ഗവര്‍ണറെ മാറ്റാനുളള ബില്‍ നിയമസഭയില്‍; എതിര്‍പ്പ് ഉന്നയിച്ച് പ്രതിപക്ഷം

ഗവര്‍ണറെ മാറ്റാനുളള ബില്‍ നിയമസഭയില്‍; എതിര്‍പ്പ് ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിക്കുന്നത്. ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാന്‍സലര്‍ പദവിയില്‍ കൊണ്ടുവരണമെന്നാണ് ബില്ലിലെ ആവശ്യം. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സുപ്രീം കോടതി വിധികള്‍ക്കും വിരുദ്ധമായ ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള പൂര്‍ണ്ണ അധികാരം നിയമസഭയ്ക്കുണ്ട്. പക്ഷെ പകരം എന്ത് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സതീശന്‍ ചോദിച്ചു. കമ്യൂണിസ്റ്റ് വത്കരണമാണ് ഈ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ നടത്തുന്നത്. വിസിയായി നിയമിക്കുമ്പോള്‍ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലില്‍ പറയുന്നില്ല. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ചാന്‍സലറായി കൊണ്ടുവരാവുന്ന രീതിയില്‍ സര്‍ക്കാരിന് സര്‍വകലാശാലയുടെ ഓട്ടോണമിയില്‍ പൂര്‍ണമായി ഇടപെടാന്‍ കഴിയുന്ന രീതിയിലാണ് നിയമം.

വിസിയുടെ നിയമന കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളൊന്നും ബില്ലില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ നിരവധി നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. നിയമനാധികാരി സര്‍ക്കാരാവുമ്പോള്‍ സര്‍ക്കാരിലെ മന്ത്രി ചാന്‍സലര്‍ക്ക് കീഴില്‍ പ്രോ ചാന്‍സലറാകുന്നത് ചട്ടലംഘനമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് കോര്‍പ്പറേഷൻ ബാങ്ക് അക്കൗണ്ടുകളിലെ തിരിമറി; പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം

കോഴിക്കോട് കോര്‍പ്പറേഷൻ ബാങ്ക് അക്കൗണ്ടുകളിലെ തിരിമറി; പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പത്ത് ദിവസത്തോളമായിട്ടും പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം. മാനേജര്‍ റിജില്‍ നടത്തിയ തട്ടിപ്പിന്‍റെ കണക്ക് തിട്ടപ്പെടുത്താന്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞത്. തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ ബാങ്ക് ഇടപാടുകള്‍ നിത്യേനെ പരിശോധിക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞമാസം 29 ന്. കേസിലെ പ്രതി ബാങ്ക് മാനേജര്‍ റിജിലിനായി അന്നു തൊട്ട് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം.

മൂന്നാം തിയതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ പ്രതി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല കോടതിയില്‍ നല്‍കി. കോര്‍പറേഷന്‍ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ ഒന്പത് അക്കൗണ്ടുകളില്‍ നിന്നുമായി റിജില്‍ നടത്തിയ തിരിമറിയുടെ കണക്ക് തിട്ടപ്പടുത്താനും പണം ചെലവിട്ട വഴികള്‍ കണ്ടെത്താനുമാണ് അന്വേഷണ സംഘം കൂടുതല്‍ സമയവും ചെലവിട്ടത്. സംസ്ഥാനത്തെ അമ്പരിപ്പിച്ച ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എവിടെ എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറുപടിയില്ല. നാളെ റിജിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി വിധി പറയും.

മുന്‍കൂര്‍ ജാമ്യേപേക്ഷ തളളിയാല്‍ പ്രതിയ്ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അതേസമയം, നഷ്ടപ്പെട്ട പണം മുഴുവന്‍ തിരിച്ച് ഉടന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബാങ്കിന് കോര്‍പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം തിരികെ കിട്ടിയ ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കിലെ എല്ലാ അക്കൗണ്ടുകളും ക്ളോസ് ചെയ്യുന്ന കാര്യവും കോര്‍പറേഷന്‍റെ പരിഗണനയിലുണ്ട്.

ഡൽഹി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേയ്ക്ക്

ദില്ലി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്. ബിജെപിയുടെ കുത്തക തകര്‍ത്താണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. 131 സീറ്റിൽ ആദ്മി പാര്‍ട്ടി മുന്നിട്ട് നിൽക്കുകയാണ്. 106 സീറ്റിലാണ് ബിജെപിക്ക് ലീഡുള്ളത്. അതേസമയം, എട്ട് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി. വോട്ടെണ്ണൽ തുടരുകയാണ്. 15 വർഷമായി മുനിസിപ്പൽ കോർപ്പറേഷനുകൾ ഭരിക്കുന്ന ബിജെപി 2017 ലെ തെരഞ്ഞെടുപ്പിൽ 181 വാർഡുകളിൽ വിജയം നേടിയിരുന്നു.

എന്നാൽ 171 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫല പ്രഖ്യാപനം. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിലും മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി നേരിയ ലീഡ് നേടിയെങ്കിലും അടുത്ത മണിക്കൂറില്‍ തന്നെ ആം ആദ്മി പാർട്ടി ലീഡ് തിരിച്ച് പിടിച്ചു. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആം ആദ്മി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.

അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു

അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തില്‍ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. ചികിത്സ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞത്. 48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞിനും അമ്മക്കും പ്രസവ സമയത്ത് 20 ശതമാനം താഴെയായിരുന്നു ഹൃദയമിടിപ്പ്. അമ്മയെ ഉടൻ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ചികിത്സിച്ച സീനിയർ ഡോക്ടർ പ്രസവ സമയത്തുണ്ടായിരുന്നുവെന്നും മറിച്ചുള്ള ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്ടർമാർക്കും ജീവനക്കാർക്കും എതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അടിയന്തര ചികിൽസ നൽകാൻ സീനിയർ ഡോക്ടർമാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകി.

മധ്യപ്രദേശിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു

മധ്യപ്രദേശിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു

മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. കുട്ടിയെ പുറത്ത് എത്തിക്കാൻ ശ്രമം തുടരുകയാണ്. എട്ടു വയസുള്ള തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം. 5 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണത്.

ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ കുഴൽക്കിണറിൽ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാന്‍ കുഴൽക്കിണർ കുഴിച്ചത്. വെള്ളം കിട്ടാത്തതിനാ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയെന്നാണ് സ്ഥലം ഉടമ പറയുന്നത്. കുട്ടി എങ്ങനെയാണ് ഇരുമ്പുപാളി നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ചൗഹാൻ പോലീസിനോട് പറഞ്ഞു.

കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മണ്ണ് നീക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഭോപ്പാലിൽ നിന്നും ഹോഷംഗബാദിൽ നിന്നും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്‍റെ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുട്ടിക്ക് ഓക്‌സിജൻ നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷ പ്രവര്‍ത്തകര്‍ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖനിര്‍മ്മാണം തുടരും; വികസന പദ്ധതികളിൽ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖനിര്‍മ്മാണം തുടരും; വികസന പദ്ധതികളിൽ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.