ഭക്ഷ്യസുരക്ഷയും, ലഹരി വിമുക്തിയും ചേർന്ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഭക്ഷ്യസുരക്ഷയും, ലഹരി വിമുക്തിയും ചേർന്ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വർക്കല അയിരൂർ എം. ജി. എം മോഡൽ സ്കൂളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷയെ കുറിച്ചും,
ലഹരി ഉപയോഗത്തിന്റെ ദുരന്ത വശങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ആഭിമുഖ്യത്തിൽ വർക്കല ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. പ്രവിൻ, ഡയറ്റീഷൻ ശ്രുതി. ആർ. പ്രമോദ് എന്നിവർ ആരോഗ്യപരമായ ഭക്ഷണത്തെക്കുറിച്ച് ക്ലാസുകൾ നയിച്ചു.

വർക്കല എക്സൈസ് ഡിപ്പാർട്ട്മെന്റിലെ പ്രിവന്റീവ് ഷാജി. കെ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. ചടങ്ങിൽ സെക്രട്ടറി ഡോ. പി കെ സുകുമാരൻ, സ്കൂൾ പ്രിൻസിപ്പാൾ ഡോ. എസ്‌ പൂജ, വൈസ് പ്രിൻസിപ്പാൾ മീര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വധ ശ്രമക്കേസിൽ വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതി എയർപോർട്ടിൽ വച്ച് പിടിയിലായി

വധ ശ്രമക്കേസിൽ വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതി എയർപോർട്ടിൽ വച്ച് പിടിയിലായി

വധ ശ്രമക്കേസിൽ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് പിടിയിലായി. 2020 ല്‍ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ റിപ്പോർട്ട് ആയ വധശ്രമക്കേസിലെ രണ്ടാം പ്രതിയായ കൊല്ലം മയ്യനാട് ഫ്ലോഡേയില്‍ വീട്ടിൽ ഫർമിന്‍ ജോസഫ് മകൻ 28 വയസ്സുള്ള ഫെബിന്‍ ഫെര്‍മിന്‍ ആണ് പിടിയിലായത്.

ഇയാൾ കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് ഒളിച്ചു കടന്നത് മനസ്സിലാക്കി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു അതനുസരിച്ച് നാട്ടിലേക്ക് രഹസ്യമായി വന്ന ഫെബിനെ നെടുമ്പാശ്ശേരി എമിഗ്രേഷനില്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ശാലു ഡിജെ ജൂനിയർ സബ്ഇൻസ്പെക്ടർ ശ്രീജിത്ത്. ബി, സി പി ഓ നൂറുൽ അമീൻ, സി.ഒ ബിനു എന്നിവരുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരിയിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുഞ്ഞ് കരയുമെന്നോർത്ത് സിനിമയ്ക്ക് പോകാൻ മടിക്കേണ്ട; ഇനി ‘ക്രൈ റൂം’

കുഞ്ഞ് കരയുമെന്നോർത്ത് സിനിമയ്ക്ക് പോകാൻ മടിക്കേണ്ട; ഇനി ‘ക്രൈ റൂം’

തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുമായി സിനിമയ്ക്ക് പോകാൻ മടിക്കുന്നവർക്ക് ഇനി ആശ്വസിക്കാം. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഇനി തിയറ്റർ വിടേണ്ട. മറ്റ് കാണികൾക്ക് അലോസരം ഉണ്ടാകുന്നത് ഒഴിവാക്കാൻ ക്രൈ റൂം. ക്രൈ റൂമിൽ പോയിരുന്ന് കുഞ്ഞിനൊപ്പം സിനിമ കാണുന്നത് തുടരാം.

സർക്കാർ തിയേറ്ററുകൾ വനിതാ ശിശുസൗഹാർദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്സിൽ ‘ക്രൈ റൂം’ ആരംഭിച്ചു. കുഞ്ഞു കരഞ്ഞാൽ പലപ്പോഴും രക്ഷിതാക്കൾക്ക് അവരേയും കൊണ്ട് പുറത്തേക്ക് പോകേണ്ടി വരികയാണ് പതിവ്. സിനിമ ആസ്വദിക്കാൻ കഴിയാറില്ല. തിയേറ്ററിലെ ശബ്ദവുമായി പൊരുത്തപ്പെടാൻ കുട്ടികൾക്കും പ്രയാസമുണ്ടാകും. ഇതിനെല്ലാം പരിഹാരമായാണ് പുതിയ സംവിധാനം. ക്രൈ റൂമിൽ തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവും ഉണ്ടാവും. കെഎസ്എഫ്ഡിസിയുടെ കൂടുതൽ തിയേറ്ററുകളിൽ ഇത്തരം ക്രൈ റൂമുകൾ കൊണ്ടുവരുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

