by Midhun HP News | Jan 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ( ശനിയാഴ്ച ) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം വെള്ള കാര്‍ഡിന് അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു.
2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക. 2026 ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള (E) വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ന്യൂ ഇയർ ദിനത്തിലുണ്ടായ ബൈക്ക് അപകടത്തിൽ പൂത്തുറ സ്വദേശി മരണപ്പെട്ടു. താഴമ്പള്ളി കുരിശടിക്ക് സമീപം തരിശുപറമ്പ് മേരിദാസൻ സുനിത ദമ്പതികളുടെ മകൻ അജി രാജ് (27) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചേ 12.30 ഓടെയായിരുന്നു സംഭവം. പെരുമാതുറ ഭാഗത്ത്നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനത്തിനു പുറകിൽ ഇരുന്ന് സഞ്ചരിച്ച അജി രാജ് തെറിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ, ചിറയിൻകീഴ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് സെൻ്റ് റോക്കി ദേവാലയത്തിൽ നടക്കും. സഹോദരങ്ങൾ: പ്രവീൺരാജ്, നീതു.
by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കോരാണി കുറക്കട ഭാവന ജംഗ്ഷൻ സജിത്ത് ഭവനിൽ ഷീജ (49) യാണ് മരിച്ചത്. ദിവസങ്ങൾക്കു മുൻപ് വീട്ടിലേക്കുള്ള വഴിയരികിൽ വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരവേ ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മക്കൾ: സജിത്ത്, സിജിമോൻ.
മരുമകൾ: വിനിത
ചെറുമകൾ: നിധി.
മരണാനന്തര ചടങ്ങുകൾ തിങ്കൾ (05.01.26) രാവിലെ 8.30 ന്
by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ചിറയിൻകീഴ് റേഞ്ച് ഇൻസ്‌പെക്ടർ വി എസ് ദീപുക്കുട്ടന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തികൊണ്ടിരിക്കുന്ന ശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് ഇരട്ടകലുങ് ഡ്രീം ലാൻഡ് വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിന്റെ കാർ പോർച്ചിന്റെ കോണിൽ പ്രത്യേകമായി സ്റ്റോർ റൂം സജ്ജീകരിച്ച് അതിനുള്ളിൽ 99 കെയ്സുകളിലായി 891 ലിറ്റർ ഗോവ നിർമ്മിത അനധികൃത വിദേശ മദ്യം കണ്ടെത്തി.
തുടർന്ന് ഡ്രീം ലാൻഡ് വീട്ടിൽ താമസക്കാരനായ 53 വയസ്സുള്ള ബിനു ജി യെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു. കേസ് ചിറയിൻകീഴ് റേഞ്ചിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേഷ് കെ ആർ, പ്രിവന്റീവ് ഓഫീസർ എ ജസീം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷംനാദ്, പ്രവീൺ, അജാസ്, അഖിൽ, വൈശാഖ്,വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേര്‍ന്നു നിന്നത്. 2026ലേക്ക് കടക്കുമ്പോള്‍ ആ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങളുണ്ട്.
11.4 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റര്‍ കുടിവെള്ള ടാങ്ക്, ഫുട്ബാള്‍ ഗ്രൗണ്ട്, മാര്‍ക്കറ്റ്, അംഗന്‍വാടി, കമ്മ്യൂണിറ്റി ഹാള്‍, മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയല്‍, ഓരോ വീട്ടിലും സൗരോര്‍ജ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ ഷിപ്പിലുണ്ടാകും.
207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോണ്‍ക്രീറ്റ് ഭിത്തി, തേപ്പ്, ടൈല്‍ പാകല്‍, പെയിന്റിംഗ് എന്നീ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 3.9 കിലോമീറ്റര്‍ നീളത്തില്‍ റോഡിന്റെ പ്രാരംഭ പണി പൂര്‍ത്തിയായി. കുടിവെള്ള ടാങ്കിന്റെ റാഫ്റ്റ് വാര്‍ക്കല്‍ കഴിഞ്ഞു. 1600ഓളം ജീവനക്കാര്‍ രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്നുണ്ട്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നല്‍കുന്നത്.
20 വര്‍ഷത്തോളം വാറന്റിയുള്ള, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. സിമന്റ്, മണല്‍, മെറ്റല്‍, കമ്പി മുതലായവ നിര്‍മാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ നിര്‍മാണങ്ങള്‍ക്കും 5 വര്‍ഷത്തേയ്ക്ക് കേടുപാടുകളില്‍ നിന്നും കരാറുകാര്‍ സംരക്ഷണം നല്‍കും. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.’ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന തത്വം ഉള്‍ക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു. വർക്കല വെട്ടൂർ പഞ്ചായത്ത് വിളഭാഗം ഒമ്പതാം വാർഡിൽ ഗായത്രി 29 വയസ്സാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പ്രസവിക്കുകയുംഅമിത രക്തസമ്മർദ്ദം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവതിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതിയുടെ മരണത്തിൽ അസ്വഭാവികഥ ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു. സ്വന്തം വീട്ടിലേക്ക് ശവസംസ്കാര ചടങ്ങുകൾക്കായി യുവതിയെ വിതുരയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.
Recent Comments