സിപിഎം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ കൊലപാതകം; 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

സിപിഎം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ കൊലപാതകം; 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികളുടെ ശിക്ഷ പിന്നീട് പ്രസ്താവിക്കും.
2013 നവംബര്‍ 5 നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. ആനാവൂരിലെ വീട്ടില്‍ കയറിയാണ് സിപിഎം പ്രവര്‍ത്തകനായിരുന്ന നാരായണനെ വെട്ടി കൊലപ്പെടുത്തിയത്. നാരായണന്‍ നായരുടെ മകന്‍ ശിവപ്രസാദ് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

ശിവപ്രസാദിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ആനാവൂരിലെ വീട് ആക്രമിച്ചത്. അക്രമി സംഘത്തെ തടയുന്നതിനിടെ നാരായണന്‍ നായര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ നാരായണന്‍ നായര്‍ മരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്നു നാരായണന്‍ നായര്‍.

സംസ്ഥാനത്തെ ഏറ്റവും നീളമുള്ള ആകാശപാത ; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറക്കുന്നു

സംസ്ഥാനത്തെ ഏറ്റവും നീളമുള്ള ആകാശപാത ; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറക്കുന്നു

200 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമുള്ള ആകാശപാത, കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറക്കുന്നു. ഇനി സർവീസ് റോഡുകളുടെ റീ ടാറിങ് മാത്രമാണ് ഉള്ളത്. ഈ മാസം 15 ന് തന്നെ കേരളത്തിലെ ഏറ്റവും നീളമുള്ള നാല് വരി എലിവേറ്റഡ് ഹൈവേ പൊതു ഗതാഗതത്തിന് തുറന്നു നൽകും. ഇതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

തമിഴ്‌നാട്ടില്‍ അതിരൂക്ഷ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ അതി ശക്തമായ മഴ. രാത്രി മുഴുവന്‍ നീണ്ട മഴ പലയിടത്തും രാവിലെയും തുടരുകയാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളുവര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലും രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് മഴ വ്യാപകമാവാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ നീണ്ടു നിന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ട്രേഡ് യൂണിയനുകൾ സ്വത്വം നിലനിർത്തിക്കൊണ്ട് കാലാനുസൃതമായ മാറ്റത്തിന് തയ്യാറാകണം; ബി. സുരേന്ദ്ര

ട്രേഡ് യൂണിയനുകൾ സ്വത്വം നിലനിർത്തിക്കൊണ്ട് കാലാനുസൃതമായ മാറ്റത്തിന് തയ്യാറാകണം; ബി. സുരേന്ദ്ര

‘ട്രേഡ് യൂണിയനുകൾ സ്വത്വം നിലനിർത്തിക്കൊണ്ട് കാലാനുസൃതമായ മാറ്റത്തിന് തയ്യാറാകണം’ ബി. സുരേന്ദ്ര. അംഗീകൃത സംഘടനകൾ സ്വത്വം നിലനിർത്തിക്കൊണ്ട് സ്ഥാപനത്തേയും തൊഴിലാളികളേയും സംരക്ഷിക്കുന്ന രീതിയിലേക്ക് അതിന്റെ പ്രവർത്തന ശൈലികളിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും കെഎസ്ആർടിസിയിൽ കെഎസ്ടി എംപ്ലോയീസ് സംഘ് അതിന് നേതൃത്വം വഹിക്കണമെന്നും ബി എം എസ് നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി ബി.സുരേന്ദ്ര ആവശ്യപ്പെട്ടു. കെ എസ് ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് കരമന ബിഎംഎസ് കാര്യാലയത്തിൽ നടന്ന സംസ്ഥാന പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 മണിക്കൂർ ഡ്യൂട്ടി സർക്കാർ അടിച്ചേൽപ്പിയ്ക്കാൻ ശ്രമിച്ചപ്പോൾ മറ്റുള്ളവരെപ്പോലെ എടുത്ത് ചാടി സമരത്തിനല്ല, മറിച്ച് പ്രക്ഷോഭങ്ങളിലൂടെയും ചർച്ചയിലൂടെയും പരിഹരിക്കാനുള്ള ക്രിയാത്മക നിലപാടെടുത്ത് പ്രശ്ന പരിഹാരത്തിനാണ് ബിഎംഎസ് തീരുമാനിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ എസ് ആർ ടി സി കാര്യക്ഷമമാക്കുന്നതിനു വേണ്ടി ജീവനക്കാർക്ക് ശരിയായ പരിശീലനം നൽകുന്ന വർക്ക് ഷോപ്പുകൾക്കും സെമിനാറുകൾക്കും കെ എസ് ആർ ടി സിയിൽ തുടക്കം കുറിക്കണമെന്നും കെ എസ് ആർ ടി സിയിൽ പുതിയതായി ആരംഭിച്ച സ്വിഫ്റ്റ് സംവിധാനത്തിന്റെ പോരായ്മകൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡൻറ് ജി.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി എം എസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് സമാരോപ് പ്രഭാഷണം നടത്തി.

സംസ്ഥനജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, വർക്കിംഗ് പ്രസിഡൻറ് എസ്. അജയകുമാർ ട്രഷറർ എസ്. ശ്രീകുമാർ സംസ്ഥാന സെക്രട്ടറിമാരായ കെ.എൽ. യമുനാദേവി, ആർ.എൽ.ബിജുകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

സംസ്ഥാനത്ത് ഇന്നുമുതല്‍ പരക്കെ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് ഇന്നുമുതല്‍ പരക്കെ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലക്കൊള്ളുന്ന ന്യൂനമര്‍ദ്ദം ഇന്ന് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഇടുക്കിയില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെങ്ങ് തലയിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

തെങ്ങ് തലയിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: കൽപകഞ്ചേരി പറവന്നൂരിൽ തെങ്ങ് തലയിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. പറവന്നൂർ പരിയാരത്ത് അഫ്സലിന്റെ മകൻ അഹമ്മദ് സയ്യാൻ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം. വീടിന് പിറകിലെ ബന്ധുവീട്ടിലേക്ക് വല്യമ്മയോടൊപ്പം നടന്നുപോകുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന തെങ്ങ് കുട്ടിയുടെ തലയിലേക്ക് മുറിഞ്ഞുവീണത്. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.