by Midhun HP News | Oct 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളില്‍ ലഹരിവിരുദ്ധ ദീപം തെളിയ്ക്കും. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് വീടുകളില്‍ ദീപം തെളിയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വീടുകളില്‍ ലഹരിയ്ക്കെതിരെ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നലെ എം എല്‍ എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കല്‍ നടന്നു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും.
by Midhun HP News | Oct 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ 9 സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അസാധാരണ നിര്‍ദേശം നല്‍കിയതിനു പിന്നാലെ രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി നോട്ടിസ് നല്‍കാന്‍ രാജ്ഭവന്‍ നീക്കം. ശ്രീനാാരായണ സര്‍വകലാശാല വിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. സര്‍ക്കാര്‍ നേരിട്ട് നിയമിച്ച വിസിമാരാണ് ഇവര്‍. ഈ സര്‍വകലാശാലകള്‍ക്ക് യുജിസി അംഗീകാരം ലഭിച്ചിരുന്നു. അതിനാല്‍ യുജിസി മാനദണ്ഡം പാലിച്ച് നിയമനം നടത്തണമെന്നാണു ഗവര്‍ണറുടെ വാദം. സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എംഎസ് രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണ് വിസിമാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്), എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവയിലെ വിസിമാര്‍ക്കാണ് രാജ്ഭവന്‍ അടിയന്തര നിര്‍ദേശം നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ 5 സര്‍വകലാശാലകളിലെ വിസിമാരെയും നിയമിച്ചത് പാനല്‍ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തിന് പാനല്‍ ഉണ്ടായിരുന്നെങ്കിലും സേര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.

by Midhun HP News | Oct 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോയമ്പത്തൂർ: ഉക്കടത്ത് ടൗൺ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാർ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങൾക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടനം നടന്ന കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തി. സ്ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്.
പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയിൽ ഒരു പാചകവാതക സിലിണ്ടർ കൂടി കാറിനകത്ത് കണ്ടെത്തി. ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇതിന് സമീപത്ത് തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ‍്‍ഡ്പോസ്റ്റുണ്ട്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണോ സ്ഫോടനം ഉണ്ടായതെന്ന സംശയവും പൊലീസിനുണ്ട്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുക കൂടി ചെയ്തതോടെ നടന്നത് ചാവേറാക്രമണം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. പൊട്ടാസ്യം നൈട്രേറ്റ്, ചാർകോൾ, സൾഫർ, അലുമിനിയം പൗഡർ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
by Midhun HP News | Oct 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി.
ബംഗാളിലെ സാഗര്‍ ദ്വീപിന് 1,460 കിലോമീറ്റര്‍ തെക്കുകിഴക്കായി വടക്കന്‍ ആന്‍ഡമാനിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഒഡീഷയിലെ ചില ഭാഗങ്ങളിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 26 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, ബംഗാള്‍ തീരങ്ങളിലും മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
by Midhun HP News | Oct 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയക്ക് (23) നാട് കണ്ണീരോടെ വിടനല്‍കി. പോസ്റ്മാർട്ടത്തിന് ശേഷം പാനൂര്‍ വള്ള്യായിലെ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ നാടാകെ വിങ്ങിപ്പൊട്ടി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്മാർട്ടം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ചു. ഇതിനുശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള പതിനൊന്ന് മുറിവുകളുണ്ടായിരുന്നു. ഞരമ്പുകള്‍ മുറിഞ്ഞ് കഴുത്ത് 75 ശതമാനം അറ്റുതൂങ്ങിയ നിലയിലായിരുന്നു. നെഞ്ചിലും കൈകളിലും കാലിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ആന്തരികാവയങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റെന്നും പാസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ശ്യാംജിത്ത് കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഈ യുവാവ് വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു എന്ന സംശയത്തിന്റെ പുറത്താണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ശ്യാംജിത്ത് അകത്തേക്ക് കടന്നുവന്ന് വിഷ്ണു പ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തിയത്. ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണുപ്രിയ അലറി കരഞ്ഞത് ഇയാള്‍ കണ്ടിരുന്നു. പൊന്നാനി സ്വദേശിയായ യുവാവിനെ പൊലീസ് സാക്ഷി ചേര്‍ക്കും. സ്വന്തമായി നിര്‍മ്മിച്ച കത്തിയുമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. മലയാളത്തില്‍ ഈയിടയ്ക്കിറങ്ങിയ ഒരു സിനിമയില്‍ നിന്നാണ് സ്വന്തമായി കത്തി നിര്‍മ്മിക്കുന്നതിനെ കുറിച്ച് താന്‍ മനസ്സിലാക്കിയതെന്നും ശ്യാംജിത്ത് പറഞ്ഞതായി പൊലീസ് പറയുന്നു.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. ചുറ്റിക, കത്തി, സ്‌കൂഡ്രൈവര്‍ തുടങ്ങിയവ ബാഗിലാക്കി വീടിനു സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങള്‍ പുറത്തെടുത്തത്.
ഉപേക്ഷിച്ച ബാഗില്‍ മാസ്‌ക്, ഷൂ, ഷര്‍ട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്‌സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേല്‍പിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ആയുധം, ചുറ്റിക, കത്തി എന്നിവയാണ് ഉണ്ടായത്.
by Midhun HP News | Oct 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: സര്‍വകലാശാല വിസിമാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം നിലനില്‍ക്കെ, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് ഡോ. ഗോപിനാഥ്. ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിസി നിയമനവുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയിലുണ്ട്. കേസ് നടക്കുമ്പോള്‍ ഇത്തരമൊരു നടപടിയിലേക്ക് പോകാമോയെന്ന് അറിയില്ല. ടെര്‍മിനേഷന്‍ ഓര്‍ഡര്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മറ്റു വിസിമാരുടെ തീരുമാനം എന്താണെന്ന് അറിയില്ല. ഇത് തന്റെ തീരുമാനമാണ്. ഇത് രാജ്യത്തെ അസാധാരണ നടപടിയാണെന്നും കണ്ണൂര്‍ വിസി പറഞ്ഞു. നാളെ രാവിലെ പതിനൊന്നരയ്ക്ക് മുന്‍പായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. നാളെത്തന്നെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല,കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു.
എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലര്‍ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015 ലെ എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സേര്‍ച് കമ്മിറ്റി ചാന്‍സലര്‍ക്കു നല്‍കേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നല്‍കിയതെന്ന് കോടതി കണ്ടെത്തി. സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Recent Comments