സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ സാക്ഷി മൊഴിമാറ്റി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ സാക്ഷി മൊഴിമാറ്റി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. കോടതിയിലാണ് രഹസ്യമൊഴി മാറ്റിയത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വെളിപ്പെടുത്തിയെന്നായിരുന്നു പ്രകാശിന്‍റെ ആദ്യ മൊഴി. എന്നാല്‍, ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ പ്രശാന്ത് മൊഴി മാറ്റിയത്. അതേസമയം മൊഴി മാറ്റാനിടയായ സാഹചര്യം വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പ്രതികരിച്ചു.

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

അറുപത്തിനാലാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം. ആദ്യദിനം തന്നെ 3000 മീറ്ററില്‍ പാലക്കാട് മൂന്നു സ്വര്‍ണം നേടി. മുഹമ്മദ് മഷൂദ്(സീനിയര്‍), ബിജോയ് ജെ (ജൂനിയര്‍) എന്നിവരാണ് സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ ആര്‍. രുദ്രയ്ക്കും സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസിലെ ദേബിക ബെന്‍ സ്വര്‍ണം നേടി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍.

ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു. പ്രതിദിനം അരലക്ഷത്തിന് മുകളിലാണ് ഭക്തർ സന്നിദാനത്തേയ്ക്ക് എത്തുന്നത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുന്നത്. ഓൺലൈൻ വഴിയും 13 ഇടങ്ങളിൽ നേരിട്ടും ബുക്ക് ചെയ്താണ് ഭക്തർ ശബരിമലയിലേക്ക് എത്തുന്നത്.

ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം നട തുറന്ന ദിവസം മുതൽ നവംബർ 30 വരെ 8.74 ലക്ഷം തീർത്ഥാടകരാണ് അയ്യപ്പ ദർശനത്തിനായി സന്നിദാനത്ത് എത്തിയത്. ഈ രണ്ടു ദിവസത്തെ കണക്ക് കൂടി എടുത്താൽ ആകെ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടക്കും. ദർശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.’ കുട്ടികളുടെ കൈയിൽ ബാൻഡ് കെട്ടി രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയാണ് കടത്തിവിടുന്നത്. പുൽമേട് വഴി രാവിലെ 7 നും ഉച്ചയ്ക്ക് 2 നും ഇടയിലാണ് പ്രവേശനം. വരും ദിവസംങ്ങളിൽ 70000 ന് മുകളിലാണ് വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ്. ഭക്തജനത്തിരക്ക് കൂടിയതോടെ വരുമാനവും 70 കോടി കടന്നു.

ഗുരുവായൂർ ഏകാദശി ഇന്നും നാളെയും; പ്രാദേശിക അവധി

ഗുരുവായൂർ ഏകാദശി ഇന്നും നാളെയും; പ്രാദേശിക അവധി

തൃശൂർ: ​ഗുരുവായൂർ ഏകാദശി ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് ഉദയാസ്തമയപ്പൂജയോടെയാണ് ആഘോഷം. നാളെ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശ്ശീവേലിയും രാത്രിവിളക്കാചാരത്തിന് പ്രാധാന്യം നൽകിയാണ് ഏകാദശി ആചരണം. ഏകാദശി പ്രമാണിച്ചു ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

വിഷ്ണുഭ​ഗവാൻ യോ​ഗനിദ്രയിൽ നിന്നുണരുന്ന ദിനം, ശ്രീകൃഷ്ണൻ അർജുനന് ​ഗീതോപദേശം നൽകിയ ദിനം, ​ഗുരുവും വായുവും ചേർന്ന് ​ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ച ദിനം എന്നിങ്ങനെ നീളുന്നു ​ഗുരുവായൂർ ഏകാദശിയുടെ വിശേഷണങ്ങൾ. ഏകാദശിയുടെ രണ്ട് ദിവസവും സമ്പൂർണ നെയ്‌വിളക്കാണ്. വൃതവിഭവങ്ങളോടെ ഏകാദശിയൂട്ടും ഉണ്ടാകും.

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്; മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ചു പേരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്; മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ചു പേരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ഡല്‍ഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെ അഞ്ചു പേരുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സിബി മാത്യൂസ്, മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ബി ശ്രീകുമാര്‍, കേരള പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയന്‍, തമ്പി ദുര്‍ഗാദത്ത്, ഇന്റലിജന്‍സ് ഓഫിസര്‍ ആയിരുന്ന പിഎസ് ജയപ്രകാശ് എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ഹര്‍ജികള്‍ തിരികെ ഹൈക്കോടതിയിലേയ്ക്കു വിടുന്നതായും നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ നിര്‍ദേശിച്ചു.

കേസില്‍ ഇരുകക്ഷികളുടെയും വാദങ്ങള്‍ സംബന്ധിച്ച് അഭിപ്രായമൊന്നും പറയുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഹര്‍ജികള്‍ മെറിറ്റില്‍ കേട്ട് ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ വിജയിച്ചു

ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ വിജയിച്ചു

കേരള യൂണിവേഴ്സിറ്റിയിലെ കോളേജുകളിലേയ്ക്ക് നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ വിജയിച്ചു. ചെയർമാൻ:സുർജിത്, വൈസ് ചെയർമാൻ:അൻസി സന്തോഷ്‌, ജനറൽ സെക്രട്ടറി :അമൽരാജ്, ആർട്സ് ക്ലബ് സെക്രട്ടറി:അമൽ, മാഗസിൻ എഡിറ്റർ: മിഥുൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലേഴ്‌സ്: വിജയ് വിമൽ, ജിതിൻ
വനിതാ പ്രതിനിധികൾ: ആദിത്യ വിജയൻ, ദുർഗ എന്നിവരാണ് എതിരില്ലാതെ
വിജയിച്ചത്.

കഴിഞ്ഞവർഷവും എസ്എഫ്ഐയുടെ പാനലിന് എതിരില്ലായിരുന്നു. എതിരല്ലാതെ വിജയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ആറ്റിങ്ങൽ ടൗണിൽ പ്രകടനം നടത്തി. എസ്എഫ്ഐ പാനലിലെ മുഴുവൻ വിദ്യാർഥികളെയും എതിരില്ലാതെ വിജയിപ്പിച്ച ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ വിദ്യാർഥികൾക്ക് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമലും സെക്രട്ടറി ആനന്ദും നന്ദി രേഖപ്പെടുത്തി.