by Midhun HP News | Dec 6, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിനു സമീപം ആണ് സംഭവം. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന
ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എസ്പ്രെസ്സിൽ നിന്നുമാണ് പെണ്കുട്ടി തെറിച്ചു വീണത്. രാവിലെ 8.55 ഓടെയാണ് സംഭവം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ സൂര്യമോൾ ആണ് ട്രെയിനിൽ നിന്നും വീണത്. ആലപ്പുഴ ചേർത്തല സ്വദേശിനിയാണ്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെവിയിൽ നിന്ന് ബ്ലഡ് ഒഴുകുന്ന നിലയിലാണ്. പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.
by Midhun HP News | Dec 6, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗൗരവമുള്ള വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. 130 ദിവസത്തിലധികമായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം വിന്‍സന്‍റ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്താനായിരുന്നില്ല. കൃത്യമായ ഉറപ്പ് സർക്കാരിൽ നിന്ന് ലഭിക്കുകയാണെങ്കിലേ ചർച്ചയ്ക്കുള്ളൂ എന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. തുടർചർച്ചകൾ നടത്തി ഇക്കാര്യങ്ങൾ സമരസമിതിയെ അറിയിക്കാനാണ് സർക്കാർ നീക്കം. ഇതിന് ശേഷം ഇന്ന് വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മിൽ ചർച്ച നടത്താനാണ് ശ്രമം. കഴിഞ്ഞദിവസങ്ങളിലെ അനുരഞ്ജന നീക്കങ്ങൾ വിലയിരുത്താനായി ഇന്നും സമരസമിതി യോഗം ചേരും.
by Midhun HP News | Dec 6, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കൊച്ചുകുട്ടികളുൾപ്പെടെയുള്ളവർ സംസ്ഥാനത്ത് ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെടുന്നുണ്ട്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി പതിമൂന്നുകാരി വെളിപ്പെടുത്തി. .
ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി വെളിപ്പെടുത്തി. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയക്കുകയും ചെയ്തു.
ലഹരിമരുന്നിനെതിരെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒരു ഭാഗത്ത് പ്രചാരണം തുടരുമ്പോഴാണ് പിഞ്ചു കുട്ടികള്‍ പോലും ലഹരി മാഫിയ കെണിയിലാകുന്നത്.
by Midhun HP News | Dec 6, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദേശ വനിതയെ കോവളത്ത് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്തമായി.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. വിദേശ വനിതയെ കാണാനില്ലെന്ന പരാതി ലാഘവബുദ്ധിയോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്. വിഷാദ രോഗിയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ചികിത്സയ്ക്കും മറ്റുമായാണ് കേരളത്തിലെത്തിയത്. പതിവായി പ്രഭാത സവാരി നടത്താറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ ലിഗ പിന്നീട് തിരിച്ച് വന്നില്ല. തുടർന്ന് സഹോദരി പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നൽകിയ സഹോദരി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും സമർപ്പിച്ചിരുന്നു.
2018 മാർച്ച് 14 ന് കാണാതായ ലിഗയുടെ മൃതദേഹം 35 ദിവസത്തിന് ശേഷം ജീർണിച്ച നിലയിൽ കോവളത്തിനടുത്തെ പൊന്തക്കാട്ടിൽ നിന്ന് കിട്ടി. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുവന്ന ശേഷം കഞ്ചാവ് നൽകി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. നാല് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. കേസിലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 5 നാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവ ആധാരമാക്കിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
by Midhun HP News | Dec 6, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,930 രൂപയിലും പവന് 39,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 4,960 രൂപയിലും പവന് 39,680 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഏറ്റവും കുറഞ്ഞ വില ഡിസംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്. ഈ മാസം ഇത് വരെ ഗ്രാമിന് വർധിച്ചത് 85 രൂപയും പവന് 680 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്കുയർത്തൽ ഭീഷണിയിൽ ബോണ്ട് യീൽഡ് മുന്നേറിയത് ഇന്നലെ സ്വർണത്തിന് വീഴ്ച നൽകിയിരുന്നു. ഔൺസിന് 1780 ഡോളറിലേക്കിറങ്ങിയ സ്വർണ വില 1760 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു.
by Midhun HP News | Dec 6, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പൊലീസുകാരൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ പിസ്റ്റളിലെ ഒരു തിര പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തോക്ക് നിലത്തേക്ക് ചൂണ്ടി വീണ്ടും വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

Recent Comments