സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു

അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു

തൃശൂര്‍: അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍, മകന്‍ ജിതിന്‍ എന്നിവരാണ് മരിച്ചത്. അയല്‍വാസിയായ വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയ വേലപ്പന്‍ ചന്ദ്രനെയും മകനെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന്‍ വഴിയില്‍ കാര്‍ നിര്‍ത്തി സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. ഈ സമയം മദ്യപിച്ചെത്തിയ വേലപ്പന്‍ ഇത് ചോദ്യംചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന്‍ രണ്ടുപേരെയും കുത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ചന്ദ്രന്റെ ഭാര്യ രാധ. മറ്റൊരു മകന്‍ ഗോകുല്‍. നീതുവാണ് ജിതിന്റെ ഭാര്യ. മക്കള്‍: സായന്ദ്, സരസ്‌കൃത. 2008-ല്‍ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് വേലപ്പന്‍.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ മാർച്ച് 10 മുതൽ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ മാർച്ച് 10 മുതൽ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്.

ഹയർസെക്കൻഡറിയിൽ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ 9.30മുതൽ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്. മാർച്ച് ഒമ്പതിന് തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും.

പരീക്ഷ ടൈം ടേബിൾ

ഹയർസെക്കൻഡറി രണ്ടാം വർഷം

മാർച്ച് 10 വെള്ളി-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

മാർച്ച് 14 ചൊവ്വ- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

മാർച്ച് 16 വ്യാഴം- മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.

മാർച്ച് 18 ശനി- ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച് 23 വ്യാഴം- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.

മാർച്ച് 25 ശനി- പാർട് ഒന്ന് ഇംഗ്ലീഷ്.

മാർച്ച് 28 ചൊവ്വ- പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

മാർച്ച് 30 വ്യാഴം- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

മാർച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച് 23 വ്യാഴം- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.

മാർച്ച് 25- ശനി പാർട് ഒന്ന് ഇംഗ്ലീഷ്.

മാർച്ച് 28 ചൊവ്വ- പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

മാർച്ച് 30 വ്യാഴം- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

ഹയർസെക്കൻഡറി ഒന്നാം വർഷം

മാർച്ച് 10- പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

മാർച്ച് 14 മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.

മാർച്ച് 16 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

മാർച്ച് 18 ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.

മാർച്ച് 21-ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 23- ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച് 25- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.

മാർച്ച് 28- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

മാർച്ച് 30 പാർട് ഒന്ന് ഇംഗ്ലീഷ്.

ആർട് വിഷയങ്ങൾ:

മാർച്ച് 10- പാർട് രണ്ട് ലാംഗ്വേജസ്.

മാർച്ച് 14- മെയിൻ.

മാർച്ച് 16- സബ്സിഡിയറി.

മാർച്ച് 18- ലിറ്ററേചർ.

മാർച്ച് 21- എയ്സ്തറ്റിക്.

മാർച്ച് 23- സംസ്‌കൃതം

മാർച്ച് 30- പാർട് ഒന്ന് ഇംഗ്ലീഷ്.

വിഎച്ച്എസ്ഇ രണ്ടാം വർഷം:

മാർച്ച് 10- എൻട്രപ്രണർഷിപ് ഡെവലപ്മെന്റ്

മാർച്ച് 14- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

മാർച്ച് 16- മാത്സ്.

മാർച്ച് 18- ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 21- ജിയോഗ്രഫി, അക്കൗണ്ടൻസി.

മാർച്ച് 23- ബയോളജി.

മാർച്ച് 25- ഇംഗ്ലീഷ്.

മാർച്ച് 28- മാനേജ്മെന്റ്

മാർച്ച് 30- വൊക്കേഷനൽ തിയറി.

വിഎച്ച്എസ്ഇ ഒന്നാം വർഷം:

മാർച്ച് 10- വൊക്കേഷനൽ തിയറി.

മാർച്ച് 14- മാത്സ്.

മാർച്ച് 16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

മാർച്ച് 18- ബയോളജി.

മാർച്ച് 21- ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 23- ജിയോഗ്രഫി, അക്കൗണ്ടൻസി.

മാർച്ച് 25- മാനേജ്മെന്റ്

മാർച്ച് 28- എന്റർപ്രണർഷിപ് ഡെവലപ്മെന്റ്.

മാർച്ച് 30- ഇംഗ്ലീഷ്.

രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബർ ഒൻപതു മുതൽ

രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബർ ഒൻപതു മുതൽ

27-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഡിസംബർ ഒൻപതിന് തിരുവനന്തപുരത്ത് തുടക്കമാകും. എട്ടു ദിവസത്തെ മേളയില്‍ ഇത്തവണ 14 സ്‌ക്രീനുകളിലായി 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. ലോക സിനിമയിൽ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകർഷണം. സെർബിയയിൽ നിന്നുള്ള ആറു ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.

അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം,ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കൺട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. എഫ് ഡബ്ലിയൂ മുർണോ, എമിർ കുസ്റ്റുറിക്ക, ബേലാ താർ, അലഹാന്ദ്രോ ഹോഡറോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പ്രത്യേക പാക്കേജുകൾ, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമാക്കാഴ്ചകൾക്കൊപ്പം സംഗീത നിശകൾക്കും വേദിയൊരുക്കുന്ന ചലച്ചിത്ര മേള ഡിസംബർ 16 നു സമാപിക്കും.

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധിഇന്ന്

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധിഇന്ന്

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ആണ് കേസില്‍ വിധി പ്രസ്താവിക്കുക. ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം. ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പ്രൊഫ. സിസ തോമസിനെ കെടിയു താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും, സിസ തോമസിനെ നിയമിച്ചത് സര്‍ക്കാരുമായി കൂടിയാലോചിച്ചല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സദുദ്ദേശ്യത്തോടെയാണ് സിസ തോമസിനെ നിയമിച്ചതെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തസ്തിക വച്ചുള്ള യോഗ്യത നോക്കുമ്പോള്‍ സിസ തോമസ് ലിസ്റ്റില്‍ നാലാമതാണ്. പക്ഷേ, ഇത്തരത്തിലുള്ള നിയമനത്തിന് സീനിയോരിറ്റിയല്ല പരിഗണനയാണ് മാനദണ്ഡം. വിദ്യാര്‍ത്ഥികളുടെ ഭാവി മനസില്‍ കണ്ടാണ് ഇത്തരമൊരു നിയമനവുമായി മുന്നോട്ടു പോയതെന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ വാദിച്ചു.

ഗവർണർക്കെതിരെയാണ് ഹർജിയെങ്കിൽ നിലനിൽക്കില്ലെന്ന് ഇന്നലെ കേസ് പരി​ഗണിക്കവെ ഹൈക്കോടതി സർക്കാരിനോട് വ്യക്തമാക്കിയിരുന്നു. അതേസമയം ചാൻസലർക്കെതിരെ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദേശം തള്ളിയാണ് ​ഗവർണർ സിസ തോമസിന് ചുമതല നൽകി ഉത്തരവിറക്കിയത്.

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. എട്ടു ഡിവൈഎസ്പിമാരും, സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പരിചയമുള്ള ക്രൈംബ്രാഞ്ച്, ലോ ആന്റ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സംഘത്തിലേക്ക് നിയോഗിക്കുക.

ക്യാമ്പുകളില്‍ നിന്നുള്ള പൊലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്. സമരപ്പന്തലുകളിലും വിഴിഞ്ഞം ജംഗ്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ അധികമായി വിന്യസിച്ചിരുന്നു.