ചലഞ്ചേഴ്‌സ് കപ്പ് -2022 ജേഴ്‌സി പ്രകാശനം  ചെയ്തു

ചലഞ്ചേഴ്‌സ് കപ്പ് -2022 ജേഴ്‌സി പ്രകാശനം ചെയ്തു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ചലഞ്ചേഴ്സ് ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വേണ്ടി ആറ്റിങ്ങൽ ടാലന്റ് ട്യൂഷൻ സെന്റർ സംഭാവന ചെയ്ത ഒഫീഷ്യൽ ജേഴ്സിയുടെ പ്രകാശനം കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. വി. ജോയി എം.എൽ.എ, ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത്, ടൂർണമെന്റ് കമ്മിറ്റി കോർഡിനേറ്റർ വിഷ്ണു ചന്ദ്രൻ, ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 09,10,11 തീയതികളിലാണ് കായിക മാമാങ്കം സംഘടിപ്പിക്കുന്നത്.

എറണാകുളത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

എറണാകുളത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

കൊച്ചി: എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ. അഞ്ച് പശുക്കളാണ് ചത്തത്. വാഹനം ഇടിച്ചാണ് പശുക്കൾ ചത്തത്. എഫ് എ സി ടി കോമ്പൗണ്ടിൽ മേയാനിറങ്ങിയ പശുക്കൾ റോഡിലേക്കിറങ്ങിയപ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്.
ഉളളുലയ്ക്കുന്ന കാഴ്ചയാണ് എഫ് എ സി ടി കോമ്പൗണ്ടിൽ ഇന്നുണ്ടായത്. ഒരു ടോറസ് വാഹനം പശുക്കളെ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. റോഡരികില്‍ നിര നിരയായി പശുക്കള്‍ ചത്ത നിലയിലായിരുന്നു. പുല‍ർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം.

ആർബിഐ പലിശ നിരക്ക് ഉയർത്തിയേക്കും

ആർബിഐ പലിശ നിരക്ക് ഉയർത്തിയേക്കും

പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരിധിയ്ക്ക് മുകളിൽ തന്നെ തുടരുന്നതിനാൽ റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കും. ആർബിഐ അതിന്റെ പ്രധാന വായ്പാ നിരക്ക് 35 ബേസിസ് വരെ ഉയർത്തുമെന്നാണ് സൂചന. ഒക്ടോബറിൽ രാജ്യത്തെ പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞെങ്കിലും ആർബിഐയുടെ ടോളറൻസ് ബാൻഡിന്റെ മുകളിൽ തന്നെയായിരുന്നു. 2 മുതൽ 6 ശതമാനം വരെയാണ് ആർബിഐയുടെ പരിധി.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മാസങ്ങളിൽ കുറയുന്നുണ്ടെങ്കിലും ആഭ്യന്തര വിലയിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ല.

കഴിഞ്ഞ ഏഴ് മാസങ്ങളിൽ ആറിലും ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞു, മാർച്ചിൽ 139 ഡോളറിലെത്തിയ ബാരലിന് നിലവിൽ ഏകദേശം 83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള എണ്ണവില കുറവാണെങ്കിലും, 2022 മെയ് മുതൽ ഇന്ത്യയിലെ ചില്ലറ വിപണി വിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, സെപ്തംബർ 30-ലെ നയ പ്രസ്താവനയിൽ, ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി 2022/23 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 7 ശതമാനമായും ചില്ലറ പണപ്പെരുപ്പം 6.7 ശതമാനമായും പ്രവചിച്ചിരുന്നു.

ഡല്‍ഹിയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്; ബിജെപിക്ക് ലീഡ്

ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പോരാട്ടം ഇഞ്ചോടിഞ്ച്. നിലവിൽ 123 ഇടത്ത് ലീഡ് നിലനിർത്തുകയാണ് ബിജെപി. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായാണ് വന്നത്. എന്നാൽ ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ബിജെപി ലീഡ് പിടിക്കുന്ന നിലയിലേക്ക് എത്തി. നിലവിൽ 123 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 119 സീറ്റുകളിലാണ് ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. നാലിടത്ത് കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്. ആംആദ്മി പാർട്ടി കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. എന്നാൽ ലീഡ് നിലനിർത്തി മുന്നേറുകയാണ് ബിജെപി.

മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്ര സർക്കാ‍ർ ഒറ്റ മുൻസിപ്പൽ കോർപ്പറേഷനാക്കി മാറ്റിയത്. പതിനഞ്ച് വർഷമായി ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളുടെയും ഭരണം ബിജെപിക്കാണ്.

വിഴിഞ്ഞം സമരം അവസാനിപ്പിച്ചു.മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം

വിഴിഞ്ഞം സമരം അവസാനിപ്പിച്ചു.മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനായത്. തത്കാലത്തേക്ക് സമരം നിര്‍ത്തുന്നുവെന്ന് സമരസമിതി അറിയിച്ചു. തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫാദര്‍ യൂജിന്‍ പെരേര അറിയിച്ചു. ‘തീരശോഷണവും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങള്‍ ബോധ്യപ്പെടുകയും ചെയ്താല്‍ സമരം മുന്നോട്ട് കൊണ്ടുപോകും’, ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

സമരത്തിന്റെ 140-ാം ദിവസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി ചര്‍ച്ചനടത്തിയത്. അദാനി ഗ്രൂപ്പിന്റെ കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സമരത്തില്‍ സമവായമുണ്ടാവുന്നത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. വീട് നഷ്ടമായവര്‍ക്കുള്ള വാടകയായ 5,500 രൂപ പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. 8,000 രൂപയായിരുന്നു സമരക്കാരുടെ ആവശ്യം. പഠനസമിതിയില്‍ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല.

തീരശോഷണത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് സമരസമിതി അറിയിച്ചു. ചീഫ് സെക്രട്ടറിയും മന്ത്രിസഭാ ഉപസമിതിയും സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമരക്കാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കടയ്ക്കാവൂരിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കടയ്ക്കാവൂരിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കടയ്ക്കാവൂരിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണനാക്ക് പെരുംകുളം കുതിരപ്പന്തിയിൽ വീട്ടിൽ നിഗമ (49)യെ ഇന്ന് രാവിലെ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. വീട്ടിലെ വർക് ഏരിയയിലാണ് കത്തിയമർന്ന നിലയിൽ കണ്ടത്. പുലർച്ചെ അഞ്ചോടെയാണ് സംഭവം. കടയ്ക്കാവൂർ പോലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു.

മരണ കാരണം വ്യക്തമായിട്ടില്ല. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വ്യക്തത വരൂ. കുടുംബസമേതമാണ് ഇവർ ഈ വീട്ടിൽ താമസിച്ചിരുന്നത്. പുലർച്ചെ നിലവിളിയും ശബ്ദവും കേട്ടു വീട്ടുകാർ ഓടിയെത്തിയപ്പോൾ തീ പടർന്ന നിലയിൽ മൃതദേഹം കാണുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.