പേപ്പട്ടി ശല്യത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് ഇന്ന് അവധി

പേപ്പട്ടി ശല്യത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് ഇന്ന് അവധി

തിരുവനന്തപുരം: പേപ്പട്ടി ശല്യത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് ഇന്ന് അവധി പ്രഖ്യാപിച്ചു. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി ഇന്നലെ ക്യാമ്പസിനുള്ളിൽ കയറി നിരവധി പട്ടികളെ കടിച്ചിരുന്നു. ഇതേ തുടർന്നാണ് വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സുരക്ഷയെ കരുതി കോളേജിന് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.

ക്യാംപസിനകത്തുള്ള പട്ടികളെ പിടികൂടാൻ തിരുവനന്തപുരം നഗരസഭയിൽ നിന്നും ഇന്ന് ജീവനക്കാർ വരുന്നുണ്ട്. പട്ടികളെ എല്ലാം ഇന്ന് തന്നെ പിടികൂടി ക്യാംപിലേക്ക് മാറ്റാനാണ് പദ്ധതി. അതേസമയം കോളേജിന് അവധിയാണെങ്കിലും മുൻനിശ്ചയിച്ച പരീക്ഷകൾക്കും ഓണ്ലൈൻ ക്ലാസുകൾക്കും മാറ്റമുണ്ടാവില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു.

ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായി; 300 കി.മീ നടന്ന് യുവാവ് വീട്ടിലെത്തി

ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായി; 300 കി.മീ നടന്ന് യുവാവ് വീട്ടിലെത്തി

പത്തനംതിട്ട: തിരുപ്പതിയില്‍നിന്നുള്ള യാത്രയ്ക്കിടെ കാണാതായ പത്തനംതിട്ട സ്വദേശി നടന്ന് നാട്ടിലെത്തി. ഡിണ്ടിഗലില്‍ നിര്‍ത്തിയപ്പോള്‍ സ്റ്റേഷനില്‍ ഇറങ്ങിയ അനില്‍ തിരികെ കയറുംമുന്‍പ് ട്രെയിന്‍ വിട്ടുപോവുകയായിരുന്നു. പത്തനംതിട്ട മാത്തൂർ സ്വദേശി അനിലിനെ കഴിഞ്ഞമാസം മൂന്നിനാണു കാണാതായത്.

ആന്ധ്രപ്രദേശിൽ സഹോദരിയുടെ മകളെ നഴ്സിങ്ങിനു ചേർത്ത് കുടുംബത്തോടൊപ്പം മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ഡിണ്ടിഗലിൽ സ്റ്റേഷനിൽ ഇറങ്ങിയശേഷം തിരിച്ചു കയറാൻ പറ്റിയില്ലെന്ന് അനിൽ പറയുന്നു. ചെങ്ങന്നൂരിൽ എത്തിയശേഷമാണ് അനിൽ കൂടെയില്ലെന്നു കുടുംബം അറിഞ്ഞത്. തുടർന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അനിലിന് മൊബൈൽ ഫോണില്ല, ആരുടെ നമ്പരും കാണാതെ അറിയില്ല.

ഒരു പൊലീസുകാരൻ 200 രൂപ നൽകി. കുറച്ചു ദൂരം സഞ്ചരിക്കാൻ വാഹനവും ഏർപ്പാടു ചെയ്തു. പിന്നെ ആരോടും പണം ചോദിക്കാൻ തോന്നിയില്ല. അടയാള ബോർഡുകൾ നോക്കി നടന്നു തുടങ്ങി. ഇടയ്ക്ക് 40 കിലോമീറ്ററോളം വഴി തെറ്റി. 300 കിലോമീറ്ററോളം നടന്നു. പട്ടിണിയാണെങ്കിലും എങ്ങനെയും വീട്ടിലെത്തണമെന്ന ചിന്ത മാത്രമാണ് നയിച്ചത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തിയാണു ഭക്ഷണം കഴിച്ചത്. നടന്ന് ആറന്മുളയെത്തിയപ്പോൾ കണ്ട അയൽക്കാരൻ ഇലവുംതിട്ട സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അനിലിനെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു.

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; ആരോഗ്യമന്ത്രിയ്ക്കെതിരെ ഹർഷിന

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക രൂപത്തിലുള്ള ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം ആവിയായി . അന്വേഷണസംഘം പരാതിക്കാരിയിൽ നിന്ന് തെളിവെടുത്തു പോയി രണ്ടുമാസം ആകുമ്പോഴും റിപ്പോർട്ട് വെളിച്ചം കണ്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. 2017ലാണ് പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഗുരുതര പിഴവ് വാര്‍ത്തയായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ആരോഗ്യമന്ത്രിക്കെതിരെയും ഹർഷിന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പല തവണ മന്ത്രിയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിന് ആയില്ലെന്നും ഹർഷീന പറഞ്ഞു. വീണ്ടും ശാരീരിക പ്രശ്നങ്ങൾ വന്നതോടെ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്. അന്വേഷണത്തിൽ നടപടി ആകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും പോകില്ലെന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ തന്നെ സമരം ചെയ്യാനാണ് ഹർഷിനയുടെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് യുവതിയുടെ വയറ്റിനുള്ളിൽ ഉപകരണം കുടുങ്ങിയത്.

അഞ്ചുവർഷം ഉപകരണം വയറ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. സംഭവത്തിൽ കോഴിക്കോട് മെഡി. കോളേജിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജ് ആശുപത്രിയിലേതല്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പിഴവൊന്നും പറ്റിയിട്ടില്ല. ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായില്ലെന്ന് കണക്കെടുപ്പിൽ വ്യക്തമായെന്നും അന്വേഷണത്തിൽ മനസ്സിലായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ ഉളളടക്കം. അറ്റം കൂർത്ത ഉപകരണം ശസ്ത്രക്രിയയിൽ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ചു നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്.
തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.

‘അൽ ഹിൽമ്’ ഖത്തർ ലോകകപ്പിൽ സെമിഫൈനലിന് ഇനി പുതിയ പന്ത്

‘അൽ ഹിൽമ്’ ഖത്തർ ലോകകപ്പിൽ സെമിഫൈനലിന് ഇനി പുതിയ പന്ത്

ഖത്തര്‍ ലോകകപ്പിലെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ഫുട്ബോള്‍ അവതരിപ്പിച്ചു. അല്‍ ഹില്‍മ് എന്നാണ് പന്തിന്‍റെ പേര്. സ്വപ്നം എന്നാണ് അര്‍ത്ഥം. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ രിഹ്‍ല എന്ന പന്തായിരുന്നു ഉപയോഗിച്ചിരുന്നത്. രിഹ്‍ല എന്നാല്‍ യാത്ര, പ്രയാണം എന്നാണ് അര്‍ത്ഥം. വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകള്‍ 2 ജയമകലെ നില്‍ക്കുമ്പോള്‍, അല്‍ ഹില്‍മ് , അഥവാ ദി ഡ്രീം എന്ന പേരുള്ള പുതിയ പന്താണ് അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

അഡിഡാസ് തന്നെയാണ് പന്ത് രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പുതിയ പന്തിലുമുണ്ട്. 2010ന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വന്ന ലോകകപ്പാണ് ഖത്തറിലേത്. 48 മത്സരങ്ങളില്‍ നിന്ന് ബ്രസീലില്‍ 136 ഗോളുകള്‍ വന്നപ്പോള്‍ റഷ്യയില്‍ 122 ഗോളായി അത് കുറഞ്ഞു. ഖത്തറില്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് റൗണ്ടില്‍ പിറന്നത് 120 ഗോളുകള്‍ മാത്രം. എന്നാല്‍, നോക്കൗട്ട് റൗണ്ടുകളില്‍ 38 ഗോളുകള്‍ വന്നതോടെ ഈ ലോകകപ്പിലെ ഇതുവരെയുള്ള ആകെയുള്ള ഗോളുകള്‍ വന്നതോടെ 158 ആയി ഉയര്‍ന്നിട്ടുണ്ട്.

എംടിബിഎസ് ആറ്റിങ്ങൽ യൂണിറ്റിന്റെ വാർഷിക സമ്മേളനം നടന്നു

എംടിബിഎസ് ആറ്റിങ്ങൽ യൂണിറ്റിന്റെ വാർഷിക സമ്മേളനം നടന്നു

എം ടി ബി എസ് ആറ്റിങ്ങൽ യൂണിറ്റിന്റെ 9 ആം വാർഷിക സമ്മേളനം പ്രസിഡന്റ്‌ എസ് സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി ജെ ശ്രീനിവാസൻപോറ്റി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയുണ്ടായി. യൂണിറ്റിൽ നിന്നും യുഎംബിഎസ്സിലേയ്ക് വൈസ്പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജി സ്വയംപ്രഭാ ദേവിയെ മുഖ്യരക്ഷധികാരി പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. 2023-2024 കാലഘട്ടത്തിലേയ് ക്കുള്ള 21 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് എസ് സന്തോഷ്‌കുമാർ, സെക്രട്ടറി ആർ രമേഷ്, ട്രെഷറർ വി ആർ അനന്തരാമൻ, വൈസ് പ്രസിഡന്റ് എസ് ജയശങ്കർ, ജോയിന്റ്സെക്രട്ടറി എസ്. രാജൻ റാവു മഹിളാ സമാജം ഭരണസമിതിയേയും തെരെഞ്ഞെടുക്കുകയുണ്ടായി. 2021-2022 അധ്യയന വർഷത്തെ എസ് എസ് എൽ സി, പ്ലസ് 2 വിജയികൾക്ക് ക്യാഷ് അവാർഡുകളും നൽകുകയുണ്ടായി.

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ. പകരം തീർഥാടനത്തിന് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടും. നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂറാണ് കൂട്ടുക. പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുന്നത് ആലോചനയിലില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതി തീരുമാനം ആണ്. രണ്ടാം തവണയാണ് ഈ സീസണിൽ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. പമ്പ മുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടൂ. ഇതിനായി ഓരോ പോയിന്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന തീർഥാടകർക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കും.