നഗ്ന വീഡിയോ പകര്‍ത്തി ഏഴ് വര്‍ഷമായി യുവതിയെ പീഡിപ്പിച്ചു; പോലീസുകാരൻ അറസ്റ്റിൽ

നഗ്ന വീഡിയോ പകര്‍ത്തി ഏഴ് വര്‍ഷമായി യുവതിയെ പീഡിപ്പിച്ചു; പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: നഗ്ന വീഡിയോ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. വിജിലന്‍സ് ഗ്രേഡ് എസ് സിപിഒയും അരുവിക്കര കാച്ചാണി സ്വദേശിയുമായ സാബു പണിക്കര്‍ (48) ആണ് അറസ്റ്റിലായത്. 40കാരിയായ യുവതിയെ ഇയാൾ നിരന്തരം പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഇയാളെ അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുടെ വീഡിയോയാണ് ഇയാള്‍ പകര്‍ത്തിയത്. ഇതിന് ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സാബു. കഴിഞ്ഞ ഏഴ് വര്‍ഷമായി യുവതിയെ ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി ഹോട്ടലുകളില്‍ മുറി എടുത്ത് പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ അടുത്തയിടെ യുവതിയുടെ നഗ്‌ന വീഡിയോ പുറത്തുവിട്ടതോടെയാണ് യുവതി അരുവിക്കര പൊലീസില്‍ പരാതി നല്‍കിയത്. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസിന് തുടക്കം

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസിന് തുടക്കം

ബാംഗ്ലൂർ: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്‍പ്രസ് സർവീസ് നടത്തുന്നത്. ബാംഗ്ലൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള ആദ്യ യാത്രയ്ക്ക്, ബെംഗളൂരു കെഎസ്ആർ സ്റ്റേഷനിൽ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചടങ്ങിൽ പങ്കെടുത്തു. ആദ്യ യാത്രയ്ക്ക് ശേഷം മൈസൂരു – ബാംഗ്ലൂർ – ചെന്നൈ പാതയിൽ വന്ദേഭാരത് ഓടിത്തുടങ്ങും.

ആദ്യഘട്ടത്തിൽ ചെന്നൈയിൽ നിന്ന് ബാംഗ്ലൂർ വഴി മൈസൂരുവിലേക്ക് ആറര മണിക്കൂർ കൊണ്ടാണ് വന്ദേഭാരത് ഓടി എത്തുക. ട്രാക്ക് നവീകരണം പൂർത്തിയാകുന്നതോടെ യാത്രാ സമയം 3 മണിക്കൂറായി കുറയും. ഇതോടെ ചെന്നൈ- മൈസൂരു പാതയിലെ യാത്രാക്ലേശത്തിന് വലിയ ഒരളവ് വരെ പരിഹാരമാകും. 16 കോച്ചുകൾ അടങ്ങിയ റേക്കാണ് സർവീസിനായി എത്തിച്ചിട്ടുള്ളത്. രാവിലെ 5.50ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.20ന് ബാംഗ്ലൂരുവിലും 12.20ന് മൈസൂരുവിലുമെത്തും. തിരികെ ഒരു മണിക്ക് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി ഏഴരയ്ക്ക് ചെന്നൈയിലെത്തും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ ശേഷിയുള്ളവയാണ് വന്ദേഭാരത് എങ്കിലും ചെന്നൈ – മൈസൂരു പാതയിൽ 75 -80 കിലോമീറ്റർ വേഗത്തിലാകും സർവീസ് നടത്തുക. സുരക്ഷ വേലി ഇല്ലാത്തതാണ് വേഗത കുറയാൻ കാരണം. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസിനെ അപേക്ഷിച്ച് വന്ദേഭാരതിൽ ടിക്കറ്റ് നിരക്കും കുറവാണ്. ഭക്ഷണം ഉൾപ്പെടെ ചെയർ കാറിന് 1200 രൂപയാണ് നിരക്ക്. ശതാബ്ദിയിൽ 1275 രൂപ നൽകണം. എക്സിക്യുട്ടീവ് കാറിന് 2295 രൂപയാണ് വന്ദേഭാരതിലെ നിരക്ക്. വന്ദേഭാരത് സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി മറ്റ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ കവാച് വന്ദേഭാരത് എക്സപ്രസിൻ്റെ ഭാഗമാണ്. 2023- ആഗസ്റ്റ് 15-നുള്ളിൽ രാജ്യത്താകെ 75 വന്ദേഭാരത് ട്രെയിൻ സര്‍വ്വീസുകൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ പാസഞ്ചര്‍ ട്രെയിൻ സര്‍വീസുകളാണ് നടത്തുന്നതെങ്കിലും അതിവേഗ ചരക്കുനീക്കത്തിനുള്ള പ്രത്യേക വന്ദേഭാരത് ട്രെയിനുകൾ ഉടൻ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ളതുമാണ് വന്ദേഭാരത് ട്രെയിനുകൾ.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. നാളെ ഇടുക്കിയില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പെടെ ആറു പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പെടെ ആറു പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ആര്‍ പി രവിചന്ദ്രനും ഉള്‍പ്പെടെ ആറു പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവര്‍ക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്‌ന എന്നിവര്‍ വ്യക്തമാക്കി. മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വര്‍ഷമായി ജയിലിലാണ് ഇരുവരും. ഇവര്‍ ഉള്‍പ്പെടെ ആറു പേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഭരണഘടനയുടെ 142ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്. 1991 മെയ് 21ന് ആണ് തമിഴ്‌നാട്ടിലെ ശ്രീപെരുപത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. നളിക്കു മകള്‍ ഉള്ളതു കണക്കിലെടുത്ത് 2001ല്‍ വധശിക്ഷ ഇളവു ചെയ്തു. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ല്‍ ഉത്തരവിറക്കി.

