നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

കൊച്ചി: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ‘ഏഴു നിറങ്ങള്‍’ ആണ് കൊച്ചു പ്രേമന്‍റെ ആദ്യ സിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും തുടർന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.

ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമൻ്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ. നാടക സമിതിയിൽ സജീവമായ കാലത്ത് അദ്ദേഹത്തിൻ്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചുപ്രേമൻ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. കൊച്ചു പ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകൻ ജെ.സി.കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം നൽകിയത്.

1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.

സിനിമ നടൻ എന്ന ലേബൽ തന്ന ചിത്രമാണ് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നാണ് കൊച്ചുപ്രേമൻ്റെ അഭിപ്രായം. കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിടയാക്കി. പക്ഷേ ആ വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. ഒരു മകനാണ് അവർക്കുള്ളത്. പേര് ഹരികൃഷ്ണൻ.

ഫിലിം എഡിറ്റർ മധു കൈനകരി അന്തരിച്ചു

ഫിലിം എഡിറ്റർ മധു കൈനകരി അന്തരിച്ചു

ഫിലിം എഡിറ്റർ മധു കൈനകരി (71) ഹൃദയാഘാതം മൂലം മരണപെട്ടു. അമ്പലപ്പുഴയിലുള്ള വസതിയിലായിരുന്നു അന്ത്യം. കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, കൂടെവിടെ, ഒരിടത്തൊരുരു ഫയൽവാൻ, പറന്ന് പറന്ന് പറന്ന് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്നു. അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഡിറ്റിംഗിൽ ബിരുദം നേടിയിട്ടുണ്ട്. ദൂർദർശനിൽ എഡിറ്റർ ആയിരുന്നു.

എസ്എൻഡിപി ശാഖ വാർഷികവും പൊതുയോഗവും നടന്നു

എസ്എൻഡിപി ശാഖ വാർഷികവും പൊതുയോഗവും നടന്നു

കിളിമാനൂർ: പുല്ലയിൽ 2314 ആം നമ്പർ എസ്എൻഡിപി ശാഖയുടെ വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മുൻ ശാഖ പ്രസിഡൻ്റ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ആയി വിനയചന്ദ്രൻ, സെക്രട്ടറി ജയദാസ് എന്നിവരെ തിരഞ്ഞെടുത്തു. എസ്എൻഡിപി കിളിമാനൂർ യൂണിയൻ അഡ്മിനി്ട്രേറ്റീവ് പച്ചയിൽ സന്ദീപ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. ശിവഗിരി തീർഥാടനത്തിന് 50 പേർ പങ്കെടുക്കുമെന്ന് യോഗം തീരുമാനിക്കുകയുണ്ടായി. അനിൽ, റീജോ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി.

ബീമാപ്പള്ളി ഉറൂസ്; ഡിസ: 24 മുതൽ ജനുവരി 4 വരെ :ജനു: 3ന് തിരുവനന്തപുരം നഗര പരിധിയില്‍ പ്രാദേശിക അവധി

ബീമാപ്പള്ളി ഉറൂസ്; ഡിസ: 24 മുതൽ ജനുവരി 4 വരെ :ജനു: 3ന് തിരുവനന്തപുരം നഗര പരിധിയില്‍ പ്രാദേശിക അവധി

ബീമാപ്പള്ളിയിലെ ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാണ് ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവം. തീര്‍ഥാടകര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു മന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി.

ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും. ബീമാപ്പള്ളിയിലേയ്ക്കുള്ള പ്രധാന റോഡിലെയും അനുബന്ധ റോഡുകളിലെയും അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. വഴിവിളക്കുകള്‍ തെളിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബിക്കും കോര്‍പ്പറേഷനും നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കി ആവശ്യമായ അറ്റകുറ്റപ്പണി നടത്തണം. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ബീമാപ്പള്ളിയിലേക്കുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. തീര്‍ഥാടകര്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷാ കേന്ദ്രം തുറക്കും. പ്രത്യേക ആംബുലന്‍സ് സൗകര്യവുമുണ്ടാകും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പൂവാര്‍, കിഴക്കേക്കോട്ട, തമ്പാനൂര്‍ ഡിപ്പോകളില്‍നിന്നു കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും. തീര്‍ഥാടകരുടെ പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യമൊരുക്കും.

ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് വിന്യാസം നടത്തും. കണ്‍ട്രോള്‍ റൂമും തുറക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകള്‍ നടത്തും. ഉത്സവകാലയളവില്‍ മാലിന്യ നീക്കം ഉറപ്പാക്കാന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പ്രത്യേക ഡ്രൈവ് നടത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും ഉറൂസ് മഹോത്സവം നടത്തുക. കോവിഡ് ആശങ്കയൊഴിഞ്ഞ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഉറൂസ് മഹോത്സവത്തിനു കൂടുതല്‍ തീര്‍ഥാടകര്‍ എത്താനുള്ള സാധ്യത മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സമയബന്ധിതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ ജെ. സുധീര്‍, മിലാനി പെരേര, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ്, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ബീമാപ്പള്ളി ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്ലാം, ജനറല്‍ സെക്രട്ടറി എം.കെ.എം. നിയാസ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു. സർവ്വിസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപെട്ടാണ് മേൽപ്പാലം തുറന്നത്. എന്നാൽ സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയായാലും മേൽപ്പാലം അടക്കില്ല എന്ന് നിർമ്മാണ കമ്പനി പറഞ്ഞു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് തീരുമാനിക്കും. കേന്ദ്ര മന്ത്രി നിതിൻഗഡ്കരിയുടെ സമയമനുസരിച്ചായിരിക്കും ഉദ്ഘാടനം നടത്തുക. നിർമ്മാണം പൂർത്തിയായിട്ടും മേൽപ്പാലം തുറക്കാത്തതിൽ വ്യാപക പ്രതിഷേധം നടന്നിരുന്നു. പൂജ നടത്തിയാണ് മേൽപ്പാലം തുറന്നത്. കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണ് കഴക്കൂട്ടത്ത് ഇന്നു തുറന്നത്. എലിവേറ്റഡ് തുറന്നതോടുകൂടി കഴക്കൂട്ടത്തിന്റെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും എന്നാണ് അധികൃതർ കരുതുന്നത്.

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ നേതൃത്വത്തിൽ രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽൽ വച്ച് ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ എസ് ജവാദ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ, കിളിമാനൂർ ആർ.ആർ. വി ബോയ്സ് ഹൈസ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സോണി ജി ജെ, സ്പെഷ്യൽ എഡ്യൂക്കേറ്റർ അനീഷ് എസ്. എൽ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവും മികവും തെളിച്ച വിഭിന്ന ശേഷി കുട്ടികൾക്ക് സമ്മാനവും മെഡലുകളും വിതരണം ചെയ്തു. കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനാർഹരായ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

സ്കൂളുകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളുടെ ചിത്രരചന, പോസ്റ്ററുകളുടെ പ്രദർശനം, ചിത്ര പ്രദർശനം, ബിഗ് കാൻവാസ് എന്നിവ സംഘടിപ്പിച്ചു. വിളംബര ജാഥയോടൊപ്പം ഫ്ളാഷ് മോബ്, ചെണ്ടമേളം, ദീപശിഖ റാലി, സൈക്കിൾ റാലി എന്നിവ നവീന അനുഭവമായി മാറി. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ വി.ആർ സാബു സ്വാഗതം പറഞ്ഞു. ബി.ആർ സി ട്രെയിനർ ഷാനവാസ്. ബി നന്ദി പ്രകാശിപ്പിച്ചു. അധ്യാപകർ, രക്ഷകർത്താക്കൾ കുട്ടികളടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു.