സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥിയ്ക്  ദാരുണാന്ത്യം

സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥിയ്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി, ഒമ്പതാം ക്ലാസുകാൻ മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്ത് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങൾ കുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസില്‍ ഉരസുകയും ചെയ്തു. ബസുകൾക്കിടയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാഴൂർ സ്വദേശി ബാവയുടെ മകനാണ് ബാഹിഷ്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കളിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അപകടത്തെക്കുറിച്ച് സ്കൂള്‍ അധികൃതർ പൊലീസിനെയുൾപ്പെടെ അറിയിക്കാൻ ഏറെ വൈകിയെന്നാണ് പരാതി. അപകടമുണ്ടായക്കിയ കെ എൽ 57 ഇ 9592 എന്ന സ്കൂൾ ബസിന് സർവ്വീസ് നടത്താൻ പെർമിറ്റില്ലെന്നും ആരോപണമുണ്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ, ഓഗസ്റ്റ് മാസത്തോടെ പെർമിറ്റ് കാലാവധി തീർന്നതായാണ് കാണുന്നത്.

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി മഴ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ – വഞ്ചുവത്ത് രാവിലെ നാല് മണിയോടെ മൺതിട്ട ഇടിഞ്ഞ് റോഡിൽ വീണു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ​ഗതാഗതം പുനസ്ഥാപിച്ചത്.  

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

എൽദോസിനെതിരെ വധശ്രമത്തിനും കൂടി കേസ്

എൽദോസിനെതിരെ വധശ്രമത്തിനും കൂടി കേസ്

തിരുവനന്തപുരം : ബലാത്സംഗക്കേസിന് പുറമേ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകൾ കൂടി ചുമത്തി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

അതേസമയം യുവതി നൽകിയ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുത്തേയ്ക്കും. വീട്ടിൽ വച്ചും എൽദോസ് പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. 

നീണ്ടകരയിൽ ടഗ് ബോട്ട് കടൽഭിത്തിയിൽ ഇടിച്ചുകയറി; ജീവനക്കാരെ രക്ഷപ്പെടുത്തി

നീണ്ടകരയിൽ ടഗ് ബോട്ട് കടൽഭിത്തിയിൽ ഇടിച്ചുകയറി; ജീവനക്കാരെ രക്ഷപ്പെടുത്തി

കൊല്ലം: നീണ്ടകരയിൽ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടൽഭിത്തിയിൽ ഇടിച്ചു കയറി. ടഗ് ബോട്ടിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. മുംബൈയിൽ നിന്നുള്ള സാവിത്രി എന്ന ടഗ്ഗാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെയാണ് അപകടം. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാനായാണ് ടഗ് ബോട്ട് എത്തിയത് . പ്രൊപ്പല്ലർ തകരാറിലായതോടെയാണ് ബോട്ടിന്‍റെ നിയന്ത്രണം വിട്ടതെന്ന് തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു.

ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കോട്ടയം സ്വദേശിയാണ്. വൈക്കം ഇണ്ടന്‍തുരുത്ത് മനയിലെ അംഗമാണ്. മാളികപ്പുറത്ത് നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള പൗര്‍ണ്ണമി ജി വര്‍മ്മയാണ് നറുക്കെടുത്തത്.

8 പേരാണ് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കെ. ജയരാമന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിക്കായും അപേക്ഷിച്ചിരുന്നു. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്, ജയരാമന്‍ നമ്പൂതിരിയെ ഒഴിവാക്കിയാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റെടുക്കും.

കെ. ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. നിലവില്‍ ജയരാമന്‍ നമ്പൂതിരി കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൃതികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.