കിഴുവിലം ഗ്രാമ പഞ്ചായത്ത് തല ആരോഗ്യമേള സംഘടിപ്പിച്ചു

കിഴുവിലം ഗ്രാമ പഞ്ചായത്ത് തല ആരോഗ്യമേള സംഘടിപ്പിച്ചു

കിഴുവിലം ഗ്രാമ പഞ്ചായത്ത് തല ആരോഗ്യ മേള വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത.എസ് സ്വാഗതം ആശംസിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, എസ്.സുലഭ, ജി.ഗോപകുമാർ, ആശ, ജയന്തി, പ്രസന്ന, അനീഷ്, വത്സല കുമാരി, എൻ.രഘു, ജയചന്ദ്രൻ, പി.പവനചന്ദ്രൻ, രജിത, സലീന, അനീഷ് .ജി.ജി, സുനിൽ, സാബു, അനന്തകൃഷ്ണൻ നായർ, മെഡിക്കൽ ഓഫീസർ ദീപാ രവി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ് നന്ദി പ്രകാശിപ്പിച്ചു.

മോഡേൺ മെഡിസിൻ, ആയുർവ്വേദ, ഹോമിയോ വിഭാഗങ്ങൾ നേതൃത്വം നൽകിയ പരിശോധനാ ക്യാമ്പുകൾ, ബോധവല്ക്കരണ ക്ലാസ്സുകൾ, ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ടെസ്റ്റുകൾ, മരുന്ന് വിതരണം, നോൺ കമ്മ്യൂണിക്കബിൾ ഡിസീസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ചിറയിൻകീഴ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാനവാസ് നേതൃത്വം നൽകിയ മയക്കു മരുന്നുകൾക്കെതിരെയുള്ള ബോധവല്ക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്രസേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

വിഴിഞ്ഞത്ത് പ്രശ്നമുണ്ടാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് കോടതിയെ അറിയിച്ചു. ബിഷപ്പ് അടക്കമുള്ള വൈദികരെയും പ്രതിയാക്കി കേസെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ അന്വേഷണ ചുമതല ആർ നിശാന്തിനിക്ക് നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇപ്പോഴും പദ്ധതി പ്രദേശത്തേയ്ക്ക് സാധനങ്ങളെത്തിക്കാൻ കഴിയുന്നില്ലെന്നും വൈദികരടക്കം പല പ്രതികളും ഇപ്പോഴും സമരപ്പന്തലിലുണ്ടെന്നും അദാനി പോർട്ട് കോടതിയെ അറിയിച്ചു. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും കഴിയുന്നില്ലേയെന്ന ചോദ്യം കോടതി സർക്കാരിനോട് ചോദിച്ചു. 

അതോടെ പദ്ധതി പ്രദേശത്ത് നിന്നും സമരക്കാരെ ഒഴുപ്പിക്കാൻ വെടിവെയ്പ്പ് നടത്തിയിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾ മരിക്കുമായിരുന്നെന്ന് സ‍ർക്കാർ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ കേന്ദ്രസേനയ്ക്ക് സുരക്ഷാചുമതല നൽകണമെന്ന് അദാനി ഗ്രൂപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഇതിനെ എതിർക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഇത് ഫയലിൽ സ്വീകരിച്ച കോടതി, സംസ്ഥാന സ‍ർക്കാർ ആവശ്യപ്പെടാതെ കേന്ദ്രസേനയെ പദ്ധതി മേഖലയിൽ വിന്യസിക്കാൻ കഴിയുമോയെന്ന് ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യം ചർച്ച ചെയ്ത് മറുപടി പറയാനും കോടതി നിർദേശം നൽകി. ഹർജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.  

വർക്കലയിൽ വയോധികന്റെ ആത്മഹത്യാശ്രമം

വർക്കലയിൽ വയോധികന്റെ ആത്മഹത്യാശ്രമം

വർക്കലയിൽ വയോധികന്റെ ആത്മഹത്യാശ്രമം. വർക്കല സ്വദ്ദേശിയായ പുത്തൻവിള വീട്ടിൽ ജയൻ (52) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. സുഹൃത്തിനെ ഫോണിൽ വിളിച്ചു “ഞാൻ പുതിയ പാൻറും ഷർട്ടും ധരിച്ച് മുകളിലേക്ക് പോവുകയാണ്” പറഞ്ഞതിനുശേഷമാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ സുഹൃത്ത് സുരേഷ് നാട്ടുകാരെയും കൂട്ടി ഉടൻ ജയന്റെ വീട്ടിലെത്തുകയും വീടിൻറെ മുൻഗേറ്റ് പൂട്ടിയ നിലയിലായിരുന്നതിനാൽ മതിൽ ചാടിക്കടന്ന് വീടിൻറെ പുറകുവശത്തുള്ള വാതിൽ തല്ലിത്തകർത്ത്
അകത്തുകയറിയപ്പോൾ ജയൻ മരണത്തോട് മല്ലടിക്കുകയായിരുന്നു.

