ്ക്കത്തക്ക തെളിവുകൾ ഹർജിക്കാരന്റെ പക്കലില്ലെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായില്ല. താൻ എഴുതിയതല്ല ആ കത്ത് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മേയർ. എന്നാൽ മേയറുടെ പേരിൽ വ്യാജ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാർട്ടിക്കും മറുപടിയില്ല.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂര്‍: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. ഇവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഒരാള്‍ ട്രെയിനിന് അടിയില്‍പ്പെടുകയും മറ്റയാള്‍ പ്ലാറ്റ്‍ഫോമില്‍ തലയടിച്ച് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം; ഗുരുദേവ പ്രതിമ താത്ക്കാലികമായ് മാറ്റി സ്ഥാപിച്ചു

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം; ഗുരുദേവ പ്രതിമ താത്ക്കാലികമായ് മാറ്റി സ്ഥാപിച്ചു

റെയിൽവേ മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ചിറയിൻകീഴ് ബസ് സ്റ്റാൻഡിനോടു ചേർന്നു വർഷങ്ങൾക്കു മുൻപു ഗുരു വിശ്വാസികൾ സ്ഥാപിച്ചു ആരാധന നടത്തി വന്നിരുന്ന ഗുരുമന്ദിരം ഇന്നലെ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ്റെയും ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ല സമിതി ഭാരവാഹികളുടേയും സാന്നിധ്യത്തിൽ സമീപത്തെ ആശുപത്രി വളപ്പിലേക്കു മാറ്റി സ്ഥാപിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി ബസ് സ്റ്റാൻഡിലെ വിവിധ രാഷ്ടീയ പാർട്ടികളിൽ പെട്ട തൊഴിലാളികളുടെ സൗഹാർദത്തിൻ്റേയും ഒരുമയുടേയും കേന്ദ്രമായിരുന്നു ഏറെ പഴക്കം ചെന്ന ഗുരുമണ്ഡപം.

റെയിൽവേ അധികൃതരുടേയും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളിയുടേയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണു മേൽപ്പാല നിർമാണം പൂർത്തിയാകും വരെ ഗുരു പ്രതിഷ്ഠയടക്കം സമീപത്തെ സ്വാമിജി ആശുപത്രി അങ്കണത്തിലേക്കു മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. നാട്ടിലെ വികസന പ്രവർത്തനങ്ങൾക്കു യാതൊരുവിധ തടസങ്ങളും സൃഷ്ടിക്കാൻ കൂട്ടുനിൽക്കേണ്ടതില്ലെന്നു ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും യോഗം ചേർന്നു ഐകകണ്ഠേന തീരുമാനം കൈക്കൊണ്ടിരുന്നു. ഇന്നലെ ഗുരുക്ഷേത്ര തന്ത്രി ചേർത്തല തിരുനെല്ലൂർ കാശിമഠത്തിൽ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ പൂജാവിധികൾ പൂർത്തീകരിച്ച ശേഷം ഗുരുവിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുക്കണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ ആശുപത്രിയങ്കണത്തിൽ പ്രത്യേകമായൊരുക്കിയ പീഠത്തിൽ പുന:പ്രതിഷ്ഠ നിർവഹിച്ചു. മേൽപ്പാല നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ഗുരുമണ്ഡപം പുന:സ്ഥാപിക്കാൻ ഉചിതമായ സ്ഥലം അനുവദിക്കുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളി അറിയിച്ചു.

ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ, എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി, ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി ജില്ല പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ ഡി. ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, കൗൺസിലർമാരായ വത്സല പുതുക്കരി, ഉദയകുമാരി, പിആർഎസ്.പ്രകാശൻ, മനു അംബിളി, രഞ്ചീവ് കേളേശ്വരം, സരസൻ പുതുക്കരി, ലാൽ കോരാണി, കുഞ്ഞുമോൻ, ലാലു, മുരളി ഒറ്റപ്ലാമുക്ക്, എസ്എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ വി.സിദ്ധാർഥൻ, ബാലാനന്ദൻ , ജിജു പെരുങ്ങുഴി എന്നിവർ നേതൃത്വം നൽകി.

നൂറാം ദിനം പിന്നിട്ട് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര

നൂറാം ദിനം പിന്നിട്ട് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര

കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിൽ. 42 ജില്ലകളിലായി ഇതുവരെ പിന്നിട്ടത് 2798 കിലോമീറ്റർ. ഭാരത് ജോഡോ യാത്ര 100 ദിനങ്ങൾ പിന്നിട്ടതിന്റെ ആഘോഷമായി കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഡ‍ിപി ‘യാത്രയുടെ 100 ദിനങ്ങൾ’ എന്നാക്കി. യാത്ര ഇപ്പോൾ രാജസ്ഥാനിലാണ്.

മീണ ഹൈക്കോടതിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാവിലെ 11 മണിക്ക് ഗിരിരാജ് ധരൻ ക്ഷേത്രത്തിൽ അവസാനിപ്പിക്കും.ജയ്പൂരിലെ കോൺഗ്രസ് ഓഫീസിൽ വൈകിട്ട് നാലിന് നടക്കുന്ന വാർത്താ സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി തത്സമയ സംഗീത പരിപാടിയിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയുടെ 100 ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാ​ഗമായാണ് ജയ്പൂരിൽ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആൽബർട്ട് ഹാളിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.

രാജസ്ഥാനിൽ 12ാം ദിവസമാണ് യാത്ര പിന്നിടുന്നത്. 2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ യാത്രക്ക് ശേഷമാണ് രാജസ്ഥാനിൽ എത്തിയത്.ഡിസംബർ 21 ന് യാത്ര ഹരിയാനയിൽ പ്രവേശിക്കും. 2024 ൽ രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിൻ്റെ മുഖമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി പദം ലക്ഷ്യം വച്ച അല്ല രാഹുലിൻ്റെ യാത്ര. ബിജെപി രാഷ്ട്രീയത്തിൻ്റെ ബദലാകും യാത്ര സമ്മാനിക്കുക. സംഘടന തലത്തിൽ വലിയ ഉണർവ് യാത്ര സമ്മാനിച്ചു. യാത്രയെ പരിഹസിച്ച ബിജെപി ഭയപ്പാടിലായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് മുൻ ​ഗവർണർ രഘുറാം രാജൻ അടക്കം നിരവധി പ്രമുഖർ യാത്രയിൽ പങ്കെടുത്തിരുന്നു.

ഇന്ത്യ-ചൈന സംഘർഷം; ഇന്നും പാ‍ർലമെന്‍റിൽ ഉന്നയിക്കും

ഇന്ത്യ-ചൈന സംഘർഷം; ഇന്നും പാ‍ർലമെന്‍റിൽ ഉന്നയിക്കും

വടക്ക് കിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്. യുദ്ധ വിമാനങ്ങൾ ഹെലികോപ്റ്ററുകൾ നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും.

അതേസമയം, ഇന്ത്യ-ചൈന സംഘർഷ വിഷയം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെൻറിൽ ഉയർത്തും. വിഷയം ചർച്ചയ്ക്കെടുക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ബാംഗ്ലൂർ: മലയാളി വിദ്യാര്‍ത്ഥി ബാംഗ്ലൂരിൽ കോളജില്‍ ആത്മഹത്യ ചെയ്തു. എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി നിതിന്‍ ആണ് ആത്മഹത്യ ചെയ്തത്.
കോളജ് ടോയിലറ്റില്‍ വെച്ച് കത്തികൊണ്ട് കഴുത്തുറക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിനാണ് നിതിന്‍ കോളജില്‍ എത്തിയത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.