മുടപുരത്തെ വീട്ടുവളപ്പിൽ അജ്ഞാത മൃതദേഹം: മരണപ്പെട്ടത് കുറക്കട സ്വദേശി

മുടപുരത്തെ വീട്ടുവളപ്പിൽ അജ്ഞാത മൃതദേഹം: മരണപ്പെട്ടത് കുറക്കട സ്വദേശി

ചിറയിൻകീഴ് മുടപുരത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിറയിൻകീഴ് കുറക്കട സ്വദേശി അമരഭദ്രൻ (42) ന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.



ചിറയിൻകീഴ് മുടപുരം ആയുർവേദ ജംഗ്ഷനിൽ സേവിനി നിവാസിൽ വിജയകുമാറിന്റെ വീട്ടിലെ മതിൽ കെട്ടിനുള്ളിലാണ് ഇന്ന് രാവിലെയോടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്ന്വഷണത്തിൽ വീടിന് സമീപത്തു നിന്ന് തന്നെ അമരഭദ്രന്റെ ബൈക്കും കണ്ടെത്തിയിരുന്നു.

മഴ മുന്നറിയിപ്പില്‍ മാറ്റം; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ ഒക്ടോബര്‍ 21 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ / ഇടി മിന്നലിനും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പ്രശസ്ത കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു

പ്രശസ്ത കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു

പ്രശസ്ത കലാസംവിധായകനും – പരസ്യ കലാകാരനുമായ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 30ലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. നിരവധി സിനിമകളുടെ പോസ്റ്ററുകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിർമാതാവു കൂടിയാണ് കിത്തോ. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് ചിത്രകൗമുദി എന്ന സിനിമാ മാസികയിൽ എഴുതിയിരുന്ന നീണ്ട കഥകൾക്ക് ചിത്രം വരച്ച് കൊടുത്തു കൊണ്ടായിരുന്നു തുടക്കം. കിത്തോയുടെ വരകൾ ശ്രദ്ധേയമായതിനേത്തുടർന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങൾ സ്ഥിരമായിത്തുടങ്ങി. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെൻഡ് സെറ്ററുകളായി. കലാസംവിധാനത്തിനൊപ്പം പരസ്യകലയിലും സജീവമായിരുന്നു.

പിൽക്കാലത്ത് സിനിമാ മേഖലയിൽ നിന്ന് പതുക്കെ അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്ട്രേഷനുകളിലേക്കും തിരിഞ്ഞു. കൊച്ചിയിൽ പ്രവർത്തിക്കുന്ന “കിത്തോസ് ആർട്ട് ” എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. ഇളയമകൻ കമൽ കിത്തോയ്ക്കൊപ്പമാണ് ഇത് നടത്തിയിരുന്നത്.

ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍

ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി: ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച 35കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ഇടവേളയില്‍ രാത്രി എട്ടരയോടെയാണ് കോട്ടയം സ്വദേശിയായ കഞ്ഞിക്കുഴി അരുണ്‍ എം തോമസ് പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയത്.

ഉദ്യോഗസ്ഥ ഇത് ചോദ്യം ചെയ്തപ്പോള്‍ അരുണ്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാരിയുടെ കൈ വളച്ചൊടിക്കുകയും ചെയ്തു. എന്നാല്‍ ഇത് കണ്ട മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന്‍ അരുണിനെ പിടികൂടുകയും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പാലാരിവട്ടം പൊലീസ് കേസ് എടുത്തു.

സാധാരണരീതിയില്‍ കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തുന്ന ആരാധകര്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാറില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. സ്ത്രീകള്‍ക്ക് യാതൊരു ഭയവുമില്ലാതെ ഫുട്‌ബോള്‍ മത്സരം കാണാന്‍ വരാമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഐഎസ്എല്‍ ഡ്യൂട്ടിയുടെ ഭാഗമായി കൂടുതല്‍ സമയം ഡ്യൂട്ടി ചെയ്യേണ്ടവരുന്നതില്‍ പൊലീസുകാര്‍ക്കിടയിലും അസംതൃപ്തിയുണ്ട്. 12 മണിക്കൂര്‍ നേരം ജോലി ചെയ്യേണ്ടിവരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

തിരുവനന്തപുരം ജില്ലാ സബ് കളക്ടറായി ഡോ.അശ്വതി ശ്രീനിവാസ് ചുമതലയേറ്റു

തിരുവനന്തപുരം ജില്ലാ സബ് കളക്ടറായി ഡോ.അശ്വതി ശ്രീനിവാസ് ചുമതലയേറ്റു

തിരുവനന്തപുരം ജില്ലാ സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു.
കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ എം.എസ് മാധവിക്കുട്ടിയാണ് നിയുക്ത സബ് കളക്ടർക്ക് ചുമതല കൈമാറിയത്.

മുൻപ് ഡൽഹിയിൽ നീതി ആയോഗിൽ അസിസ്റ്റന്റ് സെക്രെട്ടറിയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ പുതിയ സബ് കളക്ടർ 2020 ലാണ് സിവിൽ സർവീസിൽ പ്രവേശിക്കുന്നത്.

ബാലണ്‍ ഡി ഓർ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

ബാലണ്‍ ഡി ഓർ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലണ്‍ ഡി ഓർ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയ്ക്ക്. ബാലണ്‍ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, എര്‍ലിങ് ഹാളണ്ട്, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി എന്നിവരെ പിന്തള്ളിയാണ് ബെന്‍സേമ പുരസ്‌കാരം സ്വന്തമാക്കിയത്.

ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്ന മികച്ച ഫുട്ബോള്‍താരത്തിനുള്ള പുരസ്‌കാരം ഇതാദ്യമായാണ് ബെന്‍സേമയെ തേടിയെത്തുന്നത്. മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസലോണ താരം ഗാവിക്കാണ്. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സെനഗൽ താരം സാദിയോ മാനെ കരസ്ഥമാക്കി. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം ബാർസലോണ താരം റോബർട്ട് ലെവൻഡോവ്സ്കിയും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം റയൽ മഡ്രിഡിന്റെ തിബോ കോർട്ടോയും സ്വന്തമാക്കി.

മാഞ്ചസ്റ്റർ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയർ പുരസ്കാരം. റയലിനെ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനുള്ള അം​ഗീകാരം കൂടിയാണ് ബെൻസേമയ്ക്ക് ലഭിച്ച ബാലണ്‍ ഡി ഓർ പുരസ്‌കാരം. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളുമാണ് ബെൻസേമ നേടിയത്.