സിഐറ്റിയു ഡിസംബർ 1 പതാകദിനമായി ആചരിച്ചു

സിഐറ്റിയു ഡിസംബർ 1 പതാകദിനമായി ആചരിച്ചു

സിഐറ്റിയു 15-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് വച്ച് ഡിസംബർ 17,18,19 തീയതികളിൽ നടക്കുന്നതിന്റെ മുന്നോടിയായി ഡിസംബർ 1 പതാകദിനമായി ആചരിച്ചു. എല്ലാ തൊഴിൽ ശാലകൾക്ക് മുന്നിലും പ്രധാന കേന്ദ്രങ്ങളിലും മുദ്രാവാക്യങ്ങൾ വിളിച്ചു പതാകകൾ ഉയർത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് പതാക ഉയർത്തി ഏര്യാ കമ്മറ്റിക്കു വേണ്ടി ആറ്റിങ്ങൽ വൈദ്യുതി ഭവനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പതാക ഉയർത്തി.ആർ.രാജു പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ വി.വിജയകുമാർ, സി പയസ്, എം.മുരളി, ജി.വ്യാസൻ ,പി മണികണ്ഠൻ, ജി.വേണുഗോപാലൻ നായർ ,എസ്.ചന്ദ്രൻ,ബി.സതീശൻ, ആർ.എസ്.അരുൺ, എസ്.രാജശേഖരൻ, ഗായത്രി ദേവീ, എസ്.ലോറൻസ്, എസ്.ജോയി, എ.അൻഫാർ, എസ്.അനിൽകുമാർ, എം.ബി.ദിനേശ്, എസ്.സാബു, എസ്.പ്രകാശ് എന്നിവർ പതാക ഉയർത്തി.

സിഐറ്റിയു വർക്കല ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കലയിൽ അഡ്വ. കെ. ആർ. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഐറ്റിയു വർക്കല ഏര്യാ സെക്രട്ടറിയും, മുതിർന്ന നേതാവുമായ വി. സത്യദേവൻ പതാക ഉയർത്തി ആചരിച്ചു. സിഐറ്റിയു നേതാക്കളായ നിതിൻ നായർ, സുനിൽ മർഹബ, ഷാൻ, എ. സുധീർ, സജി ഭുവനചന്ദ്രൻ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ദീപശിഖാറാലി ഡിസംബർ 2ന്

ഡിസംബർ 3 ലോകഭിന്നശേഷി ദിനചാരണം ഡയറ്റ് സ്കൂളിൽ വച്ച് നടക്കുന്നു. ആറ്റിങ്ങൽ സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശിക്ഷിക്കാരായ കുട്ടികളുടെ കലാപരിപാടികൾ അന്നേദിവസം രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്നു. ഈ പരിപാടിയുടെ മുന്നോടിയായി ആറ്റിങ്ങൽ ബി ആർ സി യുടെ നേതൃത്വത്തിൽ ഡിസംബർ 2 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ശ്രീരാജിന്റെ വസതിയിൽ നിന്നും കുട്ടി തെളിയിക്കുന്ന ദീപശിഖ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് കുമാരി ഏറ്റുവാങ്ങുന്നു.

തുടർന്ന്എസ്സ് പി സി യിലെ 15 കുട്ടികൾ സൈക്കിൾ റാലിയായും 15 ഓളം പ്രൊഫഷണൽ സൈക്കിൾ ചവിട്ടുന്നവരും റാലിയിൽ അണിചേരുന്നു. തുടർന്ന് ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിൽ നിന്നും 10 എസ് പി സി കുട്ടികൾ 10ജെ ആർ സി കുട്ടികൾ 10 ഗൈഡ് ലെകുട്ടികൾ 10 എൻസിസി കുട്ടികൾ റാലിയ്ക്കൊപ്പം കാൽനടയായി ചേരുന്നു. തുടർന്ന് റാലി പാലസ് റോഡ് വഴി കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തുന്നു. കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നു. തുടർന്ന് റാലി കച്ചേരി ജംഗ്ഷനിൽ എത്തി അവിടെയും ഫ്ലാഷ്മോബും തെരുവ് നാടകവും അവതരിപ്പിക്കുന്നു. ശേഷം റാലി ഡയറ്റ് സ്കൂളിൽ അവസാനിക്കുന്നു.

ജഗതിയെ കണ്ട് മണിയന്‍പിള്ള രാജുവും മകനും

ജഗതിയെ കണ്ട് മണിയന്‍പിള്ള രാജുവും മകനും

തന്റെ അടുത്ത സുഹൃത്തു കൂടിയായ ജഗതിയെ കാണാനായി മണിയന്‍പിള്ള രാജു മകനൊപ്പം എത്തി. ഇരുവരെയും കണ്ടതും ജഗതിയുടെ മുഖത്തും സന്തോഷം.ഷെബി ചൗഗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാക്കിപ്പട എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നിരഞ്ജ് മണിയന്‍പിള്ള രാജു.ലാലും നിരഞ്ജും പ്രധാന വേഷങ്ങളില്‍ എത്തുന്ന മറ്റൊരു ചിത്രമാണ് ഡിയര്‍ വാപ്പി.സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ത്രയം. ചിത്രത്തിലും നടന്‍ അഭിനയിക്കുന്നുണ്ട്.

നിരഞ്ജ് മണിയന്‍ പിള്ള നായകനായി എത്തിയ ചിത്രം അടുത്തിടെ തീയേറ്ററുകളില്‍ എത്തിയിരുന്നു.

ചില 1 രൂപ, 50 പൈസ നാണയങ്ങൾ വിപണികളിൽ നിന്നു പിൻവലിക്കുന്നു

ചില 1 രൂപ, 50 പൈസ നാണയങ്ങൾ വിപണികളിൽ നിന്നു പിൻവലിക്കുന്നു

പഴയ 1 രൂപ, 50 പൈസ നാണയങ്ങളിൽ ചിലത് വിപണികളിൽ നിന്ന് ആർബിഐ പിൻവലിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. താഴെ നൽകിയിട്ടുള്ള കുപ്രോണിക്കൽ (ചെമ്പ്- നിക്കൽ) നാണയങ്ങളാണ് വിപണികളിൽ നിന്ന് അപ്രത്യക്ഷമാകാൻ ഒരുങ്ങുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന നാണയങ്ങൾ ഒരിക്കൽ ബാങ്കിൽ നിക്ഷേപിച്ചാൽ പിന്നീട് അവ വീണ്ടും ഇഷ്യൂ ചെയ്യില്ലെന്നു ന്യൂഡൽഹിയിലെ ഒരു ഐസിഐസിഐ ബാങ്ക് ശാഖയും വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ടൈംസ് നൗ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്.

ബാങ്കുകളിൽ ശേഖരിക്കുന്ന ഇത്തരം നാണയങ്ങൾ ആർബിഐ തിരിച്ചെടുക്കും. നടപടി ഇത്തരം നാണയങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യുന്നില്ല. ഇവ ഇടപാടുകൾക്ക് ഉപയോഗിക്കാവുന്നതാണ്. പഴക്കംച്ചെന്ന നാണയങ്ങൾ വിപണികളിൽ നിന്നു നീക്കുന്നതിന്റെ ഭാഗം മാത്രമാണ് നടപടി. നിലവിൽ ആർബിഐ തിരിച്ചുവിളിച്ചിരിക്കുന്ന നാണയങ്ങൾ 1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും വിപണിയിൽ എത്തിയവയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരിച്ചുവിളിക്കുന്നുവെങ്കിലും ഈ നാണയങ്ങൾക്ക് മൂല്യം നഷ്ടമാകുന്നില്ല. അതിനാൽ തന്നെ ഈ നാണയങ്ങൾ കൈവശമുള്ളവർക്ക് ഇടപാടുകൾക്ക് ഉപയോഗിക്കാവുന്നതാണ്. അതായത്, ഇപ്പോഴും ഇവയെ നിയമപരമായ ടെൻഡറായി കണക്കാക്കപ്പെടുന്നു. അതേസമയം ഈ നാണയങ്ങൾ ഒരിക്കൽ ബാങ്കിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നീട് തിരിച്ചുലഭിക്കില്ല. 50 പൈസ, രൂപ 1, 2, 5, 10, 20 രൂപ എന്നിങ്ങനെ വിവിധ വലുപ്പത്തിലുള്ള എല്ലാ നാണയങ്ങളും തീമുകളും ഡിസൈനുകളും സർക്കാർ കാലാകാലങ്ങളിൽ പുറത്തിറക്കുന്നതാണെന്നും നിയമാനുസൃതമായി തുടരുമെന്നും ഐസിഐസിഐ ബാങ്ക് ബ്രാഞ്ച് നോട്ടീസ് വ്യക്തമാക്കുന്നുണ്ട്.

മദ്യലഹരിയിൽ യുവതിയുടെ കാറോട്ടം; സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്

മദ്യലഹരിയിൽ യുവതിയുടെ കാറോട്ടം; സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്

കണ്ണൂര്‍: മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.

വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു.

പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു. ഇതോടെ നാട്ടുകാര്‍ പന്തക്കൽ പൊലീസിൽ വിവരമറിയിച്ചു. ഇതോടെ എസ്.ഐ. പി.പി. ജയരാജൻ, എ.എസ്.ഐ.എ.വി.മനോജ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രമുഖ സ്വർണാഭരണശാലകളിൽ നിക്ഷേപം നടത്തി ഒരു കോടിയോളം രൂപ തട്ടിയെടുത്ത നിലയ്ക്കാമുക്ക് സ്വദേശിനി അറസ്റ്റിൽ

പ്രമുഖ സ്വർണാഭരണശാലകളിൽ നിക്ഷേപം നടത്തി ഒരു കോടിയോളം രൂപ തട്ടിയെടുത്ത നിലയ്ക്കാമുക്ക് സ്വദേശിനി അറസ്റ്റിൽ

കടയ്ക്കാവൂർ: പ്രമുഖ സ്വർണാഭരണശാലകളിൽ നിക്ഷേപം നടത്തി വലിയ ലാഭം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. നിലയ്ക്കാമുക്ക് അമൃതം കൂഴി വീട്ടിൽ ബേബിയെയാണ് കടയ്ക്കാവൂർ ഐഎസ്എച്ച്ഒ അജേഷ്. വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ലാഭവിഹിതമോ മുതലോ ലഭിക്കാത്തതിനെ തുടർന്ന് പണം നൽകിയവർ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസിന് ബേബി വലിയൊരു തട്ടിപ്പാണ് നടത്തിയത് എന്ന് ബോധ്യമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കാവൂർ പ്രദേശത്ത് നിന്നുമായി ഒരു കോടി രൂപയുടെ തട്ടിപ്പാണ് ബേബി നടത്തിയിരിക്കുന്നത്. തട്ടിപ്പിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്നും ബേബിക്കൊപ്പം മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്നും കടക്കാവൂർ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.