പ്രവാസി മലയാളി സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പ്രവാസി മലയാളി സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും.

അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്‌ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോര്‍ക്ക-റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതിരേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 – നകം ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org ലും 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പറിലും ലഭിക്കും

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളായ ഉമേഷിനും ഉദയിനും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്. പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ സഹോദരിയ്ക്കൊപ്പം ചികിത്സക്കെത്തിയ നാല്‍പ്പതുകാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രിൽ 20ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ കണ്ടല്‌ കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ കോടതിയിൽ ഹാജരാക്കിയത്.

വിഴിഞ്ഞം തുറമുഖ പദ്ധതി; അദാനിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ പദ്ധതി; അദാനിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞത്ത് സമരക്കാര്‍ പൊലീസ് സ്റ്റേഷന് നേര്‍ക്ക് നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ അടക്കം തല്‍സ്ഥിതി വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

അതിനിടെ വിഴിഞ്ഞം അക്രമത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ആക്രമണത്തിലെ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ടുവരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളാ മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി നേതൃയോഗം ചേർന്നു

കേരളാ മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി നേതൃയോഗം ചേർന്നു

ആറ്റിങ്ങൽ: കേരളാ മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി നേതൃയോഗം ചേർന്നു. യോഗത്തിൽ ജില്ലാ പ്രസിഡൻറ് വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ.പി.ദ്യുര്യോധനൻ യോഗം ഉത്ഘാടനം ചെയ്തു. റവ.ഫാദർ സനൽരാജ് (സി.എസ്.ഐ.ആറ്റിങ്ങൽ) മുഖ്യ പ്രഭാഷണവും സത്യവാചകവും ചൊല്ലി കൊടുത്തു. കെ.മുരളിധരൻ നായർ (സംസ്ഥാന ജനറൽ സെക്രട്ടറി), ഡോ.സജീ (സംസ്ഥാനവൈസ് പ്രസിഡൻ്റ്), നീന ജയരാജ് (വനിത കോ ഓഡിനേറ്റർ), അമ്പുരി രവിന്ദ്രൻ (സംസ്ഥാനവൈസ് പ്രസിഡൻറ്), ഇല്ല്യാസ് (സംസ്ഥാന ജോ. സെക്രട്ടറി), സിന്ധു വക്കം (തിരു ജില്ലാ വനിത വിഭാഗം പ്രസിഡൻറ്)എന്നിവർ പങ്കെടുത്തു.

മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി

മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി

പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്തത നേടാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പോത്തൻകോട്ട് നിർവഹിച്ചു. ക്ഷീരകർഷകർക്ക് ആവശ്യമായ ഡോക്ടർമാരുടെ സേവനം വീട്ടുപടിക്കൽ ലഭ്യമാക്കാനായി ടോൾഫ്രീ സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉത്പാദന ചെലവ് കുറയ്ക്കാനായി ചോളം കൃഷി, സൈലേജ് നിർമ്മാണം എന്നിവ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായി.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും 14 പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് അനുയോജ്യമായ പദ്ധതികളിലൂടെ പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തത നേടാൻ പഞ്ചായത്തിനെ സഹായിക്കുന്ന മാതൃക പദ്ധതിയാണിത്. പോത്തൻകോട് പഞ്ചായത്തിലെ തെരഞ്ഞെടുത്ത ഒൻപത് കർഷകർക്ക് അഞ്ച് പെണ്ണാടുകളും ഒരു ആണാടും ഉൾപ്പെട്ട ഗോട്ട് സാലൈറ്റ് യൂണിറ്റ്, 18 വനിതകൾക്ക് കിടാരികൾ, 50 സ്കൂൾ വിദ്യാർഥികൾക്ക് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. മൃഗസംരക്ഷണ മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം യാഥാർഥ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം.

പോത്തൻകോട് സഫർലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോക്ടർ ജിജിമോൻ ജോസഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

52കാരൻ അധ്യാപകനോട് 20കാരി വിദ്യാർത്ഥിനിക്ക് പ്രണയം

52കാരൻ അധ്യാപകനോട് 20കാരി വിദ്യാർത്ഥിനിക്ക് പ്രണയം

ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ച് എല്ലാം നമ്മൾ പഠിച്ചിട്ടുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമൂഹത്തിന് ചില കാഴ്ചപ്പാടുകളും ഉണ്ട്. എന്നാൽ, അധ്യാപകരുമായി പ്രണയത്തിൽ വീഴുന്നവരും ഉണ്ട്. 52 -കാരനായ അധ്യാപകനാണ് ബിരുദ വിദ്യാർത്ഥിനിയായ 20 -കാരിയെ പാക്കിസ്ഥാനിൽ വിവാഹം കഴിച്ചത്. ബികോം വിദ്യാർത്ഥിനിയായ സോയ നൂറിന് തന്റെ അധ്യാപകൻ സാജിദ് അലിയോട് പ്രണയം തോന്നുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്നാണ് സോയ പറയുന്നത്. ആദ്യമൊക്കെ വിദ്യാർത്ഥിനിയുടെ പ്രണയാഭ്യർത്ഥന സാജിദ് അലി നിരസിച്ചു. എന്നാൽ, അവസാനം അധ്യാപകനും പ്രണയത്തിലാവുകയും വിവാഹിതരാവാൻ തീരുമാനിക്കുകയും ആയിരുന്നു.

പാകിസ്ഥാനി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററും ആയ സെയ്‍ദ് ബാസിത്ത് അലിയോടാണ് ഇരുവരും തങ്ങളുടെ അപൂർവമായ പ്രണയകഥ പങ്ക് വച്ചത്. പ്രണയം പറഞ്ഞ് ആദ്യം ചെന്നപ്പോൾ അധ്യാപകൻ വല്ലാതെ ആയിപ്പോയി എന്നും എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം അത് അം​ഗീകരിക്കുകയായിരുന്നു എന്നും സോയ പറഞ്ഞു.