സഹായം ചോദിച്ച്‌ ജില്ലാ കളക്ടര്‍; മലയാളി വിദ്യാർത്ഥിനിയുടെ മുഴുവൻ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് അല്ലു അർജുൻ

സഹായം ചോദിച്ച്‌ ജില്ലാ കളക്ടര്‍; മലയാളി വിദ്യാർത്ഥിനിയുടെ മുഴുവൻ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് അല്ലു അർജുൻ

ആലപ്പുഴ സ്വദേശിനായ വിദ്യാര്‍ത്ഥിയുടെ പഠന ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്ലസ് ടുവിന് 92 ശതമാനം മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് കളക്ടറെ കാണാനെത്തുന്നത്. വീ ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമാക്കിയാണ് കുട്ടിയ്ക്ക് സഹായം നല്‍കിയത്. നഴ്സ് ആകണം എന്ന് ആഗ്രഹിച്ച കുട്ടിയ്ക്ക് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ഉറപ്പാക്കി. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമായിരുന്നു. ഇതിനായാണ് അല്ലു അര്‍ജുനുമായി കളക്ടര്‍ ബന്ധപ്പെടുന്നത്. കേട്ടപാടെ നാല് വര്‍ഷത്തേയ്ക്കുമുള്ള ഹോസ്റ്റല്‍ ഫീ അടക്കമുള്ള മുഴുവന്‍ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു എന്ന് കളക്ടര്‍ അറിയിച്ചു.

ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം

ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: നിറമണ്‍കരയിൽ ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് കരമന പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നിറമണ്‍കരയിലാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കളാണ് പ്രദീപിനെ മര്‍ദ്ദിച്ചത്. കരമന പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പ്രദീപ് ആരോപിച്ചു.

ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. താന്‍ അല്ല എയര്‍ ഹോണ്‍ മുഴക്കിയത് എന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇരുവരും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പ്രദീപ് പറയുന്നു. സിഗ്നലില്‍ പച്ച കത്തിയപ്പോള്‍ പെട്ടെന്ന് തന്നെ സ്‌കൂട്ടര്‍ എടുത്ത് ഇരുവരും കടന്നുകളഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രദീപിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നിയമം ലംഘിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ വാഹനം ഓടിച്ചിരുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോഴാണ് എയര്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് ഇരുവരും തട്ടിക്കയറിയതെന്ന് പ്രദീപ് പറയുന്നു.

പ്രദീപിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തുടക്കത്തില്‍ കരമന പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രദീപ് ആരോപിക്കുന്നു. തുടര്‍ന്ന് സംഭവം നടന്ന സ്ഥലത്ത് സമീപത്തുള്ള കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പ്രദീപ് ശേഖരിക്കുകയായിരുന്നു.