തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്;  രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട് തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊട്ടമ്മല്‍ വയലോടി സ്വദേശി പ്രിയേഷിനെ (32) ഇന്നലെയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പില്‍ ബൈക്കിന് സമീപം മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പാന്റ് മാത്രമാണ് ഉണ്ടായിരുന്നത്. ചെളി പുരണ്ട നിലയിലായിരുന്നു. ദേഹമാസകലം ചെറിയ മുറിവുകളും കണ്ടെത്തിയിരുന്നു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിലെ പ്രതികളെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നും പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. ശീതളപാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രിയേഷ്. രാത്രി ഒമ്പതരയോടെ ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് പ്രിയേഷ് വീട്ടില്‍ നിന്നും പോയതെന്നും, അപ്പോള്‍ ഷര്‍ട്ട് ധരിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. പ്രിയേഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. അതാകാം മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനെ അറിയിച്ചിരുന്നു.

ശബരിമലയിൽ കർശന സുരക്ഷ

ഡിസംബർ ആറിനോട് അനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷ. കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷമാണ് ദർശനത്തിന് കടത്തി വിടുന്നത്. വന മേഖലയിൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി. സന്നിധാനത്തെ തന്ത്ര പ്രധാന മേഖലകളിലടക്കം പോലീസും കേന്ദ്ര സേനയും ചേർന്ന് സുരക്ഷാ വലയം തീർത്തിരിക്കുകയാണ്. ഭക്തരെ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ ആകും. സന്നിധാനത്ത് കേന്ദ്ര സേനകളുടെ നേതൃത്വത്തിൽ റൂട്ട് മാർച്ചു നടത്തി.

സന്നിധാനത്തും പതിനെട്ടാം പടിയ്‌ക്ക് താഴെയും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണ പറത്തൽ നടത്തിയിരുന്നു. പമ്പ, നിലയ്‌ക്കൽ, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പോലീസ് ഇന്നലെ നിരീക്ഷണം നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന്റെ പശ്ചലത്തലത്തിലാണ് ഇത്തവണ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ടെന്ന് സർക്കാർ

കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ടെന്ന് സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയതെന്തിനാണെന്ന ചോദ്യം പ്രതിപക്ഷ എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ചു.

സർക്കാർ പരിമിതമായ ചിലവ് മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഇപ്പോൾ നിലവിൽ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നും മന്ത്രി മറുപടി നൽകി. ഒരു പദ്ധതി വരുന്നതിന് മുമ്പ് പ്രാഥമികമായ കാര്യങ്ങൾ മുൻകൂട്ടി ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.

സിലബസ്‌ 30 ശതമാനം പോലും തീർന്നിട്ടില്ല; പ്ലസ് വണ്ണിൽ വിദ്യാർഥികൾ വലയും

സിലബസ്‌ 30 ശതമാനം പോലും തീർന്നിട്ടില്ല; പ്ലസ് വണ്ണിൽ വിദ്യാർഥികൾ വലയും

സിലബസ്‌ 30 ശതമാനം പോലും തീർന്നിട്ടില്ല. പാഠംതീരാതെ പരീക്ഷ. പ്ലസ് വണ്ണിൽ വിദ്യാർഥികൾ വലയും. പത്തുമാസം നീളുന്ന അധ്യയനവർഷത്തിൽ പൂർത്തിയാക്കേണ്ട പാഠങ്ങൾ ആറുമാസത്തിനുള്ളിൽ പഠിച്ചു പരീക്ഷയെഴുതേണ്ട അവസ്ഥയിലാണ് സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികൾ. അധ്യയനം പൂർണമായില്ലെങ്കിലും മാർച്ച് 10 മുതൽ 30 വരെ നടക്കുന്ന പൊതുപരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ്‌ 25-നാണ് പ്ലസ് വൺ ക്ലാസ് തുടങ്ങിയത്. ആറുമാസംമാത്രമാണ് പഠിപ്പിക്കാൻ അധ്യാപകർക്ക് ലഭിക്കുന്നത്. ഭൂരിഭാഗം സ്കൂളിലും പാഠഭാഗങ്ങൾ എങ്ങുമെത്തിയിട്ടില്ല. 30 ശതമാനംപോലും പഠിപ്പിച്ചുതീർന്നിട്ടില്ലെന്ന് അധ്യാപകർ പറയുന്നു.

മുൻവർഷങ്ങളിലേതുപോലെ ഓടിച്ചു പഠിപ്പിച്ചുതീർക്കലാകും ഇനി സ്കൂളുകളിൽ നടക്കുക.
ജൂലായ് നാലിന് ക്ലാസ്സുകൾ ആരംഭിച്ചതിനാൽ പ്ലസ്ടുവിൽ ഇങ്ങനെയുള്ള പ്രശ്നമില്ല. എന്നാൽ ഏറെ വൈകി ക്ലാസ്സുകൾ ആരംഭിക്കുന്ന പ്ലസ് വണ്ണിൽ കൃത്യമായി പാഠങ്ങൾ തീർക്കാതെ പരീക്ഷ നടത്തുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി ആരോപണമുണ്ട്.

സംസ്ഥാനത്ത് നാളെ മുതൽ ഒൻപതാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒൻപതാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നൽ സാധ്യത കൂടി പ്രവചിക്കപ്പെട്ടതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഇത് ചുഴലിക്കാറ്റായി ഈ മാസം എട്ടിന് രാവിലെയോടെ ബം​ഗാൾ ഉൾക്കടലിന് സമീപത്ത് എത്തിച്ചേരാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഒൻപതിന് കനത്ത മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.

ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കും; വ്യവസായ മന്ത്രി പി രാജീവ്

ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കും; വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. കേരള സർക്കാർ ഇത് അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിൻ്റെ ഈ പരിശ്രമം. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും.