കൂടത്തായി റോയ് വധക്കേസ്; ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി

കൂടത്തായി റോയ് വധക്കേസ്; ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി

കോഴിക്കോട്: കൂടത്തായി റോയി വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി കോടതി തളളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കൊലപാതകക്കേസില്‍ ജോളി അറസ്റ്റിലായിട്ട് ഒക്ടോബറില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ജോളി ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയത്. ഇതില്‍ അഞ്ചെണ്ണവും സയനൈഡ് ഉപയോഗിച്ചായിരുന്നു.

2002ലാണ് ആദ്യ കൊലപാതകം നടത്തിയത്. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസ്. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എംഎം മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലി. ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, ആത്മഹത്യയാണെന്നായിരുന്നു നിഗമനം. അത് അങ്ങനെയാക്കാന്‍ ജോളി ശ്രമിച്ചു. റോയിയുടെ സഹോദരന്‍ വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി നല്‍കി. റൂറല്‍ എസ്പി കെജി സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയുടെ അറസ്റ്റ്.

സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം.

ആറ്റിങ്ങലിൽ വാഹനാപകടം; യുവാവ് മരണപെട്ടു

ആറ്റിങ്ങലിൽ വാഹനാപകടം; യുവാവ് മരണപെട്ടു

ആറ്റിങ്ങൽ മിഷൻ ആശുപത്രിക്ക് സമീപം നടന്ന അപകടത്തിൽ യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മനീഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മനീഷും സുഹൃത്ത് നയനും സഞ്ചരിച്ചിരുന്ന ബൈക്ക് കാൽനടക്കാരനെ ഇടിച്ചശേഷം നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു. ഡിവൈഡറിൽ ഇടിച്ചു തെറിച്ചു വീണ മനീഷിന്റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. മനീഷ് തൽക്ഷണം മരിച്ചു. പരിക്കേറ്റ നയനെയും കാൽനടക്കാരനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ കിഴക്കുംപുറം ചിറവരമ്പത്ത് വീട്ടിൽ (എൻ.ആർ.എ 153) പി മണികണ്ഠന്റേയും ബി മഞ്ജുവിന്റേയും മകനാണ് മനീഷ്. എം മഞ്ജിത്, എം മനീഷാ എന്നിവർ സഹോദരങ്ങളാണ്.

രാത്രിയില്‍ പോക്‌സോ കേസ് പ്രതിയെ പിടികൂടി; 27കാരനെ സിഐ പ്രകൃതിവിരുദ്ധപീഡനം നടത്തി

രാത്രിയില്‍ പോക്‌സോ കേസ് പ്രതിയെ പിടികൂടി; 27കാരനെ സിഐ പ്രകൃതിവിരുദ്ധപീഡനം നടത്തി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സിഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയസനിലിനെതിരെയാണ് കേസ് എടുത്തത്. പോക്‌സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയതായും ആരോപണം ഉണ്ട്.
പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് രണ്ടുമാസം മുന്‍പ് 27കാരനായ അയിരൂര്‍ സ്വദേശിയെ ഈ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ പ്രതിയെ പിടികൂടാന്‍ സിഐ 27കാരന്റെ വീട്ടില്‍ എത്തിയത് രാത്രിയായിരന്നു. ഈ സമയത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. കൂടാതെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 50,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിന് തയ്യാറാകത്തതോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തു.
ഇതിന് ശേഷം പ്രതി കോടതിയില്‍ ഉള്‍പ്പടെ നല്‍കിയ പരാതിയിലാണ് സിഐ ജയസനിലിനെതിരെ പൊലീസ് കേസ് എടുത്തത്. ഇന്നലെയാണ് പീഡനക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ സിഐയെ സസ്‌പെന്റ് ചെയ്തു.

വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞു നിർത്തി അപമാനിയ്ക്കാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്ത മദ്ധ്യവയസ്കൻ അറസ്റ്റിൽ

വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞു നിർത്തി അപമാനിയ്ക്കാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്ത മദ്ധ്യവയസ്കൻ അറസ്റ്റിൽ

കിളിമാനൂരിൽ വനിതാ ഡോക്ടറെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിയ്ക്കാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്ത മദ്ധ്യവയസ്കൻ അറസ്റ്റിൽ. നഗരൂർ, കടവിള, പുല്ലുതോട്ടം വിളയിൽ പുത്തൻവീട്ടിൽ നിന്നും ചാരുപാറ, തയ്യിങ്കളി കുന്നിൽ വീട്ടിൽ മനോഹരൻ എന്ന് വിളിക്കുന്ന ശശികുമാർ (57) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 8.10 നായിരുന്നു സംഭവം. എം.സി റോഡിൽ സിവിൽസ്റ്റേഷനു സമീപം ബസിൽ നിന്നിറങ്ങി റോഡു വശത്തുകൂടി നടന്നു വരികയായിരുന്ന വനിതാ ഡോക്ടറെ എതിർവശത്തുകൂടി നടന്നുവരിയായിരുന്ന പ്രതി കയ്യിൽ കടന്നു പിടിച്ച് മാനഹാനി വരുത്താൻ ശ്രമിക്കുകയും യുവതി കയ്യിൽ കരുതിയിരുന്ന കുട ഉപയോഗിച്ച് പ്രതിരോധിയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി ആക്രമിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്ഥലത്തുകയും പ്രദേശത്ത് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. റൂറൽ എസ്പി ശില്പാ.ഡി ഐപിഎസിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച് ഒ എസ്. സനൂജ്, എസ് ഐമാരായ വിജിത്ത്.കെ.നായർ, സുനിൽകുമാർ, എഎസ് ഐ ഷജിം, എസ് സിപിഒ ഷംനാദ്, സിപിഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തിരുവനന്തപുരം ആർസിസിയിൽ സൂചന പണിമുടക്കുമായി ജീവനക്കാർ

തിരുവനന്തപുരം ആർസിസിയിൽ സൂചന പണിമുടക്കുമായി ജീവനക്കാർ

തിരുവനന്തപുരം ആർസിസിയിൽ ജീവനക്കാരുടെ സൂചന പണിമുടക്ക്. ശമ്പള കുടിശിക, പെൻഷൻ അപാകതകൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഡയറക്ടറുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരാണ് സൂചന പണിമുടക്ക് നടത്തുന്നത്.

ആൾ ഇന്ത്യ സബ്ജൂനിയർ കരാട്ടെ ടൂർണമെന്റിൽ സ്വർണ്ണ തിളക്കവുമായി ഗൗരി രാജ്

ആൾ ഇന്ത്യ സബ്ജൂനിയർ കരാട്ടെ ടൂർണമെന്റിൽ സ്വർണ്ണ തിളക്കവുമായി ഗൗരി രാജ്

ഡൽഹിയിൽ നടന്ന ആൾ ഇന്ത്യ സബ്ജൂനിയർ കരാട്ടെ ടൂർണമെന്റിൽ കേരളത്തിനായി സ്വർണ നേട്ടം കൈവരിച്ച് ആനച്ചൽ സ്വദേശിനി ഗൗരി രാജ്. രാജ്യത്താകമാനം നിന്ന് ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത ടൂർണമെന്റിലാണ് കേരളത്തിനായി ഏക സുവർണ്ണ നേട്ടം ഗൗരി കൈവരിച്ചത്. 12 വയസ്സ് കാറ്റഗറിയിലാണ് സ്വർണ്ണം നേടിയത്. കരാട്ടെ മാസ്റ്റർ ജയറാമിന്റെ കീഴിൽ 5 വർഷത്തോളമായി കരാട്ടെ പരിശീലനം നേടി വരികയാണ് ഈ മിടുക്കി. വാമനപുരം ആനച്ചാൽ ശംഭു നിവാസിൽ സ്വരാജ് ഷീബ ദമ്പതികളുടെ മകളാണ് ആറ്റിങ്ങൽ സി എസ് ഐ ഇ എം എച്ച് എസ് സ്കൂൾ പഠിക്കുന്ന ഗൗരി രാജ്.