ഉടനെ തന്നെ അവർ ജയനെ രക്ഷപ്പെടുത്തി വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. ഭാര്യയും രണ്ടു മക്കളുമായി ജയൻ പിണങ്ങി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ജയന്റെ നില ഗുരുതരമായി തുടരുന്നു.

വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കം

വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കം

വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കമായി. വി.ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട എസ്എന്‍വിഎച്ച്എസ്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ അധ്യക്ഷയായി. ഗ്രൂപ്പ് മത്സരങ്ങളിലടക്കം ആയിരത്തിലധികം യുവജനങ്ങള്‍ കേരളോത്സവത്തിന്റെ ഭാഗമാകും. ഡിസംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലായി വിവിധ വേദികളില്‍ മത്സരം നടക്കും.

കായിക മത്സരങ്ങള്‍ നെടുങ്ങണ്ട എസ്.എന്‍.വി.എച്ച്.എസ്.എസ്, ഞെക്കാട് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, മണമ്പൂര്‍ ജയകേരളം ക്ലബ്ബ് കോര്‍ട്ട്, ഇടവ നൂറാ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ സ്റ്റേഡിയം, താഴെവെട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പിരപ്പന്‍കോട് നീന്തല്‍ സമുച്ചയം, ബ്രദേഴ്‌സ് തോണിപ്പാറ ക്ലബ്ബ് എന്നിവിടങ്ങളിലും കലാമത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് നടക്കുന്നത്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന്‍ രാജ്, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദര്‍ശിനി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.ഡിസംബര്‍ നാലിനു സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.

മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്നാണ് ഇവർ മൊബൈലുകളും ലാപ് ടോപ്പുകളും കവർന്നത്. കഴിഞ്ഞ മാസം എട്ടാം തീയതി വൈകുന്നേരം വിദ്യാർത്ഥികൾ കാണാതെയാണ് ഇവർ ഹോസ്റ്റലിൽ കയറിയത്.

തുടർന്ന് പൂട്ടിയിടാത്ത നാല് മുറികളിൽ കയറി 5 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും മോഷണം നടത്തുകയായിരുന്നു. കഴക്കൂട്ടം കരിയിൽ സ്വദേശി സുജിത്ത് (19) പ്രായപൂർത്തിയാകാത്തയാൾ എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു സൈബർ സെലിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പാളയം ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കിൽ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ എത്തി മോഷണം നടത്തുകയും തുടർന്ന് മൊബൈൽ ഫോണുകൾ ബീമാപള്ളിക്ക് സമീപമുള്ള കടയിൽ വിൽക്കുകയായിരുന്നു. ലാപ്ടോപ്പ് കഴക്കൂട്ടം ഭാഗത്തുള്ള തെറ്റിയാർ തോട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ആറുമാസം മുൻപ് പാങ്ങപ്പാറയിൽ നിന്നും മോഷണം ചെയ്തെടുത്ത സ്കൂട്ടറിൽ അമ്പാടി നഗറിലുള്ള മറ്റൊരു ഹോസ്റ്റലിൽ കയറി ലാപ്ടോപ്പും മൊബൈൽ ഫോണും മോഷണം ചെയ്തെടുത്തത് ഇവർ തന്നെയാണെന്ന് സമ്മതിച്ചു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു. അഴൂർ,ചിലമ്പിൽ സ്വദേശി കുഞ്ഞുമോനെ ആണ് ആറ്റിങ്ങൽ പോക്സോ കോടതി ജഡ്ജ് ടി പി പ്രഭാഷ് ലാൽ കുറ്റക്കാരനല്ല എന്ന് കണ്ട് വെറുതെ വിട്ടത്. ചിലമ്പിൽ സ്വദേശിയായ 14 വയസുള്ള പെൺകുട്ടിയെ ലൈംഗിക വിചാരത്തോടെ കടന്നുപിടിച്ചു എന്ന പരാതിയിൽ 2018 ഇൽ ചിറയിൻകീഴ് പോലീസ് എടുത്ത കേസിലാണ്,പ്രതിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ.രാജേഷ്.ബി.നായർ ഹാജരായി.