വെള്ളക്കെട്ടിൽ മകന്റെ മൃതദേഹം; മരണവിവരമറിഞ്ഞ് അമ്മ കുഴഞ്ഞു വീണു മരിച്ചു

വെള്ളക്കെട്ടിൽ മകന്റെ മൃതദേഹം; മരണവിവരമറിഞ്ഞ് അമ്മ കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: യുവാവ് പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് അമ്പലപ്പാറ തിരുണ്ടിയിലാണ് ദാരുണ സംഭവമുണ്ടായത്. തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്. വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടാണിത്. മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗവര്‍ണറെ മാറ്റാനുളള ബില്‍ നിയമസഭയില്‍; എതിര്‍പ്പ് ഉന്നയിച്ച് പ്രതിപക്ഷം

ഗവര്‍ണറെ മാറ്റാനുളള ബില്‍ നിയമസഭയില്‍; എതിര്‍പ്പ് ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിക്കുന്നത്. ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാന്‍സലര്‍ പദവിയില്‍ കൊണ്ടുവരണമെന്നാണ് ബില്ലിലെ ആവശ്യം. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സുപ്രീം കോടതി വിധികള്‍ക്കും വിരുദ്ധമായ ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള പൂര്‍ണ്ണ അധികാരം നിയമസഭയ്ക്കുണ്ട്. പക്ഷെ പകരം എന്ത് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സതീശന്‍ ചോദിച്ചു. കമ്യൂണിസ്റ്റ് വത്കരണമാണ് ഈ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ നടത്തുന്നത്. വിസിയായി നിയമിക്കുമ്പോള്‍ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലില്‍ പറയുന്നില്ല. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ചാന്‍സലറായി കൊണ്ടുവരാവുന്ന രീതിയില്‍ സര്‍ക്കാരിന് സര്‍വകലാശാലയുടെ ഓട്ടോണമിയില്‍ പൂര്‍ണമായി ഇടപെടാന്‍ കഴിയുന്ന രീതിയിലാണ് നിയമം.

വിസിയുടെ നിയമന കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളൊന്നും ബില്ലില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ നിരവധി നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. നിയമനാധികാരി സര്‍ക്കാരാവുമ്പോള്‍ സര്‍ക്കാരിലെ മന്ത്രി ചാന്‍സലര്‍ക്ക് കീഴില്‍ പ്രോ ചാന്‍സലറാകുന്നത് ചട്ടലംഘനമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് കോര്‍പ്പറേഷൻ ബാങ്ക് അക്കൗണ്ടുകളിലെ തിരിമറി; പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം

കോഴിക്കോട് കോര്‍പ്പറേഷൻ ബാങ്ക് അക്കൗണ്ടുകളിലെ തിരിമറി; പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പത്ത് ദിവസത്തോളമായിട്ടും പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം. മാനേജര്‍ റിജില്‍ നടത്തിയ തട്ടിപ്പിന്‍റെ കണക്ക് തിട്ടപ്പെടുത്താന്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞത്. തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ ബാങ്ക് ഇടപാടുകള്‍ നിത്യേനെ പരിശോധിക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞമാസം 29 ന്. കേസിലെ പ്രതി ബാങ്ക് മാനേജര്‍ റിജിലിനായി അന്നു തൊട്ട് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം.

മൂന്നാം തിയതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ പ്രതി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല കോടതിയില്‍ നല്‍കി. കോര്‍പറേഷന്‍ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ ഒന്പത് അക്കൗണ്ടുകളില്‍ നിന്നുമായി റിജില്‍ നടത്തിയ തിരിമറിയുടെ കണക്ക് തിട്ടപ്പടുത്താനും പണം ചെലവിട്ട വഴികള്‍ കണ്ടെത്താനുമാണ് അന്വേഷണ സംഘം കൂടുതല്‍ സമയവും ചെലവിട്ടത്. സംസ്ഥാനത്തെ അമ്പരിപ്പിച്ച ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എവിടെ എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറുപടിയില്ല. നാളെ റിജിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി വിധി പറയും.

മുന്‍കൂര്‍ ജാമ്യേപേക്ഷ തളളിയാല്‍ പ്രതിയ്ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അതേസമയം, നഷ്ടപ്പെട്ട പണം മുഴുവന്‍ തിരിച്ച് ഉടന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബാങ്കിന് കോര്‍പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം തിരികെ കിട്ടിയ ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കിലെ എല്ലാ അക്കൗണ്ടുകളും ക്ളോസ് ചെയ്യുന്ന കാര്യവും കോര്‍പറേഷന്‍റെ പരിഗണനയിലുണ്ട്.