വാഹനമിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി

വാഹനമിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി

മലപ്പുറം: താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിലെ ബസുകളില്‍ കുട്ടികളെ ഇറങ്ങാനും മറ്റും സഹായിക്കാന്‍ കാലങ്ങളായി ഒരാളെപ്പോലും വെച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് സ്കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു.

ഒമ്പതുവയസുകാരിയായ ഷെഫ്ന ഷെറിൻ ബസിറങ്ങി നേരെ റോഡ് മുറിച്ചുകടക്കവെയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ ശ്രദ്ധിച്ച് ഇറക്കിവിടാന്‍ സ്കൂള്‍ ബസില്‍ ഒരു ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്ന് വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കണ്ടെത്തി. നന്നമ്പ്ര എസ്എന്‍യുപി സ്കൂളില്‍ രണ്ട് ബസുകളുണ്ടെന്നും ഇതില്‍ ഒരിക്കല്‍പ്പോലും ഡ്രൈവറിന് പുറമേ മറ്റൊരു ജീവനക്കാരനെ വെച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മാനേജ്മെന്റിനുള്ളിലെ തര്‍ക്കമാണ് ഇത്തരമൊരു കെടുകാര്യസ്ഥതയിലേയ്ക്ക് നയിച്ചത്. റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മലപ്പുറം ഡിഡിഇ മദ്ധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

വീഴ്ച വരുത്തിയ നന്നമ്പ്ര എസ്എന്‍യുപി സ്കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം നടപടി വേണമെന്ന് മോട്ടോര്‍വാഹനവകുപ്പ് കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ജന ചേതന യാത്ര വിജയിപ്പിക്കുവാൻ ലൈബ്രറി കൗൺസിൽ  മേഖലാ നേതൃസമിതി യോഗം

ജന ചേതന യാത്ര വിജയിപ്പിക്കുവാൻ ലൈബ്രറി കൗൺസിൽ മേഖലാ നേതൃസമിതി യോഗം

സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി വി കെ മധു നയിക്കുന്ന ജന ചേതന യാത്ര വിജയിപ്പിക്കുവാൻ ലൈബ്രറി കൗൺസിൽ മേഖലാ നേതൃസമിതി യോഗം തീരുമാനിച്ചു. ഡിസംബർ 23 ഉച്ചയ്ക്ക് രണ്ടര മണിക്കാണ് ജാഥ ആറ്റിങ്ങൽ കച്ചേരി നടയിൽ എത്തിച്ചേരുന്നത്. ഈ ജാഥയ്ക്ക് വമ്പിച്ച വരവേൽപ്പ് നൽകുവാനാണ് യോഗം തീരുമാനിച്ചത്. ഐ എൻ എ ഹീറോ വക്കം ഖാദർ മെമ്മോറിയൽ ലൈബ്രറി ചേർന്ന യോഗം ലൈബ്രറി കൗൺസിൽ താലൂക്ക് ജോ. സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. കെ. രാജേന്ദ്രൻ, കൊച്ചു കൃഷ്ണകുറുപ്പ്, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.

സ്കൂളിന്റെ വികസനത്തിന് പുരയിടം വാങ്ങുന്നതിന് കുടുക്ക പൊട്ടിച്ചു നൽകി കാശിനാഥ്

സ്കൂളിന്റെ വികസനത്തിന് പുരയിടം വാങ്ങുന്നതിന് കുടുക്ക പൊട്ടിച്ചു നൽകി കാശിനാഥ്

സ്കൂളിന്റെ വികസനത്തിന് പുരയിടം വാങ്ങുന്നതിന് കുടുക്ക പൊട്ടിച്ചു നൽകി മാതൃകയായി കാശിനാഥ്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ സമീപത്തെ പുരയിടം സ്കൂളിലേയ്ക്ക് വാങ്ങി ചേർക്കാൻ തീരുമാനിച്ച കാര്യം അറിഞ്ഞ കാശിനാഥ് താൻ അക്വേറിയം തയ്യാറാക്കാൻ കൂട്ടിവച്ചിരുന്ന നാണയത്തുട്ടുകൾ കുടുക്ക പൊട്ടിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ യോഗത്തിൽ സ്കൂൾ അധികാരികൾ സഹായ അഭ്യർത്ഥന രക്ഷിതാക്കളുടെ മുന്നിൽ വയ്ക്കുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാരനായ സുധീർകുമാർ സാമ്പത്തിക ബുദ്ധിമുട്ട് മകനോട് പറഞ്ഞെങ്കിലും ഇങ്ങനെ ഒരാശയം കാശിനാഥ് മുന്നോട്ട് വയ്ക്കുകയായിരുന്നു. അറുന്നൂറ്റി പത്ത് രൂപയാണ് കുടുക്കയിൽ ഉണ്ടായിരുന്നത്.

തുകയുടെ വലിപ്പമല്ല ചെറുപ്രായത്തിൽ തന്നെ കാശിനാഥ് കാണിച്ച മനസ്സിന്റെ വലിപ്പം മറ്റു മുതിർന്നവർക്ക് പോലും മാതൃകയാണെന്ന് സൂചിപ്പിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ ജി.എൽ. നിമി അവനെ അഭിനന്ദിച്ചു. കോരാണി കോണത്തു വീട്ടിൽ സുധീർ കുമാർ – അനു ദമ്പതികളുടെ മകനാണ് ഈ എട്ടുവയസ്സുകാരൻ. നാലു വയസ്സുകാരൻ കൃഷ്ണദേവ് സഹോദരനാണ്.

സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കടവിള റസിഡൻസ് അസോസിയേഷനും, തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററും സംയുക്തമായി 2022 ഡിസംബർ 14 ന് സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വായിലെ ക്യാൻസർ, ഗർഭാശയ ഗള ക്യാൻസർ, സ്താനാർബുദം തുടങ്ങിയ രോഗങ്ങൾ പരിശോധിച്ചു നിർണ്ണയിച്ചു.

കെ ആർ എ വൈസ് പ്രസിഡന്റ് കെ രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റീജണൽ ക്യാൻസർ സെന്റർ ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ കലാവതി ക്യാമ്പിൽ പങ്കെടുത്തവർക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കെ ആർ എ സെക്രട്ടറി ജി.രജിത് കുമാർ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്. ജെ.സുശീല, അഷറഫ്, സുദർശനൻ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

തിരുവനന്തപുരത്ത് സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റിൽ

തിരുവനന്തപുരത്ത് സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റിൽ

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു(50)വിനെയാണ് ഒപ്പംതാമസിച്ചിരുന്ന രാജേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. റോഡില്‍ വെട്ടേറ്റുവീണ സ്ത്രീയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.

എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്.

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരത്തേയ്ക്കാണ് ഇവ തിരിച്ചുവിട്ടത്. അതേസമയം, മൂടല്‍മഞ്ഞ് മാറിയതിനെത്തുടര്‍ന്ന് ഇവ തിരിച്ചെത്തി. ഇന്നലെ രാത്രി എറണാകുളം ജില്ലയില്‍ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.

പുലര്‍ച്ചെ ദേശീയപാതയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. അടുത്ത കാലത്തൊന്നും ഇല്ലാത്ത വിധമാണ് ഇന്ന് മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള കാഴ്ച മറച്ചും മൂടല്‍ മഞ്ഞ് തങ്ങിനില്‍ക്കുകയാണ്.